
മൂന്നാർ : പള്ളിവാസൽ രണ്ടാം മൈലിൽ ട്രക്കിംഗ് ജീപ്പ് ഡ്രൈവർമാർക്കും നാട്ടുകാർക്കും നേരെ വിനോദസഞ്ചാരികളായ യുവാക്കളുടെ ആക്രമണം.
കൊല്ലം തഴവ സ്വദേശികളായ 26 അംഗ യുവാക്കളാണ് മൂന്നാർ സന്ദർശനത്തിന് എത്തിയത്. ഇവർ തിരികെ പോകുംവഴി പള്ളിവാസിൽ രണ്ടാം മൈലിന് സമീപം ഇറങ്ങി. ഇവിടെ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ബോണറ്റിൽ കയറിനിന്ന് ചിത്രങ്ങൾ എടുക്കുകയായിരുന്നു. ജീപ്പ് ഡ്രൈവർ യുവാക്കളോട് ജീപ്പിനു മുകളിൽ നിന്നും താഴെയിറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇത് തുടർന്നുണ്ടായ പ്രകോപനമാണ് യുവാക്കൾ അക്രമത്തിലേക്ക് എത്തിച്ചത്. ജീപ്പ് ഡ്രൈവറെ സംഘം ചേർന്ന് മാരകമായി മർദ്ദിച്ചു. തുടർന്ന് ഓടിയെത്തിയ നാട്ടുകാരെയും സംഘം മർദ്ധിച്ചു. സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും ആളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റവർ അടിമാലിയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി.
അതേസമയം കൊല്ലം തഴവ പഞ്ചായത്തിലെ ഒരു അംഗത്തിന്റെ ജയം ആഘോഷിക്കുന്നതിനായാണ് സംഘം മൂന്നാറിൽ എത്തിയതെന്നും ബസ്സിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകളും മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നു എന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത് എന്നുമാണ് നാട്ടുകാർ പറയുന്നത്. സമൂഹത്തിൽ വെള്ളത്തൂവൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.


