തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ സമ്മേളന സമാപനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ റെഡ് വോളണ്ടിയര്‍ പരേഡിലും പ്രകടനത്തിലും അണികള്‍ ഒഴുകിയെത്തിയതോടെ തൊടുപുഴ നഗരം ചുവപ്പണിഞ്ഞു. മൂന്ന് ദിവസങ്ങളിലായി തൊടുപുഴ ലിസ് ഗ്രൗണ്ടിലെ സീതാറാം യെച്ചൂരി നഗറില്‍ നടന്ന ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് പതിനായിരത്തോളം ചുവപ്പ് സേനാ വാളണ്ടിയര്‍മാരാണ് പരേഡ് നടത്തിയത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ മങ്ങാട്ട്കവലയില്‍ നിന്നാരംഭിച്ച പരേഡ് നഗര വീഥികളെ പ്രകമ്പനം കൊള്ളിച്ച് സി.പി.എമ്മിന്റെ ശക്തി വിളംബരം ചെയ്തായിരുന്നു കടന്ന് പോയത്. സമാപന സമ്മേളനം നടന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറിലേക്ക് (ഗാന്ധി സ്‌ക്വയര്‍, പഴയ സ്റ്റാന്‍ഡ്) കടന്നുവന്ന പരേഡിനെ ഹര്‍ഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയും തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ വരവേറ്റു. ഈ സമയം സമ്മേളന പ്രതിനിധികളെല്ലാവരും വോളണ്ടിയര്‍ പരേഡിന്റെ മുമ്പില്‍ അണി നിരന്നു.

പരേഡിന് തൊട്ട് പിന്നാലെ സി.പി.എം തൊടുപുഴ വെസ്റ്റ് ഓഫീസ് പരിസരത്ത് നിന്നും ഷാപ്പുംപടിയില്‍ നിന്നും ആരംഭിച്ച പ്രകടനങ്ങളില്‍ അര ലക്ഷത്തോളം ആളുകള്‍ പങ്കെടുത്തു. ആവേശം വിതറും മുദ്രാവാക്യം വിളികളോടെ നീങ്ങിയ പ്രകടനം കൂടി നഗരമധ്യത്തിലേക്ക് എത്തിയതോടെ ഗാന്ധി സ്‌ക്വയറും പരിസരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലായി മാറി. സമ്മേളനത്തിന്റെ ഭാഗമായി നാളുകള്‍ക്ക് മുന്നേ തൊടുപുഴയും പരിസര പ്രദേശങ്ങളും കൊടി തോരണങ്ങളും വെളിച്ചവും കൊണ്ട് അലങ്കരിച്ചിരുന്നു. ഇന്നലെ ഉച്ച മുതല്‍ തന്നെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരും പാര്‍ട്ടി സഹയാത്രികരും അനുഭാവികളും തൊടുപുഴയിലേക്ക് ഒഴുകിയിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരെക്കൊണ്ടും ഇവര്‍ വന്ന വാഹങ്ങളെക്കൊണ്ടും തൊടുപുഴ നഗരം നിറഞ്ഞു. ഗതാഗത ക്രമീകരണവും പ്രത്യേക പാര്‍ക്കിങ് ഏരിയകളും നിശ്ചയിച്ചിട്ടുണ്ടായിരുന്നെങ്കിലും പല ജങ്ഷനുകളിലും ഏറെ നേരം ഗതഗാതം തടസപ്പെട്ടു. തൊടുപുഴ സബ് ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നെത്തിയ പോലീസിനെ നഗരത്തിലെ എല്ലാ പോയിന്റെുകളിലും നിയോഗിച്ചിരുന്നു. പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് നഗരത്തിലെ കുരുക്കിലകപ്പെട്ട വാഹനങ്ങള്‍ കടത്തിവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here