കരിങ്കുന്നം: തൊടുപുഴ – പാലാ സംസ്ഥാന പാതയിലെ അപകടക്കെണിയായ നെല്ലാപ്പാറ വളവിൽ അധികൃതരുടെ അവഗണനയ്‌ക്കെതിരെ ജനരോഷം ഇരമ്പി. തുടർച്ചയായുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സംസ്ഥാന പാത ഉപരോധിച്ചു. ഇന്നലെ ലോറിയും കാറും നിയന്ത്രണം വിട്ട് വളവിൽ നിന്നും താഴേക്ക് മറിഞ്ഞതാണ് നാട്ടുകാരുടെ പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായത്.​കോട്ടയം ജില്ലാ അതിർത്തിയിലെ അപകട സാഹചര്യം ഒഴിവാക്കാൻ മീനച്ചിൽ താലൂക്ക് അധികൃതർ 12 സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് വികസന സമിതി യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഇടുക്കി ജില്ലയുടെ ഭാഗമായ നെല്ലാപ്പാറയിൽ പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തി.​​

വളവിലെ അപകടസാധ്യത ഒഴിവാക്കാൻ ശാസ്ത്രീയമായ റോഡ് നിർമ്മാണം നടത്തുക.​സംരക്ഷണ ഭിത്തികളും മുന്നറിയിപ്പ് ബോർഡുകളും അടിയന്തരമായി സ്ഥാപിക്കുക. ​വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നെല്ലാപ്പാറ വളവിൻ്റെ കാര്യത്തിൽ വ്യക്തമായ നിലപാട് അറിയിക്കണം. എന്നിവയായിരുന്നു നാട്ടുകാരുടെ പ്രധാന ആവശ്യം.​​ഉപരോധത്തെത്തുടർന്ന് പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. വിവരമറിഞ്ഞ് കരിങ്കുന്നം പോലീസ് സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു.​കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ പത്തിലധികം അപകടങ്ങളാണ് ഈ വളവിൽ സംഭവിച്ചത്. ഇന്നലെ മാത്രം ഒരു ലോറിയും കാറും മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

മഞ്ഞും മഴയുമുള്ള സമയങ്ങളിൽ റോഡിലെ അശാസ്ത്രീയമായ ചരിവ് വലിയ വാഹനങ്ങളെപ്പോലും അപകടത്തിൽപ്പെടുത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here