തൊടുപുഴ: നടപ്പാലം പണിയുടെ പേരില്‍ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) ഭാഗമായ വലതുകര കനാല്‍ തുറക്കാനുള്ള തീരുമാനം നീളുന്നതോടെ ദുരിതത്തിലായി പതിനായിരക്കണക്കിന് കുടുംബങ്ങള്‍. ജനുവരി എട്ടിന് ഇടത് – വലത് കര കനാലുകള്‍ തുറക്കുമെന്ന മുന്നറിയിപ്പ് വന്നിരുന്നു. എന്നാല്‍ ഇടത് കര കനാല്‍ മാത്രം കഴിഞ്ഞ ആറിന് തുറന്ന് വിട്ടത്. ഇടവെട്ടി ദുര്‍ഗാഭഗവതി ക്ഷേത്രത്തിന് സമീപം നടക്കുന്ന നടപ്പാലത്തിന്റെ പണിയുടെ പേരില്‍ വലതുകര കനാല്‍ തുറക്കുന്നത് നീളുകയായിരുന്നു.
കുടിവെള്ള ലഭ്യത കുറഞ്ഞു
മലങ്കരയില്‍ നിന്ന് കനാലിലൂടെ എത്തുന്ന വെള്ളമാണ് വിവിധ പ്രദേശങ്ങളിലെ കിണറുകളെയും തോടുകളെയും ജലസമ്പുഷ്ടമാക്കി കുടിവെള്ള പ്രശ്‌നം ഇല്ലാതാക്കുന്നത്. 2018ലെ പ്രളയത്തിന് ശേഷം കനാലുകള്‍ തുറക്കുന്ന സമയം ജലസേചന അതോറിട്ടി മാറ്റുകയായിരുന്നു. അതിന് മുമ്പ് വരെ ഡിസംബര്‍ രണ്ടാം വാരം തുറന്നിരുന്ന കനാലുകള്‍ പിന്നീട് ജനുവരി പാതിയിലേക്ക് വരെ എത്തി. മഴമാറിയതും താപനില വര്‍ദ്ധിച്ചതും മൂലം മിക്ക ജലസ്രോതസുകളും വറ്റി കിടക്കുകയാണ്. കിണറുകളിലും വെള്ളമില്ലാത്ത സാഹചര്യമായതോടെ പലരും പണം മുടക്കി പുറത്ത് നിന്ന് വെള്ളം എത്തിക്കുകയാണ്. കൃഷിയിടങ്ങളേയും വെള്ളത്തിന്റെ പ്രശ്‌നം സാരമായി ബാധിച്ച് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇടുക്കി സംഭരണിയില്‍ വെള്ളമില്ലെന്ന കാരണത്താല്‍ കനാല്‍ തുറക്കുന്നത് ഏറെ നീണ്ട് പോയിരുന്നു. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് വര്‍ഷങ്ങളായി കനാലിലൂടെ വെള്ളം വിടുന്നതിന് മുമ്പായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും നടത്താറില്ല.
ഇന്ന് തുറക്കുമെന്ന്
ഇടതുകര കനാല്‍ ഇന്ന് തുറക്കുമെന്ന് എം.വി.ഐ.പി അധികൃതര്‍ അറിയിച്ചു. നടപ്പാലത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലാണ്. പാലത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാക്കിയിട്ട് 0 ദിവസം കഴിഞ്ഞു. എന്നാല്‍ ഇതിനായി തൂണുകള്‍ സ്ഥാപിച്ചതാണ് വെള്ളം തുറന്ന് വിടാന്‍ തടസമെന്നും 14 ദിവസം പൂര്‍ത്തിയായാല്‍ വെള്ളം വിടാന്‍ സാധിക്കുമെന്നും അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
പ്രധാന ജലസ്രോതസ്
മുട്ടത്തിന് സമീപം മലങ്കരയില്‍ സ്ഥിതി ചെയ്യുന്ന ജലസംഭരണിയില്‍ നിന്ന് ആരംഭിക്കുന്ന കനാലാണ് മലങ്കര എം.വി.ഐ.പി കനാല്‍. മൂവാറ്റുപുഴയാറിന്റെ കൈവഴിയായ തൊടുപുഴയാറിന്റെ തുടക്കവും ഇവിടെ നിന്ന് തന്നെയാണ്. മൂലമറ്റം പവര്‍ ഹൗസിലൂടെ എത്തുന്ന ഇടുക്കി അണക്കെട്ടിലെ വെള്ളമാണ് മലങ്കരയുടെ പ്രധാന ജലസ്രോതസ്. 1975ല്‍ നിര്‍മ്മാണം ആരംഭിച്ച ജലസേചന പദ്ധതി 1994ലാണ് ഭാഗികമായി കമ്മീഷന്‍ ചെയ്യുന്നത്. പെരുമറ്റം കൂടി കോലാനി, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി, ആറൂര് (കൂത്താട്ടുകുളം), മണ്ണത്തൂര്‍, കടുത്തുരുത്തി (പിറവം), കടപ്പൂര്‍, ഏറ്റുമാനൂര്‍ വരെയാണ് ഇടതുകര കനാല്‍ ഒഴുകുന്നത്. 39 കിലോ മീറ്ററോളം ദൂരമാണ് ഇത്തരത്തില്‍ ഒഴുകുന്നത്. തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂര്‍ക്കാട്, ഏനാനെല്ലൂര്‍, ആനിക്കാട്, രണ്ടാറ്റിന്‍ക്കര വഴി വലത് കര കനാല്‍ 27 കിലോ മീറ്ററിലധികവുമാണ് ഒഴുകുന്നത്. ഇടത് വലത് കര എന്നിങ്ങനെ 70 കിലോ മീറ്ററോളം ദൂരമാണ് കനാലൊഴുകുന്നത്. ഇരു കനാലുകള്‍ക്കും മറ്റിടങ്ങളിലേയ്ക്ക് വെള്ളം എത്തുന്നതിനായി നിരവധി ചെറുപോഷക കനാലുകളും ഉണ്ട്. മഴക്കാലം ആരംഭിക്കുന്നതോടെ ഇവ അടയ്ക്കുകയാണ് പതിവ്.




