തൊടുപുഴ: വധ ശ്രമകേസിൽ ദമ്പതികൾക്ക് ഒമ്പത് വർഷം തടവും 30,000 രൂപ പിഴയും. വാളറ കിഴക്കേവിള വീട്ടിൽ ശശിയെ (58)വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വാളറ ഒഴുകത്തടം സെറ്റിൽമെന്റിൽ മണിക്കുട്ടൻ എന്നുവിളിക്കുന്ന വിജയൻ (50) ഭാര്യ രജനി (46) എന്നിവരെ തൊടുപുഴ അസിസ്‌റ്റന്റ് സെഷൻസ് ജഡ്‌ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലകായി ഒമ്പത് വർഷവും മൂന്ന് മാസവും തടവും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴത്തുക പരിക്കേറ്റ ശശിക്കു നൽകാനും വിധിച്ചു. 2019 ഫബ്രുവരി 27നാണ് കസിനാസ്‌പദമായ സംഭവം നടന്നത്. ടി.വി കണ്ടുകൊണ്ടിരുന്ന ശശിയെ വീട്ടിൽ അതിക്രമിച്ചുകയറി പ്രതികൾ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിജയന്റെ ബന്ധുവിനെ കഞ്ചാവ് കേസിൽ പൊലീസിന് ഒറ്റിക്കൊടുത്തു എന്ന വിരോധത്തിലാണ് ആക്രമണം നടത്തിയത്. അടിമാലി പൊലീസ് എസ്.ച്ച്.ഒ ആയിരുന്ന കെ. സദൻ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി എസ് രാജേഷ് ഹാജരായി.


