തൊടുപുഴ: ബിസിനസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാര പങ്കാളിയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി കേറ്ററിങ് സ്ഥാപനത്തിന്റെ ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്കുള്ള മാന്‍ഹോളില്‍ തള്ളി സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. മണ്ണും കോണ്‍ക്രീറ്റും ഉപയോഗിച്ച് മൂടിയ കുഴിയിലെ മൃതദേഹം മൂന്നാം ദിവസം പോലീസ് കണ്ടെടുത്തു. ഇടുക്കി തൊടുപുഴ കലയന്താനിക്കു സമീപമാണ് അതിക്രൂര കൊലപാതകം ഉള്‍പ്പെടെ നാടിനെ നടുക്കിയ സംഭവം. തൊടുപുഴ കോലാനിക്ക് സമീപം ചുങ്കം മുളയിങ്കല്‍ ബിജു ജോസഫിനെ (50) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ബിജുവിന്റെ ബിസിനസ് പങ്കാളിയായ ദേവമാതാ കേറ്ററിങ് സ്ഥാപന ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51) ക്വട്ടേഷന്‍ സംഘാംഗങ്ങളായ എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍ (25) എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ നേരിട്ട് ഇടപെട്ടിട്ടുള്ള കാപ്പാ കേസ് പ്രതിയായ ആഷിക് ജോണ്‍സ (27) ണെ പൊലീസ് സംഭവം നടന്ന അന്ന് തന്നെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അന്ന് ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ക്വട്ടേഷന്‍ നല്‍കിയ കേറ്ററിങ് സ്ഥാപന ഉടമ ജോമോനെ ആലുവയില്‍ നിന്നും മറ്റു രണ്ടു പ്രതികളെ എറണാകുളത്തു നിന്നുമാണ് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ മുതല്‍ ബിജുവിനെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ നാലരയോടെ സ്‌കൂട്ടറില്‍ വീട്ടില്‍ നിന്നും പോയ ബിജു തിരികെയെത്താത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഭാര്യ മഞ്ജു തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ബിജുവും ജോമോനും ബിസിനസ് ഇടപാടുകള്‍ അവസാനിപ്പിച്ചപ്പോള്‍ അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്നായിരുന്നു ജോമോന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോലും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവിടെ നിന്നു പറഞ്ഞ ധാരണ ബിജു പാലിച്ചില്ലെന്നാണ് പ്രതി പറയുന്നത്. ബിജുവുമായി സാമ്പത്തിക പ്രശ്‌നം ഉണ്ടായിരുന്നതിനാല്‍ ജോമോന്റെ പിന്നാലെയായിരുന്നു പ്രതി. വ്യാഴാഴ്ച രാവിലെ ആരോ നിലവിളിച്ച് വാനില്‍ യാത്ര ചെയ്തതായി ബിജുവിനെ കാണാതാതായി പറയുന്ന പ്രദേശത്തെ വീട്ടുകാര്‍ പൊലീസില്‍ ഫോണ്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ സി.സി.ടി.വി അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്.

ജോമോനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും ഇയാള്‍ അവിടെ ഇല്ലായിരുന്നു. ഇതിനിടെ ഇയാളുടെ സഹോദരനില്‍ നിന്നും ചില വിവരങ്ങള്‍ ലഭിച്ചു. ഇതെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജോമോനെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് മറ്റു പ്രതികളെയും പിടികൂടുകയായിരുന്നു. ബിജുവിനെ കൊലപ്പെടുത്തി ഗോഡൗണിലെ മാന്‍ഹോളില്‍ തള്ളിയതായി ഇവര്‍ വിവരം നല്‍കി. ഇതിനു മുന്‍പ് രണ്ടു തവണ ക്വട്ടേഷന്‍ നല്‍കിയിരുന്നെന്നും ആദ്യ രണ്ടു തവണ പദ്ധതി പാളിയെന്നും ജോമോന്‍ മൊഴി നല്‍കി. ജോമോന്റെ ഡ്രൈവര്‍കൂടിയായ ജോമിനിലൂടെയാണ് ഇത്തവണത്തെ ക്വട്ടേഷന്‍ ടീമിലേക്ക് എത്തുന്നത്. കാറിനുള്ളില്‍ വച്ച് മര്‍ദിക്കുകയും ശബ്ദം പുറത്തു വരാതിരിക്കാന്‍ കഴുത്തിന് ചവിട്ടിപ്പിടിക്കുകയും ചെയ്തതോടെ ബിജു മരിക്കുകയായിരുന്നെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്ത് മറ്റു പരുക്കുകള്‍ ഉണ്ടെങ്കിലും ആയുധം ഉപയോഗിച്ചതായി കരുതുന്നില്ലെന്നും പോലീസ് സൂചിപ്പിച്ചു.

