തൊടുപുഴ: വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വൈകുന്നത് തുടര്‍ക്കഥയാകുന്നു. ഏതാനും വര്‍ഷം മുമ്പ് വരെ നഷ്ടപരിഹാരം നാമമാത്രമായി പോലും കിട്ടിയിരുന്നില്ല. നഷ്ടപരിഹാരം പത്ത് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും ഇത് സമയബന്ധിതമായി നല്‍കാറില്ല. അടിയന്തിര സഹായമായി 50000 രൂപാ നല്‍കാറുണ്ട്. അടുത്ത കാലത്ത് പ്രതിഷേധം ശക്തമാകുമ്പോള്‍ മന്ത്രി തല ഇടപെടലുണ്ടാകുമ്പോള്‍ അഞ്ച് ലക്ഷത്തില്‍ താഴെ തുക കൈമാറുന്ന സ്ഥിതിയിലേക്കെത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും തുക നല്‍കാന്‍ തയ്യാറാകാറില്ല. ഇത്തരത്തില്‍ അറുന്നൂറിലേറെ അപേക്ഷകളിലായി നാലു കോടിയോളം രൂപയാണ് കുടിശികയുള്ളതെന്ന് വനം വകുപ്പ് തന്നെ വ്യക്തമാക്കുന്നു. ഫണ്ടിന്റെ ലഭ്യതക്കുറവും വ്യക്തമായ രേഖകള്‍ സമര്‍പ്പിക്കാത്തതുമാണ് വനംവകുപ്പ് പറയുന്ന ന്യായങ്ങള്‍.
ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടാതെ അമര്‍ ഇലാഹിയുടെ കുടുംബം
കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാലിയത്ത് ഇബ്രാഹിമിന്റെ മകന്‍ അമര്‍ ഇലാഹിയുടെ (22) കുടുംബത്തിന് ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം കിട്ടിയില്ല. ഡിസംബര്‍ 29ന് ഇടുക്കി മുള്ളരിങ്ങാടാണ് സംഭവം നടന്നത്. അമറിന്റെ മൃതദേഹവുമായി രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അടിയന്തര സഹായമായി നാല് ലക്ഷം രൂപ നല്‍കിയിരുന്നു. ശേഷിക്കുന്ന ആറു ലക്ഷം രൂപയ്ക്കായി നിര്‍ദ്ധന കുടുംബം വനംവകുപ്പ് ഓഫീസ് കയറിയിറങ്ങുകയാണ്. ബാക്കി തുക കിട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന താലൂക്ക് അദാലത്തില്‍ കുടുംബാംഗങ്ങള്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ ബാക്കി പണം നല്‍കാമെന്ന ഉറപ്പിലാണ് കുടുംബത്തെ അധികൃതര്‍ മടക്കി അയച്ചത്.
എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 909 ആളുകള്‍
കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ സംസ്ഥാനത്താകെ വന്യജീവി ആക്രമണങ്ങളില്‍ തൊള്ളായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗം പേരുടെയും കുടുംബങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സ്ഥിര ജോലിയും ലഭിച്ചിട്ടില്ല. ചില കുടുംബങ്ങള്‍ക്ക് കിട്ടിയത് അടിയന്തര സഹായമായി നല്‍കിയ അമ്പതിനായിരം രൂപ മാത്രമാണ്. മൂന്നാര്‍ ഡിവിഷനില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പന്നിയാര്‍ സ്വദേശിനി പരിമളം(44), കോയമ്പത്തൂര്‍ സ്വദേശിപോള്‍ രാജ് (73), ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി വെള്ളക്കല്ലില്‍ സൗന്ദര്‍രാജന്‍ (68) തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ മാത്രമാണ് കിട്ടിയത്. വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഒരു മാസം മുമ്പ് നിയമസഭയില്‍ വച്ച കണക്കുപ്രകാരം 2016 മുതല്‍ 2024 വരെയുള്ള കാലയളവില്‍ 909 പേര്‍ വന്യജീവികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 7492 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരില്‍ ജീവിതം പൂര്‍ണ്ണമായും കിടക്കയിലായ നിരവധി പേരുണ്ട്. 2024 ഫെബ്രുവരി 26ന് രാത്രി കന്നിമല ടോപ് ഡിവിഷനില്‍ ഓട്ടോറിക്ഷയ്ക്ക് നേരെയുണ്ടായ കാട്ടാനയാക്രമണത്തില്‍ ഡ്രൈവര്‍ സുരേഷ് കുമാര്‍ (46) കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന കുട്ടിയടക്കം മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഓട്ടോ യാത്രികരായിരുന്ന എസക്കിരാജ്, ഭാര്യ റജീന, മകള്‍ കുട്ടിപ്രിയ എന്നിവര്‍ക്ക് ഒരു വര്‍ഷമായിട്ടും ഒരു രൂപ പോലും കിട്ടിയില്ല.
പണം കിട്ടാന്‍ കടമ്പളേറെ
വന്യജീവിയാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് അടിയന്തരമായി 50,000 രൂപയാണ് നല്‍കുക. വില്ലേജ് ഓഫീസില്‍ നിന്നുള്ള ബന്ധുത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ നാലര ലക്ഷം രൂപയും താലൂക്ക് ഓഫീസില്‍ നിന്നുള്ള അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമ്പോള്‍ ബാക്കിയുള്ള അഞ്ച് ലക്ഷം രൂപയും അനുവദിക്കാറുണ്ട്. എന്നാല്‍, ഗസറ്റില്‍ പരസ്യം ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ഏറെ സമയമെടുക്കും. മുമ്പ് വില്ലേജ് ഓഫീസില്‍ നിന്ന് നല്‍കുന്ന കുടുംബാംഗത്വ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുമായിരുന്നു.
നഷ്ടപരിഹാരം കൂട്ടണം
വന്യജീവിയാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷവും പരിക്കേറ്റാല്‍ ഒരു ലക്ഷവുമാണ് നിലവില്‍ അനുവദിക്കുക. ഈ തുക ദുരന്തനിവാരണ നിധികൂടി ഉള്‍പ്പെടുത്തി വര്‍ദ്ധിപ്പിക്കാന്‍ ആലോചനയുണ്ട്. ഇതു സംബന്ധിച്ച് വനംവകുപ്പ് സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്. മന്ത്രിസഭയാണ് അന്തിമതീരുമാനമെടുക്കേണ്ടത്.


