
പീരുമേട്: തോട്ടം തൊഴിലാളികളടക്കം നിരവധി പേര്‍ താമസിക്കുന്ന ഗ്രാമ്പി പ്രദേശത്ത് രണ്ടാഴ്ച്ചയിലേറെയായി ഭീതി പരത്തിയ കടുവയെയാണ് ഇന്നലെ വനപാലക സംഘം കൊന്നത്. അവശ നിലയിലായിരുന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടാനായിരുന്നു ശ്രമമെങ്കിലും ഒരു കടുവയുടെ പെട്ടെന്നു ആക്രമണത്തെ തുടര്‍ന്ന് വെടിവച്ചു വീഴ്‌ത്തേണ്ട സ്ഥിതി വരികയായിരുന്നു. ഒരാഴ്ച്ചയിലേറെയായി വനപാലക സംഘം നടത്തിയ ശ്രമങ്ങളാണ് കടുവാ ശല്യത്തിന് അറുതി വരുത്തിയത്. ഗ്രാമ്പി കടുവാ ദൗത്യത്തിന്റെ നാള്‍ വഴികളിലൂടെ…
മാര്‍ച്ച് രണ്ട്
ഗ്രാമ്പി എസ്‌റ്റേറ്റിലെ ആറാം നമ്പര്‍ ഫാക്ടറിക്ക് സമീപം വൈകിട്ട് ആറോടെ ഭീമന്‍ കടുവയെ നാട്ടുകാര്‍ കാണുന്നു. തേയിലക്കാട്ടിനുള്ളിലെ ചതുപ്പില്‍ കിടക്കുന്ന നിലയിലായിരുന്നു. ഒരു മണിക്കൂറോളം ചതുപ്പില്‍ കിടന്ന കടുവയുടെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ ക്യാമറയില്‍ പകര്‍ത്തി.
തുടര്‍ന്ന് ഇവര്‍ വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും കാടിനുള്ളില്‍ മറഞ്ഞു.

മാര്‍ച്ച് 11
ഗ്രാമ്പി എല്‍.പി. സ്‌കൂളിന് 100 മീറ്റര്‍ അകലെ കടുവ വീണ്ടുമെത്തി. എസ്‌റ്റേറ്റില്‍ താമസിക്കുന്ന മണികണ്ഠന്‍, യേശയ്യ എന്നിവരുടെ തോട്ടത്തില്‍ മേയാന്‍ വിട്ട പശുക്കളെ കടുവ ആക്രമിച്ചു. പശുവിന്റെ അലര്‍ച്ച കേട്ട് ഓടിയെത്തിയ മണികണ്ഠനാണ് കടുവ പശുവിനെ ആക്രമിക്കുന്നത് കണ്ടത്. ഇയാള്‍ ഉടന്‍ തന്നെ ബഹളം വെച്ചു മറ്റുള്ളവരെ കൂട്ടുകയും ചെയ്തു. ആളുകള്‍ കൂടിയതോടെ കടുവ കാട്ടിലേക്ക് മറഞ്ഞു.
വിവരം അറിഞ്ഞ് കോട്ടയം ഡി.എഫ്.ഒ. എന്‍. രാജേഷിന്റെ നിര്‍ദേശപ്രകാരം എരുമേലി റെയ്ഞ്ച് ഓഫീസര്‍ കെ. ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിപിക്കുന്നതിന് അനുമതിക്കായി മുഖ്യവനപാലകന് കത്ത് നല്‍കി.

