തൊടുപുഴ: കര്‍ഷകര്‍ക്കുള്ള സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനായി കൃഷി വകുപ്പ് തയാറാക്കിയ ‘കതിര്‍’ ആപ്പില്‍ ജില്ലയില്‍ നിന്ന് ഇതുവരെ റജിസ്റ്റര്‍ ചെയ്തത് 14,880 കര്‍ഷകര്‍. 20 കര്‍ഷകര്‍ അടങ്ങുന്ന കൃഷിക്കൂട്ടങ്ങളായാണ് റജിസ്‌ട്രേഷന്‍ നടത്തിയത്. ഓഗസ്റ്റ് 17 ആരംഭിച്ച ആപ്പില്‍ ആകെ 744 കൃഷിക്കൂട്ടങ്ങളാണ് ഇതുവരെ റജിസ്റ്റര്‍ ചെയ്തത്. എല്ലാ കര്‍ഷകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതും പദ്ധതിയുടെ ഭാഗമാണ്.
‘കതിരി’ന്റെ പ്രയോജനങ്ങള്‍
കാലാവസ്ഥാ മുന്നറിയിപ്പുകള്‍, കീടങ്ങളും രോഗങ്ങളും സംബന്ധിച്ച മുന്നറിയിപ്പുകള്‍, മണ്ണ് പരിശോധന, സബ്‌സിഡി സംബന്ധിച്ച അറിയിപ്പുകള്‍, വിപണി സംബന്ധിച്ച വിവരങ്ങള്‍, എളുപ്പത്തിലും വേഗത്തിലും വിവിധ സേവനങ്ങള്‍ ലഭ്യമാക്കുക, കൃത്യ സമയത്തുള്ള വിവര ശേഖരണം എല്ലാം കതിര്‍ ആപ്പിലൂടെ കര്‍ഷകര്‍ക്ക് സാധ്യമാകും.
കര്‍ഷക ഐ.ഡി കാര്‍ഡും നേടാം
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോറില്‍ നിന്ന് കതിര്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ആപ്പില്‍ നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. കര്‍ഷകന്റെ പേര്, മേല്‍വിലാസം, കൃഷിഭവന്‍, വാര്‍ഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കി വ്യക്തിഗത റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം. തുടര്‍ന്ന് കൃഷി സ്ഥലം റജിസ്റ്റര്‍ ചെയ്യുന്നതിനായി ആപ്പിലെ സാറ്റലൈറ്റ് മാപ്പില്‍ നിന്നു കൃഷിയിടം തിരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ കൃഷിയിടത്തിന്റെ ഫോട്ടോ സഹിതം സമര്‍പ്പിക്കണം. കാര്‍ഷിക മേഖല തെരഞ്ഞെടുത്ത് കൃഷി സംബന്ധിച്ച വിവരങ്ങള്‍ കൃത്യതയോടെ നല്‍കണം. പാട്ട കര്‍ഷകര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
കതിര്‍ ആപ്പിലെ പ്രധാന പേജില്‍ കാണുന്ന ‘കര്‍ഷക ഐ.ഡി കാര്‍ഡിന് അപേക്ഷിക്കുക’എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് റജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ വിവരങ്ങള്‍ അടങ്ങിയ പേജിലേക്കു കടക്കാം. ഈ പേജിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പാക്കിയതിന് ശേഷം കര്‍ഷകന്റെ ബാങ്ക് വിവരങ്ങള്‍ ബാങ്ക് പാസ് ബുക്കിന്റെ ഫോട്ടോ, കര്‍ഷകന്റെ ഫോട്ടോ എന്നിവ നല്‍കണം. എല്ലാ വിവരങ്ങളും പരിശോധിച്ച് സാക്ഷ്യപത്രം നല്‍കിയ ശേഷം ‘അപ്ലൈ’ ചെയ്യുക. തുടര്‍ന്ന് ‘ആപ്ലിക്കേഷന്‍ ഫോര്‍ ഐ.ഡി കാര്‍ഡ് സബ്മിറ്റഡ് സക്‌സസ്ഫുള്ളി’ എന്ന മെസേജ് ലഭിക്കും. കര്‍ഷകര്‍ക്ക് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ വിവരം ‘ഐ.ഡി കാര്‍ഡ് സ്റ്റാറ്റസ് പരിശോധിക്കുക’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തു മനസിലാക്കാം.
വിശദ പരിശോധന കൃഷി ഭവനില്‍
കര്‍ഷകര്‍ സമര്‍പ്പിക്കുന്ന പൂര്‍ണമായ അപേക്ഷകള്‍ പരിശോധിച്ച് കൃഷി അസിസ്റ്റന്റുമാര്‍ കൃഷി ഓഫിസറുടെ ലോഗിനിലേക്ക് അയക്കും. അപ്രൂവ് ചെയ്ത ഐ.ഡി കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് അവരവരുടെ കതിര്‍ പേജില്‍ കാണുന്ന കതിര്‍ ഐ.ഡി കാര്‍ഡ് ഡൗണ്‍ലോഡ് ബട്ടണില്‍ അമര്‍ത്തി ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഡിജിറ്റലായി ലഭിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പി.വി.സി കാര്‍ഡ് മാതൃകയിലോ മറ്റോ പ്രിന്റ് ചെയ്തും കര്‍ഷകര്‍ക്ക് ഉപയോഗിക്കാം. അഞ്ച് വര്‍ഷമാണ് കാര്‍ഡിന്റെ കാലാവധി. കാലാവധി കഴിയുന്ന മുറയ്ക്ക് പുതുക്കാവുന്നതാണ്.



