
ഊന്നുകൽ : കോതമംഗലം- മൂന്നാർ റോഡിലെ ഊന്നുകൽ തലക്കോടിന് സമീപം ടൂറിസ്റ്റ് ബസിന് തീപിടിച്ചു. രാജാക്കാട് നിന്ന് എറണാകുളത്ത് വിവാഹ ആവശ്യത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് സംഭവം. ബസിനുള്ളിൽ മുൻഭാഗത്തു നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് വാഹനം നിറുത്തുകയായിരുന്നു. യാത്രക്കാരെല്ലാം പുറത്തിറങ്ങിയ ഉടൻ ബസിൽ തീ പടർന്നു പിടിച്ചു. തീ ആളിപടർന്നതിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. മറ്റ് വാഹനങ്ങളിലെത്തിയവരും പ്രദേശവാസികളും ഓടിക്കൂടി. വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂർണമായും കത്തി നശിച്ചിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.




