തൊടുപുഴ: വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിനി വിജയമ്മയെ (50)  കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്.  ഡൈമുക്ക് ബംഗ്ലാവ്മുക്ക് സ്വദേശി രതീഷിനെ (33) യാണ് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആഷ് കെ.ബാല്‍  ജീവ പര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.  ബലാത്സംഗത്തിന് ഏഴു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും  വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം. ആകെ 21 വര്‍ഷം കഠിന തടവാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലു വര്‍ഷം കൂടി   തടവ് അനുഭവിക്കണം. ഡൈമുക്ക് പുന്നവേലി വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മ (50) 2020 ഫെബ്രുവരി 23നാണ്  കൊല്ലപ്പെട്ടത്. പീഡന ശ്രമം ചെറുത്ത വിജയമ്മയെ പ്രതി മൃഗീയമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

പശുവിനെ അഴിക്കുന്നതിനായി തേയിലക്കാട്ടില്‍ എത്തിയ വിജയമ്മയെ പക്ഷികളെ പിടിക്കുന്നതിനു മരത്തില്‍ കയറിയിരുന്ന രതീഷ് കണ്ടു. ഇതോടെ തനിയ്ക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെ ഒഴിവാക്കിയ ശേഷം രതീഷ് വിജയമ്മയെ തലയ്ക്കു പിന്നില്‍ കത്തിയുടെ പിടികൊണ്ട് അടിച്ചു ബോധം കെടുത്തിയശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വീട്ടമ്മ ഉണര്‍ന്നപ്പോള്‍ കത്തി കൊണ്ടു തലയ്ക്കു പിന്നില്‍ മൂന്നു തവണ വെട്ടി മരണം ഉറപ്പാക്കി. ഇതിനു ശേഷം മൃതദേഹം വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. വണ്ടിപ്പെരിയാര്‍ സി.ഐ ആയിരുന്ന ടി.ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 32 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ് രാജേഷ് ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here