തൊടുപുഴ: കാട്ടാന കലിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും ഇതിനൊരു അറുതിയെന്നെന്ന് ആര്‍ക്കും പറയാനാവുന്നില്ല. ഒരാഴ്ചക്കിടെ കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ ഒരു ജീവന്‍ കൂടി ഇന്നലെ പൊലിഞ്ഞു. ഇടുക്കി പെരുവന്താനത്തിന് സമീപം മതംബ കൊമ്പന്‍പാറയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയാണ് ദാരുണമായി കൊല്ലപ്പെട്ടത്. നെല്ലിവിള പുത്തന്‍ വീട്ടില്‍ സോഫിയ ഇസ്മായില്‍ (45) ന്റെ ജീവനമാണ് ഇന്നലെ പൊലിഞ്ഞത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ ടീ ആര്‍ ആന്‍ഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് കാട്ടാനയുടെ ആക്രമണം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ചിന്നാര്‍ വന്യജീവീ സങ്കേതത്തില്‍ വനാതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ തെളിക്കുന്ന ജോലിയ്ക്കിടെ തൊഴിലാളി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന്റെ നടുക്കം മാറും മുമ്പെയാണ് കാട്ടാനയുടെ ആക്രമണത്തിനിരയായി സ്ത്രീ മരിച്ചത്. ഒരു മാസം മുമ്പ് മുള്ളരിങ്ങാട് അമയല്‍തൊട്ടിയിലും കാട്ടാനയുടെ മുന്നില്‍പ്പെട്ട യുവാവിനെ ആന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. അമര്‍ ഇലാഹിയെന്ന 22 കാരനാണ് അന്ന് കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജില്ലയില്‍ വര്‍ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ കുട്ടിക്കാനത്ത് വനം, വന്യജീവി വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നിരുന്നു. അടിക്കടി ജില്ലയില്‍ കാട്ടാനകളുടെ ആക്രമണത്തിനിരയായി മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടും ഇതിനു പരിഹാരം കാണുന്ന കാര്യത്തില്‍ തുടരുന്ന അലംഭാവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കാട്ടാനയുടെ മുന്നില്‍ നിസ്സഹായരായി ജനങ്ങള്‍
ഇന്നലെ വൈകുന്നേരം കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയയെ കാട്ടാന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും അമ്മയെ കാണാത്തതിന് തുടര്‍ന്ന് മകന്‍ അന്വേഷിച്ച ചെന്നപ്പോഴാണ് മരിച്ച നിലയില്‍ സോഫിയയെ കണ്ടെത്തിയത്. കഴിഞ്ഞ ആറിനാണ് മറയൂര്‍ ചമ്പക്കാട് കുടിയില്‍ താമസിക്കുന്ന വിമലന്‍ (57) ആണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വനാതിര്‍ത്തിയില്‍ ഫയര്‍ ലൈന്‍ തെളിക്കുന്നതിനുള്ള ജോലിയ്ക്കു പോയപ്പോള്‍ കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 29നാണ് മുള്ളരിങ്ങാട് അമയല്‍ തൊട്ടിയില്‍ പാലിയത്ത് അമര്‍ ഇബ്രാഹിം(22) ആനയുടെ ആക്രമമത്തില്‍ കൊല്ലപ്പെട്ടത്. ജനവാസ മേഖലയ്ക്ക് സമീപമെത്തിയ ആന വളര്‍ത്തു പശുവിനെ അഴിക്കാനെത്തിയ അമറിനെ ആക്രമിക്കുകയായിരുന്നു. അമര്‍ ഇബ്രാഹിം ഉള്‍പ്പെടെ 2024ല്‍ ജില്ലയില്‍ ഏഴു പേരെയാണ് കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. മൂന്നാര്‍ തോണ്ടിമല പന്നിയാര്‍ എസ്റ്റേറ്റില്‍ പരിമളം (44), പൂപ്പാറ ബിഎല്‍റാം സ്വദേശി വെള്ളക്കല്ലില്‍ സൗന്ദര്‍ രാജ്, കോയമ്പത്തൂര്‍ സ്വദേശി കെ.പോള്‍രാജ് (79), മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ സുരേഷ് കുമാര്‍, അടിമാലി കാഞ്ഞിരവേലി സ്വദേശി ഇന്ദിര, ചിന്നക്കനാല്‍ ടാങ്ക്കുടി സ്വദേശി കണ്ണന്‍ (47) എന്നിവരും കഴിഞ്ഞ വര്‍ഷം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു.


