തൊടുപുഴ: തണുത്ത ശീതീകരിച്ച വിസ്തൃതമായ ഹാളില്‍ രക്തമുറയുന്ന ഭയം, പറന്നിറങ്ങുന്ന വിമാനം മുതല്‍ കൊടുംകാടും കൊട്ടാരങ്ങളും വരെ നിമിഷങ്ങള്‍ക്കൊണ്ട് മാറി മറിയുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച വിസ്മയം, കാതടപ്പിക്കും ശബ്ദം….എന്ന് തുടങ്ങി അവതരണത്തിലൂടെ വേറിട്ട ദൃശ്യാനുഭവമാണ് കാണികള്‍ക്ക് മുന്നില്‍ ഏരീസ് കലാനിലയത്തിന്റെ രക്തരക്ഷസ് നാടകത്തിലൂടെ ലഭിക്കുക. എയര്‍കണ്ടീഷന്‍ ചെയ്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സിനിമയോട് തുല്യമായ സാങ്കേതിക മികവോടുകൂടിയാണ് നാടകത്തിന്റെ അവതരണം. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനമാണ് നാടകത്തിന്റെ പ്രദര്‍ശനത്തിന് ഉപയോഗിക്കുന്നത്. വെങ്ങല്ലൂര്‍ – കോലാനി ബൈപാസില്‍ സെന്റ് മേരീസ് യാക്കോബായ പള്ളിക്ക് സമീപം പുളിമൂട്ടില്‍ ഗ്രൗണ്ടിലാണ് നൂറ്റിയമ്പതോളം കലാകാരന്‍മാര്‍ അണി നിരക്കുന്ന ‘രക്തരക്ഷസി’ന്റെ പ്രദര്‍ശനം. ദിവസവും വൈകിട്ട് 6നും 9നുമായി 2 പ്രദര്‍ശനങ്ങള്‍. 700, 400, 200 എന്നീ നിരക്കുകളില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. 600 പേര്‍ക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാളിലാണ് അവതരണം. സിനിമാറ്റിക് അനുഭവം ലഭ്യമാക്കാന്‍ അറുപതോളം സെറ്റുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 10,000 ചതുരശ്രയടി വിസ്തീര്‍ണത്തിലാണു നാടകത്തിന്റെ സ്റ്റേജ് ഉള്‍പ്പെടെയുള്ള ഹാള്‍ നിര്‍മാണം. കാര്‍ ഉള്‍പ്പെടെയുള്ളവ സ്റ്റേജിലെത്തുന്ന രംഗങ്ങള്‍ നാടകത്തിലുണ്ട്. അന്താരാഷ്ട്ര വ്യവസായിയായ സോഹന്‍ റോയിയുടെ ഏരീസ് കമ്പനിയുമായി സഹകരിച്ച് ‘ഏരീസ് കലാനിലയം ആര്‍ട്സ് ആന്‍ഡ് തീയേറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ കോര്‍പ്പറേറ്റ് കമ്പനിയായാണ് കലാനിലയം വീണ്ടുമെത്തിയിരിക്കുന്നത്. കലാനിലയം അനന്ത പദ്മനാഭന്‍ മാനേജിങ് ഡയറക്ടറും ക്രീയേറ്റീവ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്നു.
