തൊടുപുഴ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്നു. വായുവില്‍ക്കൂടി പകരുന്ന വൈറസ് രോഗമായതിനാല്‍ പല സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഗബാധ വ്യാപകമാണ്. ജില്ലയില്‍ ഇതുവരെ 372 വിദ്യാര്‍ത്ഥികള്‍ക്കാണ് മുണ്ടിനീര് റിപോര്‍ട്ട് ചെയ്തത്. സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം എത്തി ചികിത്സ തേടിയവരുടെ കണക്കാണിത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്തിയവരുടെ എണ്ണവും ഇത്രത്തോളം വരും. ജില്ലയില്‍ രണ്ടാഴ്ചക്കിടെ 50 കുട്ടികള്‍ക്കാണ് മുണ്ടി നീര് ബാധിച്ചത്. ആറും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് രോഗ ബാധ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്.

മുണ്ടിനീര് അഥവാ മംപ്‌സ്

ഉമിനീര്‍ ഗ്രന്ഥികളിലുണ്ടാകുന്ന വീക്കമാണ് മുണ്ടിനീര് അഥവാ മംപ്‌സ് എന്നത്. പാരമിക്സൊ വൈറസ്പാരമിക്സൊ വൈറസാണ് രോഗബാധയുണ്ടാക്കുന്നത്. വായുവിലൂടെ പകരും. ഉമിനീര്‍ ഗ്രന്ഥികളെയാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളില്‍ വീക്കം കാണുന്നതിന് തൊട്ടുമുമ്പും വീങ്ങിയശേഷം ആറ് ദിവസം വരെയുമാണ് രോഗം പകരുക. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളില്‍ വീക്കമാണ് ലക്ഷണം. നീരുള്ള ഭാഗത്ത് വേദന. ചെറിയ പനിയും തലവേദനയും. വായ തുറക്കാനും ചവക്കാനും വെള്ളമിറക്കാനും പ്രയാസം. വിശപ്പില്ലായ്മ, ക്ഷീണം, പേശിവേദന എന്നിവയുണ്ടാകും.

പകരാന്‍ സാധ്യതയേറെ

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികകള്‍ വായുവില്‍ കലരുന്നതു മൂലവും രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. രോഗപ്പകര്‍ച്ച തടയാന്‍രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക, മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, രോഗികളായ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുക, രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുമുക്തമാക്കുക എന്നിവയാണ് രോഗപ്പകര്‍ച്ച തടയാന്‍ അനുവര്‍ത്തിക്കേണ്ടത്. ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധ തലച്ചോറിനെ വരെ ബാധിക്കാം. വേദനകുറയുന്നതിന് ഇളംചൂടുള്ള ഉപ്പുവെള്ളം കവിള്‍കൊള്ളുന്നത് നല്ലതാണ്.  ചവക്കാന്‍ ബുദ്ധിമുട്ടില്ലാത്ത നേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

പ്രതിരോധ കുത്തിവെയ്പ് നിര്‍ത്തി

മുന്‍പ് കുട്ടികള്‍ക്ക് ഇതിനെ ചെറുക്കുന്നതിനുള്ള പ്രതിരോധ കുത്തിവെയ്പ് നല്‍കിയിരുന്നു. എട്ടു വര്‍ഷമായി വാക്‌സിന്‍ നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ സാര്‍വത്രിക വാക്‌സിനേഷന്‍ പദ്ധതിയില്‍ മുണ്ടിനീര് വാക്സിന്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, മുണ്ടിനീര് വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തില്‍ മീസില്‍സ് വാക്സിനോടൊപ്പം മുണ്ടിനീര് വാക്സിനും ഇടക്കാലത്ത് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് കേന്ദ്രസര്‍ക്കാര്‍ സാര്‍വത്രിക വാക്സിനേഷനില്‍ മീസില്‍സ് വാക്സിനോടൊപ്പം റുബെല്ലാ വാക്‌സിനും ചേര്‍ത്ത് എം.ആര്‍. വാക്സിന്‍ നല്‍കിത്തുടങ്ങിയതോടെ മുണ്ടിനീര് വാക്സിനേഷന്‍ ഒഴിവാക്കപ്പെട്ടു. കൂടുതല്‍ ഗുരുതരമായ രോഗങ്ങളായ മീസില്‍സും (അഞ്ചാംപനി) റൂബല്ലെയും പ്രതിരോധിക്കാനാണ് ഇങ്ങനെ തീരുമാനിച്ചതെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളിലും മുണ്ടിനീര് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സാര്‍വത്രിക വാക്സിനേഷനില്‍ മുണ്ടിനീര് വാക്സിനേഷന്‍കൂടി ഉള്‍പ്പെടുത്തി എം.ആര്‍ വാക്സിന് പകരം എം.എം.ആര്‍ വാക്സിന്‍ നല്‍കേണ്ടതാണെന്ന് ആരോഗ്യ വിഭാഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here