മരിച്ചുവെന്ന് ഉറപ്പായതോടെയാണ് മാലിന്യക്കുഴിയുടെ മാന്‍ഹോളില്‍ മൃതദേഹം ഒളിപ്പിക്കാന്‍ തീരുമാനിച്ചത്. അഞ്ച് അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങി മൂന്നടിയോളം കുഴിയെടുത്ത് അതിനുള്ളില്‍ തള്ളികയറ്റിയ നിലയിലായിരുന്നു മൃതദേഹം. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമകരമായി പുറത്തെടുത്ത മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി. ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, എസ്.എച്ച്.ഒമാരായ വി.സി.വിഷ്ണുകുമാര്‍, ഇ.കെ.സോള്‍ജിമോന്‍, എസ്.ഐ എന്‍.എസ് റോയി, തൊടുപുഴ തഹസില്‍ദാര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

കൊല്ലപ്പെട്ട ബിജു ജോസഫിന് തൊടുപുഴ നഗരത്തില്‍ വര്‍ക് ഷോപ്പ്, വാട്ടര്‍ സര്‍വീസ് സ്റ്റേഷന്‍ എന്നിവയും മണ്ണുമാന്തി യന്ത്രം, ആംബുലന്‍സ് സര്‍വ്വീസ് എന്നിവയും ഉണ്ട്. ഭാര്യ മഞ്ജു. കോളജ് വിദ്യാര്‍ഥിനി അലീന, 11-ാം ക്ലാസ് വിദ്യാര്‍ഥിനി ആഷ്‌ലി, നാലാം ക്ലാസ് വിദ്യാര്‍ഥിനി ആന്‍ട്രീസ എന്നിവരാണ് മക്കള്‍.

ക്വട്ടേഷന്‍ നല്‍കി ബിജു ജോസഫിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജോമോന്‍ ഒന്നര പതിറ്റാണ്ടോളം കലയന്താനി കേന്ദ്രമായി നല്ല നിലയില്‍ കാറ്ററിങ് സര്‍വീസ് നടത്തിയിരുന്നു. കൂടാതെ ടൂറിസ്റ്റ് ബസ് സര്‍വീസും ആംബുലന്‍സ് സര്‍വീസും നടത്തിയിരുന്നു. കലയന്താനി കൊച്ചുമറ്റം കവല ഭാഗത്തും, വെട്ടിമറ്റത്തും കാറ്ററിങ് യൂണിറ്റും ഉണ്ടായിരുന്നു. എന്നാല്‍ കോവിഡിനോട് അനുബന്ധിച്ച് കാറ്ററിങ് സര്‍വീസില്‍ നിന്ന് വേണ്ടത്ര സാമ്പത്തിക നേട്ടം ഉണ്ടാകാതെ വന്നതോടെ ഇയാള്‍ ഹോട്ടലും കാറ്ററിങും നടത്താനായി ശ്രമം നടത്തി. ഭരണങ്ങാനം, മൈസൂര്‍, ആലക്കോട് എന്നിവിടങ്ങളിലും ഹോട്ടലുകള്‍ നടത്തിയെങ്കിലും ഇതും വിജയിച്ചില്ല. ഇതിനിടെ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത് കുടിശിക ആയതോടെ ജപ്തി നടപടികളായി. ഇതിനിടെ മേശ, കസേര, മൊബൈല്‍ ഫ്രീസര്‍ ആംബുലന്‍സ് എന്നിവ വാടകക്ക് നല്‍കുന്ന സ്ഥാപനം തുടങ്ങിയിരുന്നു. കാറ്ററിങും നടത്തിയരുന്നു. ഇതിനിടെയാണ് ക്വട്ടേഷന്‍ നല്‍കി പഴയ ബിസിനസ് പങ്കാളിയായ ബിജുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി അറസ്റ്റിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here