
പീരുമേട്: മയക്കുവെടിവക്കാനുള്ള ശ്രമത്തിനിടെ ഗ്രാമ്പിയിലെ കടുവ ചാടിയത് ആറടിയോളം ഉയരത്തില്‍. തേയിലക്കാട്ടില്‍ മറഞ്ഞിരുന്ന കടുവയെ കണ്ടെത്താന്‍ ദൗത്യ സംഘം ഇന്നലെ പുലര്‍ച്ചെ മുതല്‍ ശ്രമം തുടങ്ങിയിരുന്നു. 11 ഓടെയാണ് കടുവ പുറത്തേക്ക് വന്നത്. ഈ സമയത്ത് ആദ്യം മയക്കുവെടിവച്ചെങ്കിലും ഇത് കൊണ്ടില്ല.

രണ്ടാമത് വച്ച മയക്കുവെടി കൊണ്ടതിനു പിന്നാലെ കടുവ ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആറടി ഉയരത്തില്‍ ചാടിയ കടുവ ദൗത്യ സംഘത്തിലെ മനുവിന്റെ ഹെല്‍മറ്റില്‍ അടിച്ചു. ഹെല്‍മറ്റ് തെറിച്ചു പോകുകയും കൈയില്‍ കരുതിയ ഷീല്‍ഡ് പൊട്ടുകയും ചെയ്തു.
കാര്യമായ പരുക്കുകളേറ്റില്ലെങ്കിലും മനുവിനെ പിന്നീട് കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടികൊണ്ട് ഹെല്‍മറ്റ് തെറിച്ചുപോയപ്പോള്‍ ശരിക്കും പേടിയായി. പിന്നൊന്നും ഓര്‍മയില്ല- മനു പറഞ്ഞു.