അടിമാലി: ദേശീയപാതയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. എരുമേലി കാളകെട്ടി പുതുപ്പറമ്പിൽ അരവിന്ദൻ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ നേര്യമംഗലം വനമേഖലയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് അപകട സംഭവിച്ചത്. മാതാവിൻ്റെ സഹോദരിയുടെ ഒപ്പം ഈറ്റനെയ്ത്തു തൊഴിലിനായി എത്തിയതായിരുന്നു യുവാവ്. ഞായറാഴ്ച വാളറയിൽ വാടകയ്ക്ക് താമസം തുടങ്ങിയ അരവിന്ദൻ ഇന്നലെ രാവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുമായി ബന്ധപ്പെട്ട് എറണാകുളത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. കോതമംഗലം ഭാഗത്തു നിന്നും ദേവികുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ബൈക്ക് ഇടിക്കുകയിരുന്നു. അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.