ആലപ്പുഴ: പിറന്ന നാടിന്റെ കണ്ണീർ പൂക്കൾ ഏറ്റുവാങ്ങി വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പുന്നപ്രയിലെ ‘വേലിക്കകത്ത്‘ വീട്ടിലെത്തിച്ചു. ജനസാഗരത്തിന് നടുവിലൂടെ 22 മണിക്കൂര്‍ നേരമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെ വീട്ടിലേക്ക് വിലാപയാത്ര എത്തിയത്. വിഎസിനെ അവസാനമായി ഒരുനോക്ക് കാണാൻ പുന്നപ്രയിലെ വീട്ടിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേര്‍ രാവിലെ മുതല്‍ വീട്ടിലെത്തി കാത്തുനില്‍ക്കുകയാണ്.

എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്. പേമാരിയേയും സമയത്തെയും അവഗണിച്ച് ആയിരങ്ങളാണ് പ്രിയ നേതാവിനെ കാണാൻ വഴിയരികിൽ ഒഴുകിയെത്തിയത്. വിഎസിന്‍റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മണിയോടെ പുന്നപ്രയിലെ വീട്ടിലേക്ക് എത്തുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് പ്രിയസഖാവിനെ ഒരുനോക്കുകാണാനായി വഴിനീളെ കാത്തുനിന്നത്. പിന്നിട്ട സമരവഴികളിലെ വി എസിന്‍റെ അവസാന യാത്രയിൽ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രമാണ് രേഖപ്പെടുത്തിയത്.

വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനമുണ്ടാവും. സമയക്രമം വൈകിയതിനെ തുടര്‍ന്ന് ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രമുഖ നേതാക്കൾ ഡിസിയിലെത്തിയിട്ടുണ്ട്. അതേസമയം, സംസ്കാര സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here