പ്രൊഫഷണല്‍ നാടകത്തില്‍ നിന്ന് സ്ഥിരം നാടകവേദിയിലേക്ക്
കലാനിലയം കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ 1950 കാലഘട്ടത്തില്‍ അടച്ചിട്ട ഹാളുകളിലും മറ്റുമായിട്ടായിരുന്നു കലാനിലയം നാടകങ്ങളുടെ ആദ്യ പ്രദര്‍ശനങ്ങള്‍. പുരാണ കഥകളായിരുന്നു അധികവും. താജ്മഹല്‍, ഇളയിടത്ത് റാണി, നൂര്‍ജഹാന്‍, രാജാ ബിംബിസാര, കായംകുളം കൊച്ചുണ്ണി തുടങ്ങിയവയായിരുന്നു അക്കാലത്തവതരിപ്പിച്ചിരുന്ന നാടകങ്ങള്‍. 1963ലാണ് സ്ഥിരം നാടക വേദി എന്ന ആശയം കൃഷ്ണന്‍ നായര്‍ മുന്നോട്ട് വയ്ക്കുന്നത്. 150 ലധികം കലാകാരന്‍മാര്‍ ഒരിടത്ത് താമസിച്ച് സ്ഥിരം വേദിയില്‍ നാടകം അവതരിപ്പിക്കുക എന്നത് അക്കാലത്ത് വലിയ അത്ഭുതമായിരുന്നു. കേരളത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവകാരി എന്ന ടാഗ് ലൈനോടെയായിരുന്നു അക്കാലത്ത് നാടക പ്രദര്‍ശനം. കടമറ്റത്ത് കത്തനാര്‍, അലാവുദ്ദീനും അത്ഭുത വിളക്കും, ഗുരുവായുരപ്പന്‍, നാരദന്‍ കേരളത്തില്‍ തുടങ്ങിയവയൊക്കെ സ്ഥിരം വേദികളിലെ നാടകങ്ങളായിരുന്നു. നാരദന്‍ കേരളത്തില്‍ എന്ന നാടകം എറണാകുളത്ത് തുടര്‍ച്ചയായി 150 ദിവസം കളിച്ചിരുന്നു.
കലാനിലയത്തിന്റെ സ്വന്തം രക്തരക്ഷസ്
കൃഷ്ണന്‍ നായരുടെ ദീര്‍ഘ വീക്ഷണമാണ് കലാ നിലയത്തിന്റെ സ്വന്തം രക്ത രക്ഷസ് നാടകത്തിന് പിന്നില്‍. 1973ല്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് ആദ്യമായി രക്ത രക്ഷസ് അവതരിപ്പിച്ചത്. 1980 ല്‍ കൃഷ്ണന്‍ നായരുടെ മരണ ശേഷം മകന്‍ അനന്തപത്മനാഭനായി കലാനിലയത്തിന്റെ ചുമതല. തുടര്‍ന്ന് നടന്‍ ജഗതി ശ്രീകുമാറുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. മൂന്നാമത്തെ തലമുറയെ ലക്ഷ്യമിട്ട് കാലാനുസൃതമായ മാറ്റങ്ങളോടെ 2003ല്‍ രക്ത രക്ഷസ് വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനിച്ചു. സിനിമയും സീരിയലുമൊക്കെ കളം നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും പ്രദര്‍ശനങ്ങള്‍ വന്‍ വിജമായിയെന്നതാണ് ചരിത്രമെന്ന് അനന്തപദ്മനാഭന്‍ ഓര്‍മ്മിക്കുന്നു. അപകടത്തോടെ ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്ത് നിന്ന് വിട്ടതും മറ്റ് പല കാരണങ്ങളാലും വര്‍ഷങ്ങള്‍ക്ക്് ശഷം സ്ഥിരം നാടകങ്ങളുടെ പ്രദര്‍ശനത്തില്‍ കുറവ് വന്നു. 2020ല്‍ കോവിഡ് കൂടി വന്നതോടെ ഒരു രീതിയിലും മുന്നോട്ട് കൊണ്ടുപോകാനാവാത്ത സ്ഥിതിയായി.