മാര്‍ച്ച് 12
കടുവയെ കണ്ടതിനു സമീപം കൂട് സ്ഥാപിച്ചു. കാലിനു പരുക്കേറ്റ് അവശ നിലയിലായതിനാല്‍ കടുവ കൂട്ടിലെ ഇരയെ പിടികൂടാനെത്തുമെന്നായിരുന്നു പ്രതീക്ഷ.
മാര്‍ച്ച് 15
കൂട് സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാന്‍ കഴിയാതെ വന്നതോടെ ജനങ്ങള്‍ പ്രതിഷേധത്തില്‍. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സായാഹ്ന ധര്‍ണ നടത്തി. സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നു. കടുവയെ പിടിയില്ലെങ്കില്‍ ബഹുജന പങ്കാളിത്തത്തോടെ വനം വകുപ്പിന്റെ ഓഫിസുകള്‍ ഉപരോധിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പിന്നാലെ കടുവയെ ഉടന്‍ പിടികൂടുമെന്ന് വനം വകുപ്പിന്റെ ഉറപ്പ്. കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിറക്കി.
മാര്‍ച്ച് 16
മയക്കുവെടിവയ്ക്കാന്‍ വനപാല സംഘം പുലര്‍ച്ചെ മുതല്‍ ശ്രമം തുടങ്ങിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തലേന്ന് വരെ നിരീക്ഷണത്തിലായിരുന്ന കടുവ പൊടുന്നനെ അപ്രത്യക്ഷമായത് ദൗത്യത്തിന് വെല്ലുവിളിയായി.
വൈകിട്ട് 4.30 വരെയുള്ള തിരച്ചലിലും കടുവയെ കണ്ടെത്താനാവാതെ വന്നതോടെ ദൗത്യം നിര്‍ത്തിവച്ചു. ഡ്രോണും സ്‌നിഫര്‍ ഡോഗിനെയും തിരച്ചിലിനായി ഉപയോഗിച്ചിരുന്നു.
മാര്‍ച്ച് 17 പുലര്‍ച്ചെ മൂന്ന് മണി
ഗ്രാമ്പിക്ക് സമീപം അരണക്കല്‍ മേഖലയില്‍ വളര്‍ത്തു മൃഗങ്ങളെ കടുവ ആക്രമിക്കുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു. നാട്ടുകാര്‍ കടുവയുടെ നീക്കം ശ്രദ്ധിക്കുന്നു.
പുലര്‍ച്ചെ 6.30
ഗ്രാമ്പിയില്‍ തമ്പടിച്ചിരുന്ന ദൗത്യ സംഘം കടുവയെ മയക്കുവെടിവക്കാന്‍ സന്നാഹങ്ങളുമായി രംഗത്ത്. വെറ്റിനറി ഡോക്ടര്‍മാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടികൂടാനിറങ്ങിയത്.
പുലര്‍ച്ചെ ഏഴ് മണി
കടുവ തേയിലക്കാട്ടില്‍ പതുങ്ങിയതായി മനസിലാക്കിയ ദൗത്യ സംഘം പുറത്തിറങ്ങുന്നത് കാത്തിരുന്നു. തോക്കുകളുമായി ദൗത്യ സംഘവും ഒപ്പം.

പകല്‍ 11 മണി
തേയിലക്കാട്ടിനുള്ളില്‍ നിന്നും കടുവ പുറത്തേക്ക്. ഡോ. അനുമോദ് കടുവയെ ലക്ഷ്യമാക്കി ആദ്യ മയക്കുവെടിയുതിര്‍ത്തു. ഈ വെടി കൊണ്ടില്ലെന്നാണ് അനുമാനം. വെടിയേറ്റെന്ന് കരുതി ദൗത്യ സംഘം കടുവയുടെ അടുത്തേക്ക്. ദൗത്യ സംഘത്തെ കണ്ടതും കടുവ ചീറിയടുത്തു.
രണ്ടാമതും മയക്കുവെടിവച്ചെങ്കിലും കടുവ അക്രമാ സക്തനായി ഡോ. അനുമോദിനു നേര്‍ക്ക് പാഞ്ഞടുത്തു. ആറടി ഉയരത്തില്‍ ചാടിയ കടുവ അനുമോദിനു സമീപം നിന്ന വനപാലക സംഘത്തിലെ മനുവിന്റെ ഹെല്‍മറ്റും ഷീല്‍ഡും അടിച്ചു തകര്‍ത്തു.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ ഭയന്ന വനപാലക സംഘം കടുവയെ വെടിവച്ചു വീഴ്ത്തി.
11.30
കടുവയെ ടാര്‍പോളിനില്‍ പൊതിഞ്ഞ് പുറത്തെത്തിച്ചു. തുടര്‍ന്ന് തേക്കടിയിലേക്ക്…

ഇടുക്കി സര്‍ക്കിള്‍ സി.സി.എഫ് ആര്‍.എസ്. അരുണ്‍, ഡി.എഫ്.ഒ എന്‍. രാജേഷ്, വനം വകുപ്പിന്റെ ഡോക്ടര്‍മാരായ അനുരാജ്, അനുമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ പിടി കൂടാനുള്ള സംഘത്തിന്റെ പ്രവര്‍ത്തനം ഏകോപിച്ചത്. ഏരുമേലി അഴുത റേഞ്ചില്‍ നിന്നുള്ള നാല്‍പത് അംഗ സംഘമാണ് നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്.




