തൊടുപുഴ: കൊല്ലപ്പെട്ട ബിജു ജോസഫിനെതിരെ ദേവമാതാ കാറ്ററിംഗ് ഉടമ ജോമോന്‍ നല്‍കിയ ആദ്യ രണ്ട് ക്വട്ടേഷനുകളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ മൂന്നാമത്തെ ക്വട്ടേഷനാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ്. കുപ്രസിദ്ധ ഗുണ്ടയായ ആയി സജിക്കടക്കം രണ്ട് പേര്‍ക്ക് നേരത്തേ ക്വട്ടേഷന്‍ നല്‍കിയിരുന്നെങ്കിലും ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാന്‍ സാധിച്ചില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. ഒടുവില്‍ മൂന്നാമത്തെ ക്വട്ടേഷനാണ് എറണാകുളത്ത് നിന്നുള്ള ഗുണ്ടാ സംഘത്തിന് നല്‍കിയത്. കാപ്പാ കേസ് പ്രതി ആഷിക്കടക്കമുള്ള ഇവരുടെ തട്ടിക്കൊണ്ടുപോകല്‍ ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. കലയന്താനിയില്‍ ദേവമാത കാറ്ററിംഗ് നടത്തുകയായിരുന്നു ജോമോന്‍. ജെ.സി.ബി, ടിപ്പര്‍, വര്‍ക്ഷോപ്പ് അടക്കമുള്ള ബിസിനസുകളായിരുന്നു കൊല്ലപ്പെട്ട ബിജുവിന്. വാഹനം നന്നാക്കാനും മറ്റുമായി വര്‍ക്ഷോപ്പില്‍ പോയപ്പോഴാണ് ബിജുവുമായി ജോമോന് സൗഹൃദം ശക്തമായത്. ഇതോടെ ഇരുവരും ഒന്നിച്ച് ആംബുലന്‍സ് സര്‍വീസും കേറ്ററിംഗ് വര്‍ക്കുകളും പങ്കാളിത്തത്തോടെ നടത്താന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയ പങ്കാളിത്ത കച്ചവടത്തില്‍ ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതായി സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു. ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍, ജോമോന് അര്‍ഹമായ വാഹനങ്ങളോ വസ്തുക്കളോ പണമോ ബിജു നല്‍കിയില്ലെന്നാണ് ആരോപണം.

ഇതുസംബന്ധിച്ച് ഒന്നിലധികം പൊലീസ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പുണ്ടായെങ്കിലും വ്യവസ്ഥകള്‍ പാലിക്കാന്‍ ബിജു തയാറായില്ലെന്നാണ് ജോമോന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ഇതിനിടെ ജോമോന്റെ കാറ്ററിംഗ് ബിസിനസ് നഷ്ടത്തിലായി. ഭാര്യയ്ക്ക് രോഗം പിടിപെട്ടു. തുടര്‍ന്നാണ് ക്വട്ടേഷന്‍ കൊടുത്ത് പണം വാങ്ങിയെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍, തട്ടിക്കൊണ്ടുപോകുന്നതിനിടെ ബഹളം വച്ച ബിജുവിന്റെ കഴുത്തിലും മറ്റും ഗുണ്ടകള്‍ ചവിട്ടിപ്പിടിച്ചതോടെ മരണം സംഭവിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here