തൊടുപുഴ: സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി വി വർഗീസ് തുടരും. സീതാറാം യെച്ചൂരി നഗറിൽ(തൊടുപുഴ) നടന്ന പ്രതിനിധി സമ്മേനം ഏകകണ്ഠമായാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. അറുപത്തിനാലുകാരനായ സി വി വർഗീസ് കെഎസ്‍വൈഎഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. നാലര പതിറ്റാണ്ടായി സജീവം. 23 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗവുമാണ്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്. ഇടുക്കി മെഡിക്കൽ കോളേജ് മന്ത്രിയുടെ പ്രതിനിധി, കട്ടപ്പന, തങ്കമണി, ബഥേൽ സഹകരണ ആശുപത്രി സ്ഥാപകൻ, ജൈവഗ്രാം ജില്ലാ സഹകരണസംഘം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ചെള്ളക്കുഴിയിൽ വർഗീസ്-–-ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനിച്ചു. 18-ാം വയസിൽ പാർടിയംഗമായി. 1980ൽ അമ്പലമേട് ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് തങ്കമണി ലോക്കൽ സെക്രട്ടറിയും ഇടുക്കി ഏരിയ സെക്രട്ടറിയുമായി. 1991ൽ ജില്ലാ കമ്മിറ്റിയംഗമായി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അവകാശ സമരങ്ങളിൽ പങ്കെടുത്തതിന് പൊലീസുകാർ കൈ തല്ലിയൊടിച്ചു. ഗുണ്ടാ മർദ്ദനവും നേരിട്ടു. ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാമോൾ, അമൽ.




