മൂന്നാർ മൂന്നാർ പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ജീപ്പ് ഡ്രൈവറെ ചാടി ചവിട്ടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസിനെതിരെ ജനകീയ പ്രതിഷേധം ശക്തം. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് പള്ളിവാസന് സമീപം രണ്ടാം മൈലിൽ കൊല്ലം തഴവ പഞ്ചായത്തിൽ നിന്നും എത്തിയ യുവാക്കളുടെ വിനോദസഞ്ചാര സംഘവും നാട്ടുകാരായ ജീപ്പ് ഡ്രൈവർമാരുമായി സംഘർഷം ഉണ്ടായത്. മൂന്നാർ സന്ദർശനത്തിനുശേഷം തിരികെ നാട്ടിലേക്ക് പോകുന്ന വഴി യുവാക്കൾ രണ്ടാം മൈലിൽ ഇറങ്ങുകയും ഇവിടെ നിർത്തിയിട്ടിരുന്ന ട്രക്കിംഗ് ജീപ്പിന്റെ മുകളിൽ കയറി ഇരുന്ന് ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ജീപ്പിന്റെ ഡ്രൈവർ അഖിൽ ഇത് പറ്റില്ലെന്നും വാഹനത്തിന് മുകളിൽ നിന്നും ഇറങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് യുവാക്കൾ ജീപ്പ് ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചത്. ഇത് പിന്നീട് ഇരു ചേരിയിലെ ആളുകളും ചേർന്ന് വലിയ സംഘർഷമായി. ഇതിനിടെയാണ് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ മൂന്നാർ എസ്എച്ച്ഒ വിനോദ് കുമാർ ജീപ്പ് ഡ്രൈവറിൽ ഒരാളായ ഷിയാസിനെ ചാടി ചവിട്ടി വീഴ്ത്തി. ഇതോടൊപ്പം എത്തിയ എസ് ഐ അനിൽകുമാറും ലാത്തി ഉപയോഗിച്ച് നാട്ടുകാരെ കാര്യമായി തന്നെ മർദ്ധിച്ചു. അതേസമയം പ്രശ്നങ്ങൾ സൃഷ്ടിച്ച യുവാക്കളെ ഒന്നും ചെയ്യാതെ നാട്ടുകാരെ തിരഞ്ഞുപിടിച്ചു മർദ്ദിക്കുകയും പിടി കൂടുകയും ചെയ്ത ഏകപക്ഷമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് ആരോപിച്ച് ജനകീയ പ്രതിഷേധങ്ങൾ ഇതിനോടകം രൂപപ്പെട്ടു കഴിഞ്ഞു. സംഘർഷം ഉണ്ടാക്കിയ യുവാക്കളുടെ നാട്ടുകാരൻ കൂടിയാണ് മൂന്നാർ സിഐ ബിനോദ് കുമാർ. സിഐയുടെ ബന്ധുവായ തഴവ സ്വദേശിയായ യുവാവിനും ആക്രമണത്തിൽ മുഖത്ത് പരിക്കേറ്റിരുന്നു. ഇതുമൂലം ആണ് വെള്ളത്തൂവൽ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ മൂന്നാർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെ കൂട്ടിയെത്തി സിഐ അക്രമം സൃഷ്ടിച്ചത് എന്നാണ് ആരോപണം.

എന്നാൽ ദൃശ്യങ്ങൾ എഡിറ്റ്‌ ചെയ്ത് പ്രചരിപ്പിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഘർഷത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രകോപനമുണ്ടാക്കിയ വിനോദസഞ്ചാരികൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. അടിയന്തരമായി യുവാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യുകയും അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here