കോഴിക്കോട്: സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നൽകാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ ‘സിതാര’യിൽ എത്തി മുഖ്യമന്ത്രി പിണറായി വിജയൻ എംടിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻറെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. പുലർച്ചെ 5മണിയോടെ നടൻ മോഹൻലാൽ പ്രിയപ്പെട്ട ഇതിഹാസത്തെ യാത്രയാക്കാനെത്തി. സിനിമയിലും എഴുത്തിൻറെ വീരഗാഥ തീർത്ത പ്രിയപ്പെട്ട സുഹൃത്തിനെ കാണാനെത്തിയ സംവിധായകൻ ഹരിഹരൻറെ കണ്ണ് നിറഞ്ഞിരുന്നു.
സാഹിത്യ തറവാട്ടിലെ കാരണവർക്ക് ഓർമ പൂക്കളർപ്പിക്കാൻ ആലങ്കോട് ലീലാ കൃഷ്ണനുൾപ്പെടെയുളള സമകാലികരും പുതുതലമുറ എഴുത്തുകാരുമെത്തി. കഥയുടേയും കഥാപാത്രത്തിൻറേയും സൃഷ്ടാവിനു മുന്നിൽ കുട്ട്യേടത്തി വിലാസിനി കണ്ണീരോടെയാണ് പ്രണാമം അർപ്പിച്ചത്. കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ് എംടിയുടെ വിയോഗത്തിലുടെ സംഭവിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. എപ്പോഴും അദ്ദേഹത്തെ കാണുമ്പോൾ കൂടല്ലൂരിലെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. കോടിക്കണക്കിന് മനുഷ്യർക്ക് നാഥനില്ലാതായെന്ന് എഴുത്തുക്കാരൻ ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു. മലയാളഭാഷയെ ലോകോത്തര ഭാഷയാക്കാൻ യത്നിച്ചു. ഒറ്റക്ക് പോരാടിയ മനുഷ്യനാണ് എംടി. ഭാഷ മരിച്ചാലും നിലനിൽക്കുന്ന അമരനാണ് എം ടിയെന്നും ആലങ്കോട് ലീലാകൃഷ്ണൻ അനുസ്മരിച്ചു.
എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ അതിനുള്ള പ്രചോദനം എംടിയാണെന്ന് പിഎസ് ശ്രീധരൻ പിള്ള അനുസ്മരിച്ചു. വിശ്വസാഹിത്യത്തെ നെഞ്ചിലേറ്റിയ, സ്വാംശീകരിച്ച മലയാളത്തിലെ എഴുത്തുകാരനാണ് അദ്ദേഹം. മൗനത്തിന് വ്യാഖ്യാനം നൽകാൻ ശ്രമിച്ചാൽ അതിനുള്ള വ്യക്തിത്വമാണ് എംടി. ഒരു പുരുഷായുസ്സ് മുഴുവൻ പൂർണ്ണമാക്കി കൊണ്ടാണ് എം ടി കടന്നുപോകുന്നത്. എംടി ഇല്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് വൈശാലിയിലെ നായിക സുപർണ്ണ ആനന്ദ് പറഞ്ഞു. ചെറിയ കാലമേ എം ടിക്കൊപ്പം പ്രവർത്തിക്കാനായുള്ളു.പകർന്നു തന്ന പാഠങ്ങൾ വിലമതിക്കാനാവാത്തതെന്നും സുപർണ്ണ വ്യക്തമാക്കി. നഷ്ടപ്പെട്ടത് മഹാനായ കഥാകാരനെ ആണെന്ന് പ്രകാശ് കാരാട്ട് അനുസ്മരിച്ചു. മഹത്തായ സംഭാവനകൾ മലയാളത്തിന് നൽകി. ഇന്ത്യൻ സാഹിത്യത്തിൽ ഏറ്റവും പ്രഗൽഭനായ സാഹിത്യകാരനാണ് എംടിയെന്നും അദ്ദേഹം പറഞ്ഞു.
എംടിയുടെ നിര്യാണം നികത്താവാത്ത ശൂന്യതയാണ് സാഹിത്യത്തിലും സിനിമയിലും ഉണ്ടാക്കുകയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പറഞ്ഞു. ലോകത്തെ ശൂന്യമാക്കിയാണ് എംടി കടന്നു പോകുന്നതെന്ന് അബ്ദുസമദ് സമദാനി എംപി അനുസ്മരിച്ചു. മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നിർലോഭ സംഭാവനകൾ നൽകിയ മഹാ പ്രതിഭയായിരുന്നു എം ടിയെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് അനുസ്മരിച്ചു. ക്രിസ്മസ് രാത്രിയിൽ ആണ് എം ടി മരിച്ചതെന്നും നക്ഷത്രം ആയിരുന്നു അദ്ദേഹമെന്നും ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. സഹോദര തുല്യനാണ് എംടി വാസുദേവൻ നായരെന്ന് കാനായി കുഞ്ഞിരാമൻ അനുസ്മരിച്ചു. കേരളത്തിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു. എംടിയുമായി 1950 മുതലുള്ള പരിചയമാണെന്നും സമ്മിശ്രമായ ധാരാളം അനുഭവങ്ങളുണ്ടെന്നും സാഹിത്യക്കാരൻ ടി പത്മനാഭൻ അനുസ്മരിച്ചു.
സമൂഹത്തിൻറെ നാനാതുറകളിൽ നിന്നുളളവർ എംടിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ സിതാരയിലേക്ക് ഒഴുകിയെത്തുകയാണ്. രാത്രി പന്ത്രണ്ടുമണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നത്. വീടിന് പുറത്തെ പൊതുദർശനവും മോർച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അതേപടി അനുസരിച്ചു. രാത്രിയിലെ ഇരുട്ടിലും എംടിയുടെ ആത്മാവ് തനിച്ചായിരുന്നില്ല. നന്ദി ചെല്ലാൻ നഗരം രാത്രിയും സിതാരയിലെത്തി. വീട്ടിലെ പൊതുദർശനത്തിനുശേഷം മാവൂർ റോഡ് ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കും. ഇവിടെ വെച്ചായിരിക്കും ഔദ്യോഗിക ബഹുമതികൾ നൽകുക.





