രാജകുമാരി: രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവും കേരള കോൺഗ്രസ് (എം) രാജാക്കാട് മണ്ഡലം പ്രസിഡൻ്റും വാക്കസിറ്റിയിലെ റേഷൻ കട ഉടമയുമായി വയലിൽ ഷാജി(58)യുടെ കത്തിക്കരിഞ്ഞ മൃതദേഹം പുരയിടത്തിലെ  മോട്ടോർ പുരയിൽ കാണപ്പെട്ടു. എന്നും പുലർച്ചേ പറമ്പിലേക്ക് പോകുന്ന ഷാജിയെ തിരികെവരുന്ന സമയത്ത് കാണാത്തതിനെ തുടർന്ന് അതിഥി തൊഴിലാളി സ്ത്രീ ചെന്ന് നോക്കിയപ്പോഴാണ് മോട്ടോർ പുരയിൽ തീ ഉയരുന്നത് കണ്ടത്.

തുടർന്ന് മകനെ അറിയിച്ച് അയൽവാസികളെ കൂട്ടി നോക്കിയപ്പോഴാണ് കത്തിയ നിലയിൽ കാൽ ഭാഗം കണ്ടത്. ഉടൻ രാജാക്കാട് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം കോരിയൊഴിച്ചാണ് തീ കെടുത്തിയത്. എസ് എച്ച് എ പി.ശ്രീകുമാരൻനായരുടെ നേതൃത്വത്തിലുള്ള പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ഇടുക്കിയിൽ നിന്ന് ഫോറൻസിക് വിദഗ്ദർ എത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ആത്മഹത്യ സാധ്യതയാണെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനും കെമിക്കൽ പരിശോധനക്ക് ശേഷമേ ശരിയായ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പോലീസ് അറിയിച്ചത്. കേരള ബാങ്ക് അടക്കമുള്ള ചില ബാങ്കുകളിൽ വായ്പ കുടിശിഖ ഉണ്ടായിരുന്നെങ്കിലും അടുത്ത നാളിൽ അടച്ചുതീർക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംസ്കാരം ഇന്ന് 2 ന് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ നടക്കും. ഭാര്യ:ബിനി.മക്കൾ: ആഷിഷ്ടോം, ഐറിഷ് ടോം

LEAVE A REPLY

Please enter your comment!
Please enter your name here