കട്ടപ്പന: നിര്‍ത്തിയിട്ടിരുന്ന ജീപ്പ് മോഷ്ടിച്ചു കടത്തിയ മൂന്നംഗ സംഘം പിടിയില്‍. കുമളി റോസാപ്പൂകണ്ടം ദേവികാ ഭവനത്തില്‍ ജിഷ്ണു (24), കുമളി ഗാന്ധിനഗര്‍ കോളനി സ്വദേശി ഭുവനേശ് (23), റോസാപ്പൂ കണ്ടം മേട്ടില്‍ അജിത്ത് (23) എന്നിവരാണ് പിടിയിലായത്. അണക്കര പാമ്പ്പാറയില്‍ നിന്നുമാണ് പ്രതികള്‍ ജീപ്പ് മോഷ്ടിച്ചു കടത്തിയത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഘം പാമ്പ്പാറ സ്വദേശി മൂലേപള്ളത്തു വീട്ടില്‍ കുഞ്ഞുമോന്‍ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് മോഷ്ടിച്ചത്. പച്ച ബൊലോറ വാഹനത്തിലെത്തിയ പ്രതികള്‍ ജീപ്പ് തള്ളി സ്റ്റാര്‍ട്ടാക്കിയശേഷം തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു. വെളുപ്പിന് കുമളിയില്‍ വച്ച് പച്ച ബൊലോറ ശ്രദ്ധയില്‍പ്പെട്ടയാള്‍ പോലീസിനേ വിവരമറിയിച്ചതാണ് പ്രതികളേ പിടികൂടാന്‍ സഹായമായത്. സി.സി. ടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ജീപ്പ് പൊളിച്ച് വില്‍ക്കുന്നതിനായി കമ്പം ഉത്തമ പാളയത്ത് എത്തിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. വണ്ടന്‍മേട് പോലീസിന് ലഭിച്ച പരാതിയേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളേ പിടികൂടുകയായിരുന്നു. ഒന്നാം പ്രതി ജിഷ്ണു കഞ്ചാവ് കൈവശം വച്ചതും ചെക്ക് കേസും ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്. ഇടുക്കി എസ്.പി വിഷ്ണു പ്രദീപ്, കട്ടപ്പന ഡി.വൈ.എസ്.പി. നിഷാദ് മോന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരം വണ്ടന്‍മേട് സി.ഐ. ഷൈന്‍കുമാര്‍, എസ്.ഐമാരായ ബിനോയി അബ്രഹാം, അശോകന്‍, സി.പി.ഒമാരായ
ജയ്‌മോന്‍, ജയന്‍, ബിനു കെ. ജോണ്‍, സാല്‍ജോമോന്‍, അരുണ്‍ പീതാംബരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ 11ന് സമാനമായ രീതിയില്‍ ഇവര്‍ ഏറത്തുങ്കല്‍ സോജിയുടെ ജീപ്പ് മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. പ്രതികളേ നെടുംങ്കണ്ടം കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here