തൊടുപുഴ: കലയന്താനിയിലെത്തിച്ച ജോമോനെയും കൊണ്ട് നിമിഷ നേരം കൊണ്ട് പോലീസ് ഗോഡൗണിനുള്ളില്‍ കടന്നു. പിന്തുടര്‍ന്ന  മാധ്യമപ്രവര്‍ത്തകരെയും പൊതുജനങ്ങളെയും ഉള്ളിലേക്ക് പ്രവേശിക്കുന്നത് പൊലീസ് വിലക്കി. മൃതദേഹം കുഴിച്ചിട്ടെന്ന് ജോമോന്‍ മൊഴി നല്‍കിയ ഗോഡൗണിനുള്ളിലെ മാലിന്യ പൈപ്പിന്റെ മാന്‍ഹോളിന് സമീപത്തേക്കാണ് സംഘം നീങ്ങിയത്. ജോമോന്‍ കാണിച്ച സ്ഥലം കൃത്യമായി അടയാളപ്പെടുത്തി. തുടര്‍ന്ന് ഈ ഭാഗത്തിന് ചുറ്റുമുള്ള ജനലുകളും മറ്റും അടച്ചു. കോണ്‍ക്രീറ്റ് ചെയ്ത മാന്‍ഹോളിന് മുകളിലെ സ്ലാബ് പൊലീസ് നിയോഗിച്ച തൊഴിലാളികളുടെ നേതൃത്വത്തില്‍ പൊളിക്കാന്‍ ശ്രമിച്ചു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ സ്ലാബ് മാറ്റാനായത്.
അഞ്ച് അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളില്‍ തള്ളികയറ്റിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് മുകളില്‍ മണ്ണും മാലിന്യങ്ങളും ഉള്‍പ്പെടെ നിറഞ്ഞ അവസ്ഥയിലായിരുന്നു. രണ്ട് ദിവസത്തെ പഴക്കം കാരണം ചീര്‍ത്ത മൃതശരീരം ഇതേ ഭാഗത്ത് കൂടി പുറത്തെടുക്കാന്‍ തൊഴിലാളികള്‍ക്കായില്ല. തുടര്‍ന്ന് പൊലീസ് അറിയിച്ചതനുസരിച്ച് ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി മാന്‍ഹോളിലിറങ്ങി കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.

തുടര്‍ന്ന് മാന്‍ഹോള്‍ പുറത്തേക്ക് പോകുന്ന വശത്തെ കെട്ടിടത്തിന്റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചു നീക്കി. ശേഷം നാല് തൊഴിലാളികള്‍ മാന്‍ഹോളിലൂടെ ഉള്ളില്‍ കടന്ന് മൃതദേഹം വളരെ ഏറെ ശ്രമകരമായാണ് പുറത്തെത്തിച്ചത്. ഇതിനിടെ രണ്ടരയോടെ കനത്ത മഴ പെയ്തത് മൃതദേഹം പുറത്തെടുക്കുന്ന ജോലിയെ പ്രതികൂലമായി ബാധിച്ചിരുന്നു. തൊടുപുഴ കുമ്പംകല്ല് സ്വദേശി ഷാജി തേക്കുംകാട്ടിലിന്റെ നേതൃത്വത്തില്‍ ഹനീഫ, മാഹിന്‍, സതീശ് എന്നിവരാണ് ഈ അതിസാഹസികമായ ജോലി പൂര്‍ത്തിയാക്കിയത്. മൂന്ന് മണിയോടെ പൂറത്തെത്തിച്ച മൃതദേഹം കാറ്ററിംഗ് സ്ഥാപനത്തിനുള്ളിലേക്ക് മാറ്റി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here