
ഇടുക്കി: ആനച്ചാൽ അയ്യപ്പക്ഷേത്രത്തിന്റെ ഓഫിസിൽ മോഷണം നടത്തിയ ശേഷം കടന്നുകളഞ്ഞ ഇടുക്കി, തങ്കമണി, മരിയാപുരം, നിരവത്ത് ഹൗസ്, ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണനെ(48) പീരുമേട് ടൗണിൽ നിന്നും വെള്ളത്തുവൽ പൊലീസ് പിടികൂടി.
ഇയാൾ പതിനഞ്ചോളം കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. ഇയാൾ കഴിഞ്ഞ മാർച്ച് 21-ആം തീയതി ശിക്ഷ കഴിഞ്ഞ് വിയ്യൂർ ജയിലിൽ നിന്നും ഇറങ്ങി, മൂന്നാറിലും ആനച്ചാലിലും എത്തുകയും ആനച്ചാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ മോഷണം നടത്തിയ ശേഷം കമ്പം, തേനി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ യാത്ര ചെയ്യുകയും ചെയ്തു. തുടർന്ന് മോഷണം നടത്തി 6- ആം ദിവസം പീരുമേട്ടിൽ എത്തിയ സമയം പോലീസ് ഇയാളെ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.

മോഷണ സ്ഥലത്തുനിന്ന് ലഭിച്ച ഫിംഗർ പ്രിന്റുകൾ വിശകലനം ചെയ്തും, സിസിടിവി വിശകലനം ചെയ്തും ഇയാളുടെ വിവരങ്ങൾ യഥാസമയം വിവിധ ഇടങ്ങളിൽ പ്രചരിപ്പിച്ചും പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ ലെബിമോൻ, സബ് ഇൻസ്പെക്ടർമാരായ എൽദോ, ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു , സീനിയർ സിവിൽ പോലീസ് അനീഷ് മനയത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, ഷിജോ ജോസഫ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത് .



