തൊടുപുഴ: സ്വന്തം മകളെ അഞ്ച് വയസ് മുതല്‍ എട്ട് വയസുവരെയുള്ള കാലഘട്ടത്തില്‍ നിരന്തര ലൈംഗീക പീഡനത്തിരയാക്കിയ കേസില്‍ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചു. ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവാണ് പ്രതിയെ ശിക്ഷിച്ചത്. 2020 ല്‍ കുട്ടിക്ക് എട്ട് വയസ് പ്രായമുള്ളപ്പോളാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടി ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല്‍ പിതാവ് തങ്ങളുടെ വീട്ടില്‍ വച്ച് നിരന്തരമായി കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായാണ് മൊഴി. സ്ഥിരമായി വയറ് വേദന അനുഭവപ്പെട്ടിരുന്ന കുട്ടി മാതാവിനൊപ്പമെത്തി ആശുപത്രിയില്‍ നിരന്തരമായി ചികിത്സ തേടിയിരുന്നു.
2020ല്‍ ഒരു ദിവസം ആശുപത്രിയില്‍ പോകുന്നതിനായി ബസ് കാത്തു നില്‍കുമ്പോള്‍, പിതാവ് ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാണോ വയറ് വേദന മാറാത്തതെന്ന് കുട്ടി അമ്മയോട് സംശയമായി ചോദിച്ചു. ഇത് ശ്രദ്ധിച്ച അമ്മ വിശദമായി കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കി. തുടര്‍ന്ന് നടന്ന കൗണ്‍സിലിംഗിലൂടെയാണ് പീഡന വിവരം പുറത്ത് വരുന്നത്. വിവിരം പോലീസില്‍ അറിയിച്ചതനുസരിച്ച് കരിമണ്ണൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരെ അന്തിമ റിപ്പോര്‍ട്ട് നല്‍കി. സ്വന്തം പിതാവില്‍ നിന്ന് മകള്‍ക്ക് എല്‍ക്കേണ്ടി വന്ന ക്രൂരമായ ലൈംഗീക അതിക്രമത്തിന് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതിയും കുടുംബവും വാടകക്ക് താമസിച്ചിരുന്ന രണ്ട് വീടുകളില്‍ വച്ചും പീഡിപ്പിച്ചിരുന്നുവെന്നാണ് കുട്ടിയുടെ
മൊഴി. മൊഴി പറയാന്‍ വന്ന ദിവസം കുട്ടിയുടെ അമ്മ കോടതിയില്‍ ബോധരഹിതയായി വീണ സാഹചര്യവും ഉണ്ടായി. പിഴ ഒടുക്കുന്ന പക്ഷം കുട്ടിക്ക് നല്‍കണമെന്നും അല്ലാത്ത പക്ഷം ആറ് വര്‍ഷം അധിക തടവിനും കോടതി വിധിച്ചു. കൂടാതെ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയോടും കോടതി ശുപാര്‍ശ ചെയ്തു. സമീപ കാലത്ത് ഇതേ കോടതിയില്‍ നിന്നും ഇത്തരം കേസുകളില്‍ രണ്ടാളുകള്‍ക്ക് ഇരട്ട ജീവപര്യന്തം വീതവും മറ്റൊരാള്‍ക്ക് ഈ കേസ് കൂടാതെ ട്രിപ്പിള്‍ ജീവപര്യന്തവും ശിക്ഷ ലഭിച്ചിരുന്നു.
2020ല്‍ കരിമണ്ണൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബിജോയ് പി.ടി അന്വേഷണം നടത്തിയ കേസില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആശ പി.കെ പ്രൊസിക്യൂഷന്‍ നടപടികളെ സഹായിച്ചു. പ്രൊസിക്യൂഷന്‍ന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിജോമോന്‍ ജോസഫ് കണ്ടത്തിങ്കരയില്‍ കോടതിയില്‍ ഹാജരായി.




