തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് പൊലീസിന് സംഭവം നടന്ന് ഏതാനും സമയത്തിനുള്ളില്‍ അറിവ് ലഭിച്ചിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ബഹളം കേട്ട സമീപത്തെ വീട്ടുകാര്‍ അപ്പോള്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ബിജുവിന്റെ മുണ്ടും പിന്നീട് ബന്ധുക്കള്‍ ചെരിപ്പും കണ്ടെത്തി. എന്നാല്‍, തട്ടിക്കൊണ്ടുപോകലോ ആളെ കാണാതാകലോ സംബന്ധിച്ച് പരാതികള്‍ ലഭിക്കാത്തതിനാല്‍ ഗൗരവതരമായ അന്വേഷണം നടന്നില്ല. വ്യാഴാഴ്ച പുലര്‍ച്ച 4.45ന് സ്‌കൂട്ടറില്‍ ചായ കുടിക്കാന്‍ പോകുന്നതിനിടെയാണ് ഓംനി വാനിലെത്തിയ ജോമോന്റെ നേതൃത്വത്തിലുള്ള സംഘം ബിജുവിനെ തട്ടിക്കൊണ്ടുപോകുന്നത്.

ഈ സമയം വാഹനത്തില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ ബിജു ശ്രമിച്ചിരുന്നു. ഇതിനിടെയാണ് മുണ്ടും ചെരിപ്പും വഴിയില്‍ നഷ്ടമായത്. മുണ്ട് പൊലീസും ചെരിപ്പ് ബിജുവിന്റെ ബന്ധുക്കള്‍ നടത്തിയ പരിശോധനയിലുമാണ് കണ്ടെത്തിയത്. ബിജു ദിവസങ്ങളോളം വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്ന സ്വഭാവമുള്ളയാളാണ്. ഇതിനാലാണ് വ്യാഴാഴ്ച ദിവസം മുഴുവന്‍ കാണാതായിട്ടും കുടുംബം പൊലീസില്‍ പരാതി നല്‍കാതിരുന്നത്.

വെള്ളിയാഴ്ചയാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കുന്നത്. പൊലീസ് മൊഴിയെടുത്തപ്പോള്‍ ജോമോനും ബിജുവും തമ്മിലെ പ്രശ്‌നങ്ങള്‍ ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടും രാത്രിയുമായി നടത്തിയ പരിശോധനയിലാണ് ജോമോനും മൂന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളും കസ്റ്റഡിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൃതദേഹം കലയന്താനിയില്‍ നിന്ന് ചെലവിലേക്കുള്ള റോഡില്‍ ബിജുവിന്റെ കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന സ്ഥലത്ത് കുഴിച്ചിട്ടെന്ന വിവരം ലഭിച്ചതും. ഇതിനിടെ, ബിജുവിന്റെ സ്‌കൂട്ടര്‍ എറണാകുളം മരടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് സ്‌കൂട്ടര്‍ എറണാകുളത്തേക്ക് കൊണ്ടുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here