ഏരീസ് കലാനിലയം രൂപീകരണം
നാടകം രംഗത്തെത്തിക്കാന്‍ പുതുമാര്‍ഗം തേടുന്നതിന്റെ ഭാഗമായി 2022ല്‍ നാടക കമ്പനി രജിസ്റ്റര്‍ ചെയ്തു. 2023ല്‍ ഏരീസ് ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. കാലഘട്ടം മാറിയപ്പോള്‍ പുതു തലമുറയുടെ അഭിരുചിക്കനുസരിച്ച് മാറ്റം മുന്നില്‍ കണ്ടായിരുന്നു ഏരീസ് ഗ്രൂപ്പ് ചെയര്‍മാന്‍ സോഹന്‍ റോയിയുമൊത്തുള്ള ചടുല നീക്കം. കോര്‍പ്പറേറ്റ് കമ്പനിയാക്കി അടിമുടി ഹൈടെക് സാങ്കേതിക സംവീധാനങ്ങളുടെ സഹായത്തോടെയായിരുന്നു മാറ്റങ്ങള്‍ നടപ്പാക്കിയത്. ചെറുപ്പം മുതല്‍ നാടകങ്ങളെ കണ്ടറിഞ്ഞ അനുഭവമുള്ളതിനാല്‍ സോഹന്‍ റോയിയിലൂടെ ഇവ യാതാര്‍ത്ഥ്യമാക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. രക്തരക്ഷസ് കാണുന്ന ഓരോരുത്തര്‍ക്കും ഈ മാറ്റം അനുഭവപ്പെടുമെന്നതാണ് കാണികളില്‍ നിന്നുണ്ടാകുന്ന പ്രതികരണം. നാലാമത്തെ തലമുറയാണ് രക്തരക്ഷസ് കാണുന്നത്. കാണികളുടെ അനുഭവ കഥ കേള്‍ക്കുന്നത് തന്നെ മാറ്റത്തിനുള്ള പ്രേരണയാണെന്ന് അനന്തപദ്മനാഭന്‍ പറയുന്നു. രക്തരക്ഷസ്സ് ചാപ്റ്റര്‍ ഒന്ന്, രണ്ട് എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് അവതരണം. നിലവില്‍ ആദ്യഭാഗമാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒരു വേദിയില്‍ 25 മുതല്‍ 30 ദിവസം വരെ അവതരിപ്പിക്കും. അടുത്ത വര്‍ഷമാണു രണ്ടാം ഭാഗം പുറത്തിറങ്ങുക. മൂലകഥയ്ക്കു മാത്രം മാറ്റമില്ല.
രക്തരക്ഷസായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
സാങ്കേതിക വിദ്യയ്ക്ക് പുറമേ അഭിനേതാക്കളിലും അവരുടെ നിലവാരത്തിലും വരെ മാറ്റം കൈവന്നിട്ടുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലും ഭൂരിഭാഗവും. ജോലി സ്ഥിരത നല്‍കുന്നതോടൊപ്പം എല്ലാ ആനുകൂല്യങ്ങളോടെയുള്ള മികച്ച ശമ്പളവും കലാകാരന്‍മാര്‍ക്ക് ഉറപ്പാക്കുന്നുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അനുഭവമാണ് സ്റ്റാഫുകള്‍ക്ക്. പ്രൊഫഷനും പാഷനും ഒരുമിച്ച് കൊണ്ടുപോകാനുള്ള അവസരമാണ് ഏരീസ് കലാനിലയം ഒരുക്കുന്നത്. രക്തരക്ഷസായി അഭിനയിക്കുന്ന പാലക്കാട് സ്വദേശിനി ജാന്‍കി വിനോദ് ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. ഇതുപോലെ മികച്ച വിദ്യാഭ്യാസവും അതിനനുസരിച്ചുള്ള ജോലിയും ചെയ്യുന്നവരാണ് മറ്റ് പലരും. പകല്‍ സമയം അവരവരുടെ സ്വന്തം ജോലി ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പെടെയുള്ള താമസ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ തന്നെ സ്റ്റേജിലേക്കെത്തുന്നതിനും തിരികെ താമസ സ്ഥലത്തേക്ക് എത്തിക്കുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാതാപിതാക്കള്‍ കൈമാറിയ ആത്മവിശ്വാസം
പിതാവ് കലാനിലയം കൃഷ്ണന്‍ നായരും മാതാവും അഭിനേത്രിയുമായ കൊടുങ്ങല്ലൂര്‍ അമ്മിണിയമ്മയും കൈമാറിത്തന്ന ആത്മവിശ്വാസമാണ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും കലാനിലയത്തിന്റെ തുടര്‍ച്ചക്ക് പിന്നിലെന്ന് അനന്തപദ്മനാഭന്‍ പറയുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും രസിപ്പിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ കഥയും ആശയങ്ങളുമാണ് നാടകത്തില്‍ അവതരിപ്പിക്കുക. നാടകത്തിലെ പരീക്ഷണം തലമുറ മാറിയാലും തുടരും. അതുകൊണ്ട് തന്നെയാണ് കാലത്തിനും മീതെ രക്തരക്ഷസ് പോലുള്ള നാടകങ്ങളുടെ വിജയകരമായ പ്രദര്‍ശനത്തിന് പിന്നിലെന്നും അദ്ദേഹം സൂചിപ്പിച്ചു





