spot_img

നിതീഷ് കുമാര്‍ റെഡ്ഡിയുടെ കന്നി ടെസ്റ്റ് സെഞ്ചുറി;  തിരിച്ചുവന്ന് ഇന്ത്യ

മെല്‍ബണ്‍: നിതീഷ് കുമാര്‍ റെഡ്ഡിയുടെ കന്നി ടെസ്റ്റ് സെഞ്ചുറിയുടെയും വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചുവന്ന് ഇന്ത്യ. 164-5 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 221-7ലേക്ക് വീണ് ഫോളോ ഓണ്‍ ഭീഷണിയിലായെങ്കിലും എട്ടാമനായി ഇറങ്ങി സെഞ്ചുറി നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഒമ്പതാമനായി ഇറങ്ങി അര്‍ധസെഞ്ചുറി നേടിയ വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യ കരകയറി.

മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം കളി നേരത്തെ നിര്‍ത്തിയപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയിലാണ്. 105 റണ്‍സുമായി നിതീഷും രണ്ട് റണ്‍സോടെ മുഹമ്മദ് സിറാജും ക്രീസില്‍. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 474 റണ്‍സിന് 116 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ഇന്ത്യ. ഓസീസിനുവേണ്ടി പാറ്റ് കമിന്‍സും സ്കോട് ബോളണ്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നഥാന്‍ ലിയോണ്‍ രണ്ട് വിക്കറ്റെടുത്തു.

നിരാശപ്പെടുത്തി ജഡേജയും പന്തും

മൂന്നാം ദിനം 164-5 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ റിഷഭ് പന്തിന്‍റെ ബാറ്റിലായിരുന്നു. എന്നാല്‍ 28 റണ്‍സെടുത്തുനില്‍ക്കെ സ്കോട് ബോളണ്ടിനെതിരെ അനാവശ്യ സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച് റിഷഭ് പന്ത് പുറത്താവുമ്പോള്‍ ഇന്ത്യ 200പോലും കടന്നിരുന്നില്ല. പിന്നാലെ പ്രതീക്ഷ നല്‍കിയ ജഡേജ(17) ലിയോണിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്ന് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് അപ്പോഴും 54 റണ്‍സ് കൂടി വേണമായിരുന്നു.

പൊരുതി നിതീഷും സുന്ദറും

എട്ടാമനായി ക്രീസിലെത്തിയ നിതീഷ് കുമാറും ഒമ്പതാമനായി ക്രീസിലെത്തിയ വാഷിംഗ്ടൺ സുന്ദറും മുന്‍നിര ബാറ്റര്‍മാരെ നാണിപ്പിക്കുന്ന രീതിയില്‍ ബാറ്റ് വീശിയതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. ആദ്യം ഫോളോ ഓണ്‍ ഭീഷണി മറികടത്തിയ ഇരുവരും ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 300 കടത്തി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാത്തിയ ഉടന്‍ പുഷ്പ സ്റ്റൈലില്‍ ആഘോഷിച്ച നിതീഷ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ ലിയോണിന്‍റെ പന്തില്‍ സുന്ദര്‍(50) വീഴുമ്പോള്‍ ഇന്ത്യ 348 റൺസിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

More like this

ഗോവിന്ദച്ചാമി ജയില്‍ ചാടി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമി പിടിയിൽ. തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇയാളെ...

പുഴയിൽ മൂന്നു ദിവസത്തിലധികം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തി

മറയൂർ: മറയൂർ പഞ്ചായത്തിൽ കന്നിയാർ പുഴയിൽ മൂന്നു ദിവസത്തിലധികം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തി. രണ്ടു വയസ് പ്രായമുള്ള ആൺപുലിയുടെ ജഡമാണ് കന്യാങ്കടവ്...

മഴക്കെടുതി: നാശനഷ്ടങ്ങള്‍ക്കിടയിലും വൈദ്യുതി വിതരണം സുഗമമാക്കി വൈദ്യുതി ബോര്‍ഡ്

തൊടുപുഴ: കഴിഞ്ഞ ഒരുമാസത്തെ മാത്രം കണക്കുകള്‍ അനുസരിച്ച് ആറു കോടിയോളം രൂപയുടെ നാശനഷ്ടങ്ങളാണ് മഴക്കെടുതി മൂലം കെ.എസ്.ഇ.ബി ക്ക് ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് ഡെപ്യൂട്ടി...