കരിമണ്ണൂര്‍: തൊമ്മന്‍കുത്ത് ചപ്പാത്ത് പൊളിച്ച് നീക്കി പാലം പണിയാനും ചപ്പാത്ത് പൊളിക്കുമ്പോള്‍ ഗതാഗത തടസ്സം ഒഴിവാക്കാനായി തൊമ്മന്‍കുത്ത് പുഴയ്ക്ക് കുറുകെ താല്‍ക്കാലിക പാലം പണിയാനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ ബംഗളൂരു ഒഫീസില്‍ നിന്ന് അനുമതി ലഭിച്ചു. ഫെബ്രുവരി ആറിനാണ് ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന വനം വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ അനുമതി പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും ഉത്തരവിലുണ്ട്. ഇപ്പോള്‍ ലഭിച്ചിട്ടുള്ള അനുമതിക്കാവശ്യമായ തുക പരിസ്ഥിതി മന്ത്രാലയത്തിന് ഒണ്‍ലൈനായി നിര്‍വഹണ ഏജന്‍സി അടയ്ക്കുന്നതോടെ പാലം പണിക്കുള്ള തടസ്സങ്ങള്‍ എല്ലാം ഒഴിവാകും. ഇതിന് പുറമേ നാല്‍പതേക്കര്‍ ഭാഗത്തെ കലുങ്ക് പൊളിച്ച് പണിയുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോതമംഗലം ഡി.എഫ്.ഒ ഓഫീസില്‍ നിന്ന് അടയ്ക്കേണ്ട തുകയും നിബന്ധനകളും സംബന്ധിച്ച് വ്യതമാക്കി കെ.എസ്.ടി.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കിയാല്‍ മാത്രമേ പാലം പണിയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ തുടങ്ങാന്‍ കഴിയൂവെന്ന് കെ.എസ്.ടി.പി അധികൃതര്‍ പറഞ്ഞു. തൊടുപുഴ – കരിമണ്ണൂര്‍ – വണ്ണപ്പുറം പാതയിലെ തൊമ്മന്‍കുത്ത് പുഴയ്ക്ക് കുറുകെയാണ് ചപ്പാത്തുള്ളത്. തൊമ്മന്‍കുത്ത്, ആനയാടിക്കുത്ത് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സമീപത്തെ മലയോര ഗ്രാമീണ മേഖലകളിലേക്കുമുള്ള ഏക റോഡിലാണിത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചപ്പാത്ത് മഴക്കാലത്ത് കര കവിഞ്ഞൊഴുകുക പതിവാണ്. ഇത് പലപ്പോഴും ഇതുവഴിയുള്ള ഗതാഗത തടസത്തിനും ഇടയാക്കും. കൈവരിയില്ലാത്ത് ചപ്പാത്ത് വലിയ അപകട ഭീഷണിയുമുയര്‍ത്തുന്നുണ്ട്. ഇക്കാരണത്താല്‍ നിരവധി വാഹനങ്ങള്‍ ചപ്പാത്തില്‍ നിന്നും പുഴയിലേക്ക് പതിച്ച് അപകടവുമുണ്ടായിട്ടുണ്ട്. ഇതിന് പുറമേ വീതി കുറവുള്ളതിനാല്‍ രണ്ട് ദിശകളില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് വശം കൊടുക്കാനും സാധിക്കില്ല. കാലപ്പഴക്കത്തെ തുടര്‍ന്ന് ചപ്പാത്ത് തകര്‍ച്ചയുടെ വക്കിലുമാണ്. നിലവില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന നെയ്യശേരി – തോക്കുമ്പന്‍സാഡില്‍ റോഡിന്റെ പണികള്‍ക്കൊപ്പം ഈ ചപ്പാത്ത് പൊളിച്ച് പാലം പണിയാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വനം വകുപ്പ് തടസം നില്‍ക്കുന്ന സാഹചര്യമാണുണ്ടായത്. ഇതേ തുടര്‍ന്ന് പാലം പണി ഒഴികെയുള്ള ഭാഗങ്ങളിലാണ് ഇപ്പോള്‍ നിര്‍മ്മാണം നടക്കുന്നത്. ചപ്പാത്ത്് പൊളിച്ച് പാലം പണിയാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇപ്പോള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റ ഒഫീസില്‍ നിന്നുള്ള അനുമതികിട്ടിയത്. ഇതിന്റെ തുടര്‍ച്ചയായി എത്രയും വേഗം പാലം പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here