തൊടുപുഴ: നഗര – ഗ്രാമ വ്യത്യാസങ്ങളില്ലാതെ പാതയോരങ്ങളില്‍ തെരുവ് നായ്ക്കളും വളര്‍ത്ത് നായ്ക്കളും സംഹാര താണ്ഡവം നടത്തുമ്പോഴും അധികൃതര്‍ നോക്കുകുത്തിയാകുന്നതില്‍ വ്യാപകമായ ആക്ഷേപങ്ങളാണ് ഉയരുന്നത്. തെരുവ് നായ്ക്കളുടേയും വളര്‍ത്ത് നായ്ക്കളുടേയും ആക്രമണത്തില്‍ ഗുരുതര പരിക്ക് സംഭവിച്ച നൂറു കണക്കിന് സംഭവങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, റവന്യൂ – മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കാണ് പ്രശ്‌ന പരിഹാരത്തിന്റെ പ്രധാന ചുമതലക്കാര്‍. നിര്‍ഭാഗ്യവശാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഇത്തരം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഓടിയോളിക്കുന്ന അവസ്ഥയാണ്. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഏറെ നാളായി കണ്ടുവരുന്നതും. തെരുവ്, വളര്‍ത്ത് നായ്ക്കളുടെ ആക്രമണങ്ങള്‍ തടയണം എന്നാവശ്യപ്പെട്ട് ജില്ലയില്‍ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍, താലൂക്ക് വികസന സമിതികള്‍, മൃഗ സംരക്ഷണം, കളക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലായി നിരവധി പരാതികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ പരാതികളിലേക്ക് അധികൃതര്‍ തിരിഞ്ഞു നോക്കാതെ കെട്ടി കിടക്കുന്ന അവസ്ഥയാണ്. തൊടുപുഴ നഗരത്തിലെ തെരുവ്, വളര്‍ത്ത് നായ്ക്കളുടെ അതി രൂക്ഷമായ ശല്യം ഇല്ലാതാക്കണം എന്നാവശ്യപ്പെട്ട് നഗരത്തിലെ ഏതാനും കച്ചവടക്കാര്‍ ഒരു വര്‍ഷം മുന്‍പ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലായെന്നും പറയുന്നു. കോതായിക്കുന്ന് – മങ്ങാട്ട് കവല ബസ് സ്റ്റാന്റുകള്‍, ടൗണ്‍ഹാള്‍ പ്രദേശം, നഗരസഭ മൈതാനം, പഴയ ബസ്റ്റാന്റ് മൈതാനം, ലോറി സ്റ്റാന്റ്, നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ ബസ് സ്റ്റോപ്പുകള്‍, പുഴയോരം ബൈ പാസ്, മിനി സിവില്‍ സ്റ്റേഷന്‍ പരിസരം, ജില്ലാ ആശുപത്രി പരിസരം തുടങ്ങിയ പ്രദേശങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം അതി രൂക്ഷമാണ്. ആളുകള്‍ക്ക് നേരെ ഉച്ചത്തില്‍ കുരച്ച് പാഞ്ഞടുക്കുന്നതും പതിവ് കാഴ്ച്ചകളാണ്. തെരുവ് നായ്ക്കളെ പിടി കൂടുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രണ്ട് ആളുകളെ നിയമിച്ച് അവര്‍ക്ക് പരീശീലനങ്ങളും നല്‍കിയതാണ്. എന്നാല്‍, ചില തദ്ദേശ സ്ഥാപനങ്ങളുടെ താല്‍പര്യക്കുറവിനാല്‍ ഇവരുടെ സേവനം കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ട്. ഇതേ തുടര്‍ന്ന് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധത്തില്‍ തെരുവിലൂടെ നായ്ക്കള്‍ തലങ്ങും വിലങ്ങും പായുകയാണ്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണമെന്നുളള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും മിക്കവാറും തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നുമില്ല.


