
തൊടുപുഴ: അഭ്രപാളികളില്‍ തകര്‍ത്തോടിയ ദൃശ്യം സിനിമാ മോഡല്‍ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത ഇന്നലെ കലയന്താനിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കേട്ടത് സത്യമാണോ അതോ സംശയം മാത്രമോ എന്നറിയാനായിരുന്നു എല്ലാവരുടേയും ആകാംക്ഷ. രണ്ട് ദിവസം മുമ്പ് കാണാതായ ബിജു ജോസഫിനെ കലയന്താനിയില്‍ നിന്ന് ചെലവിലേക്ക് പോകുന്ന റോഡരികിലുള്ള ജോമോന്റെ ദേവ മാതാ കാറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണില്‍ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്ന വിവരം ഇന്നലെ രാവിലെയോടെയാണ് പുറംലോകം അറിയുന്നത്. സംഭവത്തെക്കുറിച്ച് ചെറിയ സൂചനകള്‍ പുറത്ത് വന്നതോടെ കഴിഞ്ഞ ദിവസങ്ങളിലെ രാത്രികാലങ്ങളില്‍ ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത് നാട്ടുകാര്‍ സൂചിപ്പിച്ചു. എങ്കിലുംആര്‍ക്കും ഒന്നും ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥ. പക്ഷേ സംഭവം കലയന്താനി കേന്ദ്രീകരിച്ച് തന്നെയാണെന്ന് ദൃശ്യ മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വന്ന് നിമിഷ നേരത്തിനുള്ളില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനം ദേവമാതാ കേറ്ററിങ് ഗോഡൗണിന് മുന്നില്‍ തടിച്ചുകൂടി.

ദേവമാതാ കാറ്ററിംഗ് ഉടമ ജോമോനെയും കൊല്ലപ്പെട്ട ബിജു ജോസഫിനെയും വര്‍ഷങ്ങളായി അറിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഗോഡൗണിന് സമീപം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും മഫ്തിയില്‍ പൊലീസുമുണ്ടായിരുന്നു. 12 മണിയോടെ ജില്ലാ പൊലീസ് മേധാവിയുടെയും തൊടുപുഴ ഡിവൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും ഫോറന്‍സിക് സംഘവും ആര്‍.ഡി.ഒയും സ്ഥലത്തെത്തി. കസ്റ്റഡിയിലുണ്ടായിരുന്ന കാറ്ററിംഗ് സ്ഥാപന ഉടമ ജോമോനെയും വിലങ്ങണിയിച്ച് പൊലീസ് സ്ഥലത്തെത്തിച്ചിരുന്നു. ഈ സമയം ജോമോനെ എത്തിച്ച പോലീസ് വാഹനത്തിന് ചുറ്റും വന്‍ ജനാവലി തടിച്ച് കൂടി. ചിലരൊക്കെ ജോമോനെ പഴിക്കുന്നുണ്ടായിരുന്നു. ചുറ്റും പോലീസ് വലയം തീര്‍ത്ത് ഏറെ ശ്രമകരമായാണ് ജോമോനെയും കൊണ്ട് ഗോഡൗണിന് ഉള്ളിലേക്ക് പോലീസ് പോയത്.




