
,
കട്ടപ്പന: രണ്ടില പതിച്ച ചുവപ്പു തൊപ്പിയണിഞ്ഞ് കൈയില്‍ റോഷി അഗസ്റ്റിന്റെ ചിത്രവും ഏന്തിയ ആയിരങ്ങള്‍ അണിനിരന്നപ്പോള്‍ കട്ടപ്പന ടൗണ്‍ അക്ഷരാര്‍ഥത്തില്‍ ചുവപ്പു സാഗരമായി. ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി തുറന്ന ജീപ്പില്‍ ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്‍. കട്ടപ്പനയെ ആവേശത്തിലാഴ്ത്തി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള റോഡ് ഷോ എല്‍ഡിഎഫിന്റെ ശക്തി പ്രകടനമായി. കത്തിക്കാളുന്ന വെയിലിനെ അവഗണിച്ച് രാഷ്ട്രീയത്തിന് അതീതമായി സാധാരണക്കാരും സ്ത്രീകളും അടക്കം കട്ടപ്പനയിലെ ജനങ്ങള്‍ ഒന്നടങ്കം റോഡ് ഷോയുടെ ഭാഗമായത് ശ്രദ്ധേയമായി. ഇടുക്കി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷമായിരുന്നു റോഡ് ഷോ.

കട്ടപ്പന മുനിസിപ്പല്‍ ഗ്രൗണ്ടില്‍ ആരംഭിച്ച് പൊലീസ് സ്റ്റേഷനു മുന്നിലൂടെ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേര്‍ന്ന് ഇടുക്കി കവലയിലൂടെ വന്ന കട്ടപ്പന ഐശ്വര്യ തീയറ്ററിനു സമീപം സമാപിക്കുന്ന തരത്തിലായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചിരുന്നത്. റോഡ് ഷോയുടെ മുന്‍ഭാഗം ഐശ്വര്യ തീയറ്ററില്‍ സമാപിക്കുമ്പോള്‍ പിന്‍ഭാഗം ഇടുക്കി കവലയില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. വലിയ തോതില്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നെങ്കിലും കൃത്യമായ ആസൂത്രണം മൂലം ഗതാഗത തടസം ഒഴിവായി. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനങ്ങളുടെ പാര്‍ക്കിങ് ഉള്‍പ്പെടെ കൃത്യമായ ആസൂത്രണമാണ് നടത്തിയിരുന്നത്.


