റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം എല്‍ഡിഎഫിന്റെ ശക്തിപ്രകടനമായി

കട്ടപ്പന: ഇടുക്കിയെ അലട്ടിയിരുന്ന ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് നില്‍ക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കട്ടപ്പനയില്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളായി നിലനിന്നിരുന്ന നിര്‍മാണ നിരോധനം പരിഹരിക്കാന്‍ കഴിഞ്ഞത് നിയമസഭയില്‍ നിയമ നിര്‍മാണത്തിലൂടെയാണ്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ പുതിയ ചട്ടം രൂപീകരിച്ച് ഉത്തരവിറക്കി. ജനങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബാധ്യതയും ഉണ്ടാകാത്ത തരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചട്ടം രൂപീകരിച്ചത്. ഭൂപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ജനങ്ങള്‍ക്ക് നിറഞ്ഞ സംതൃപ്തിയോടെ ഇനി മുന്നോട്ടു പോകാം. പട്ടയ വിഷയത്തിലടക്കം മന്ത്രിയെന്ന നിലയില്‍ റോഷി നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കഴിഞ്ഞ 10 വര്‍ഷം സംസ്ഥാനത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. അടിസ്ഥാന വികസന രംഗത്ത് വലിയ മാറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ലോകം നമ്മുടെ സംസ്ഥാനത്തെ ശ്രദ്ധിക്കുന്ന കാലഘട്ടമാണിത്. ലോകത്ത് വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമാണ് അതിദാരിദ്ര്യമുക്തം. ആ ഗണത്തിലേക്കാണ് കേരളവും കടന്നു ചെന്നിട്ടുള്ളത്. പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ കാല്‍ നൂറ്റണ്ടായി തന്നെ ഉള്ളം കയ്യിലാണ് ഇടുക്കിയിലെ ജനങ്ങള്‍ പരിപാലിക്കുന്നതെന്ന് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍ പറഞ്ഞു. താന്‍ ഹൃദയത്തിലാണ് ഇവിടുത്തെ ജനങ്ങളെ പ്രതിഷഠിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലും വികസനം എത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭൂപ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി അഭിനന്ദിച്ചത് വലിയ അംഗീകാരമായി കരുതുന്നു. ഇടുക്കിയിലെ ജനങ്ങള്‍ക്ക് വേണ്ടി ഇച്ഛാശക്തിയോടെ ഒരു സര്‍ക്കാര്‍ ഒപ്പം നിന്നതു കൊണ്ടാണ് ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്നു രേഖപ്പെടുത്തിയ ഭൂമിക്കു വരെ പട്ടയം നല്‍കാനുള്ള ഉത്തരവ് ഇറക്കാന്‍ സാധിച്ചതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പതിനായിരത്തോളം പേരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഇടുക്കി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയത്. ഉദ്ഘാടനത്തിന് ശേഷം കട്ടപ്പന ടൗണ്‍ വലം വച്ച് റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ റോഡ് ഷോയും സംഘടിപ്പിച്ചു. എല്‍ഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ഷാജി കാഞ്ഞിമല അധ്യക്ഷനായി. എം എം മണി എംഎല്‍എ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് ജോസ് ഫിലിപ്പ്, കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, നേതാക്കളായ കെ എസ് മോഹനന്‍, റോമിയോ സെബാസ്റ്റ്യന്‍, എന്‍ വി ബേബി, കെ എല്‍ ജോസഫ്, വി ആര്‍ സജി, അനില്‍ കൂവപ്ലാക്കല്‍, സുനില്‍ സെബാസ്റ്റ്യന്‍, എം കെ പ്രിയന്‍, പി ബി സബീഷ്, മാത്യു ജോര്‍ജ്, രാരിച്ചന്‍ നീറണാക്കുന്നേല്‍, ജോണി ചെരിവുപറമ്പില്‍, സി എസ് രാജേന്ദ്രന്‍, ജോസ് ഞായര്‍കുളം, കെ എന്‍ മുരളി, സിനോജ് വള്ളാടി, സി യു ജോസ് എന്നിവര്‍ പ്രസംഗിച്ചു.



