ബൈസൺവാലി: ബൈസൺവാലി വില്ലേജിൽപ്പെട്ട ചൊക്രമുടി മലനിരകളിലെ കൈയേറ്റവും അനധികൃത നിർമ്മാണവും നടത്തിയിട്ടും കുറ്റക്കാർ ഇന്നും സുരക്ഷിതരായി കഴിയുന്നു. അതീവ പരിസ്ഥിതിലോല മേഖലയും കടൽ നിരപ്പിൽ നിന്നും 7200 അടി ഉയരത്തിലുള്ളതുമായ ഇവിടെ 14.69 ഹെക്ടർ ഭൂമിയാണ് കൈയേറിയത്. അനധികൃത നിർമ്മാണം നടത്തി ആദിവാസി സമൂഹത്തിൻ്റെ കുടിവെള്ളം വരെ മുട്ടിച്ചു. നിയമവിരുദ്ധമായി പാറഖനനം ചെയ്തു, മരങ്ങൾ വെട്ടിക്കടത്തി, തടയണ നിർമ്മിച്ചു, റോഡ് വെട്ടി,നീലക്കുറിഞ്ഞികൾ നശിപ്പിച്ചു തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടും ഇത് ചെയ്തവരുടേയും കൂട്ടുനിന്നവരുടേയും പേരിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.ചൊക്ര മുടി സംരക്ഷണ സമിതി ദേവികുളം സബ് കളക്ടർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വഷണമാരംഭിച്ചത്. തുടർന്ന് ബന്ധപ്പെട്ട രേഖകളുമായി ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ ഹിയറിംഗിനെത്തണമെന്നാവശ്യപ്പെട്ട് 54 പേർക്ക് നോട്ടീസ് നൽകിയിരുന്നു. പലവിധ തടസവാദങ്ങളുന്നയിച്ച് ആറ് തവണ ഹിയറിംഗ് മാറ്റിവെച്ചിരുന്നു. ഇപ്പോൾ ഏഴാമത് തവണ ഹിയറിംഗ് പൂർത്തിയായിട്ട് ദിവസങ്ങളേറെയായെങ്കിലും നടപടിയൊന്നും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കൈയേറ്റക്കാരുടെ പിന്നിൽ വൻ സ്രാവുകളുള്ളതുകൊണ്ടാണ് നടപടിയുണ്ടാകാത്തതെന്നും സംരക്ഷണ സമിതി ഭാരവാഹികൾ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സംരക്ഷണ സമിതിയും ആദിവാസി സമൂഹവും രണ്ടാംഘട്ട സമരത്തിന് തയ്യാറെടുക്കുന്നത് , റവന്യു മന്ത്രി കെ. രാജൻ നെടുങ്കണ്ടത്ത് വന്നപ്പോൾ പരസ്യമായി പ്രഖ്യാപിച്ചത് കൈയേറ്റക്കാർ എത്ര വമ്പൻമാരായാലും ശക്തമായ നടപടി സ്വീകരിക്കുമെന്നാണ്. എന്നാൽ അതും പാഴ് വാക്കായി മാറി. നിയമസഭ നടക്കുന്ന ഈ സമയം പ്രതിപക്ഷ നേതാവിനെക്കൊണ്ട് ചൊക്രമുടി വിഷയം നിയമസഭയിലവതരിപ്പിക്കുന്നതിനും തുടർസമരത്തിനുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.


