ഉപ്പുതറ: വനംമന്ത്രിയുടെ വാഹനം തടഞ്ഞതിന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാന്‍സീസ് അറക്കല്‍ പറമ്പില്‍ അറസ്റ്റില്‍. കഴിഞ്ഞ നാലിന് മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനം തടഞ്ഞതിനെ തുടര്‍ന്ന് എടുത്ത ജാമ്യമില്ല വകുപ്പ് പ്രകാരമുള്ള കേസിലാണ് അറസ്റ്റ് ചെയ്തത്. ഉപ്പുതറ പഞ്ചായത്ത് ഓഫീസില്‍ എത്തിയാണ് പഞ്ചായത്തംഗം കൂടിയായ ഫ്രാന്‍സീസിനെ ഉപ്പുതറ സി.ഐ ജോയി മാത്യു അറസ്റ്റ് ചെയ്തത്. ഫ്രാന്‍സിനെയുംപ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സന്തോഷ് രാജന്‍, ലിഞ്ചോ ജോസഫ് എന്നിവരെയുമാണ് ഉപ്പുതറ അറസ്റ്റ് ചെയ്തത്.
മന്ത്രിയുടെ സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരുടെ ക്യത്യനിര്‍വ്വഹണം തടസപ്പെടുത്തി എന്ന കേസിലാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. വന്യജീവി ശല്യം തടയാനുള്ള പദ്ധതികള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും വനം വകുപ്പിന്റെ ഭരണ റിപ്പോര്‍ട്ടില്‍ സി.എച്ച്.ആറിനെ സംരക്ഷിത വനമാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ജില്ലയിലെ കൃഷി ഭൂമിയുള്‍പ്പടെ വനമാക്കി മാറ്റുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിക്ഷേധിച്ചും ഫെബ്രുവരി നാലിന് അയ്യപ്പന്‍കോവില്‍ പരപ്പില്‍ വെച്ചാണ് മന്ത്രിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സന്തോഷ് രാജന്‍, ലിഞ്ചോ ജോസഫ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഉപ്പുതറ സി.ഐ ജോയി മാത്യു, എ.എസ്.ഐ.ആര്‍ ഹെന്‍ട്രി എന്നിവര്‍ ചേര്‍ന്നാണ് ഫ്രാന്‍സീസിനെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപ്പുതറ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞും പ്രതിഷേധിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിന്‍ ഐമനത്ത്, കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ഷാല്‍ വെട്ടിക്കാട്ടില്‍, അയ്യപ്പന്‍കോവില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. ജയിംസ് കാപ്പന്‍, വി.കെ കുഞ്ഞുമോന്‍ തുടങ്ങിയവര്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here