മറയൂർ: മറയൂർ ചന്ദന വിത്തുകൾ കടൽ കടന്ന് ഇനി മൗറിഷ്യസിൽ സുഗന്ധം പരത്തും.1000 കിലോ ചന്ദന വിത്തുകളാണ് മറയൂരിൽ നിന്നും കിലോക്ക് 2000 രൂപ വില നല്കി  മൗറിഷ്യസിൽ എത്തിച്ചിരിക്കുന്നത്.മറയൂരിലെ ചന്ദനമഹിമ കേട്ടറിഞ്ഞ് മൗറിഷ്യസിലെ സൗത്ത് ആഫ്രിക്കൻ കമ്പനിയായ ഓഷ്യൻ അരോ മാറ്റിക്സ് ആൻറ് എസൻഷ്യൽ ഓയിൽസ് ലിമിറ്റഡിൻ്റെ അധികൃതർ മാസങ്ങൾക്ക് മുൻപ് മറയൂരിലെത്തി മറയൂർ ചന്ദന ഡിവിഷൻ ഡി എഫ് ഒ എം.ജി.വിനോദ് കുമാറുമായി ചർച്ച നടത്തിയിരുന്നു. മറയൂരിലെ ചന്ദനക്കാടിൻ്റെ പ്രത്യേകതയും ചന്ദനമരത്തിൻ്റെ വളർച്ചയുടെ വിശദവിവരങ്ങൾ കണ്ടറിഞ്ഞ്, കേട്ടറിഞ്ഞ് മനസ്സിലാക്കി സംഘം മടങ്ങിയിരുന്നു. മൗറിഷ്യസിലെ കാലാവസ്ഥയും മണ്ണിൻ്റെ ഘടനയും മറയൂരിന് സമാനമെന്നാണ് കമ്പനി അധികൃതർ പറഞ്ഞ് മടങ്ങിയത്. രണ്ടു മാസം മുൻപ് വീണ്ടും മറയൂരിലെത്തി. 1000 കിലോ മറയൂർ ചന്ദന വിത്തുകളാണ് കമ്പനി അധികൃതർ വാങ്ങിയത്. ഒരു കിലോ മറയൂർ ചന്ദന ഡിവിഷൻ്റെ കീഴിൽ മറയൂർ റേഞ്ചിൽ വളർത്തിയെടുത്ത ഒരു കിലോ ചന്ദനവിത്തിന് 2000 രൂപ വില നല്കിയാണ് ഇവർ വാങ്ങിയത്.


പ്രഭാകരനിലൂടെ ചന്ദന പ്രഭ പടരും 

മറയൂർ പള്ളനാട് സ്വദേശി എൽ.പ്രഭാകരൻ (31) മൗറിഷ്യസിലെ ചന്ദന വിത്തുകൾ മുളപ്പിക്കുന്നതിനായി മൗറിഷ്യസിൽ എത്തി. മറയൂരിലെത്തിയ മൗറിഷ്യൻ സംഘം ചന്ദന നേഴ്സറിയിൽ പ്രഭാകരൻ്റെ വൈദഗ്ധ്യം തിരിച്ചറിഞ്ഞ് കൂടെ കൂട്ടുകയായിരുന്നു. വനം വകുപ്പിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രഭാകരൻ. വിസ ശരിയാക്കി പ്രഭാകരനെ മൗറിഷ്യസിൽ എത്തിക്കുവാൻ ഒട്ടും വൈകിയില്ല. മൂന്നു മാസത്തിന് മുൻപ് മൗറിഷ്യസിൽ എത്തിയ പ്രഭാകരൻ കാടുപിടിച്ച് കിടന്ന സ്ഥലം ഒരുക്കിയെടുത്ത് ചന്ദന വിത്തുകൾ നട്ട് മുളപ്പിച്ച് എടുത്തു. രണ്ടു മാസത്തിനകം 1000 കിലോ ചന്ദന വിത്തും നട്ടു കഴിഞ്ഞു. പാക്കറ്റിലാണ് മണ്ണ് നിറച്ച് വിത്ത് നട്ടത് ഇപ്പോൾ എട്ട് ഇലവരെ ഒരു തൈയ്യിൽ വന്നു തുടങ്ങി. ഏഴ് എട്ട് മാസം കഴിഞ്ഞ് തൈകൾ പറിച്ച് നടും. പ്രഭാകരൻ്റെ പിതാവ് ലൂർദ് സ്വാമി പതിറ്റാണ്ടുകളായി വനംവകുപ്പിൻ്റെ ചന്ദന നേഴ്സറിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.പ്രഭാകരന് തമിഴ്നാട്ടിൽ ദിണ്ഡുക്കല്ലിൽ രണ്ട് ചന്ദന നേഴ്സറിയുണ്ട്. പിതാവിൽ നിന്നും ലഭിച്ച അറിവുകളാണ് പ്രഭാകരൻ്റെ ശക്തി.

LEAVE A REPLY

Please enter your comment!
Please enter your name here