തൊടുപുഴ: കൗണ്‍സിലര്‍മാര്‍ തമ്മിലുള്ള പടലപ്പിണക്കം മൂലം തൊടുപുഴ നഗരസഭാ ഭരണം പ്രതിസന്ധിയില്‍. നഗരസഭാ ഭരണം കൈയാളുന്ന എല്‍.ഡി.എഫില്‍ പോലും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ രണ്ടു തട്ടിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഇതു മറനീക്കി പുറത്തു വന്നതോടെയാണ് ഇടതു മുന്നണിയില്‍ തന്നെ കാര്യങ്ങള്‍ കൈ വിട്ടു പോകുന്ന നിലയിലെത്തിയത്. ഇതിനിടെ കഴിഞ്ഞ ദിവസം കൗണ്‍സിലില്‍ അജണ്ട ചര്‍ച്ചയ്ക്കെടുക്കാത്തതു മൂലം നഗരസഭയ്ക്ക് 25 ലക്ഷം രൂപയുടെ ഫണ്ട് നഷ്ടപ്പെട്ടെന്ന ആരോപണമുമായി വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. ജെസി ആന്റണി രംഗത്തെത്തി. നാലു മാസം മുമ്പ് നടന്ന ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭരണം വീണ്ടും ഇടതു മുന്നണിയ്ക്ക് ലഭിച്ചിരുന്നു. ലഭിക്കുമെന്നുറപ്പായ ഭരണമാണ് മുസ്ലീം ലീഗിന്റെ നിലപാടു മൂലം യു.ഡി.എഫിനു കൈവിട്ടു പോയത്. എന്നാല്‍ ചെയര്‍പേഴ്സണായി സി.പി.എമ്മിലെ സബീന ബിഞ്ചു ചുമതലയേറ്റതിനു ശേഷമാണ് നഗരസഭയില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തത്. പല കൗണ്‍സില്‍ യോഗങ്ങളിലും ചെയര്‍പേഴ്സണ്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ട്. ഭരണകക്ഷി മെംബര്‍മാരില്‍ നിന്നു പോലും ചെയര്‍പേഴ്സണ് മതിയായ പിന്തുണ ലഭിക്കാറില്ലെന്നു മാത്രമല്ല വിമര്‍ശനവും നേരിടേണ്ടി വരുന്നുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കൗണ്‍സിലില്‍ പതിവായുള്ള അജണ്ട ചര്‍ച്ചയ്ക്കെടുക്കാത്തത് വലിയ വാഗ്വാദത്തിനിടയാക്കിയിരുന്നു. തകര്‍ന്നു കിടക്കുന്ന മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ കുഴിയടയ്ക്കല്‍ നടത്താത്തതിനെ ചൊല്ലി സി.പി.ഐ അംഗമായ മുഹമ്മദ് അഫ്സല്‍ കൗണ്‍സില്‍ യോഗത്തില്‍ എഴുന്നേറ്റ് നിന്നാണ് പ്രതിഷേധിച്ചത്. എന്നാല്‍ അജണ്ടയില്‍ ഇല്ലാത്ത വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് സി.പി.എം അംഗം ആര്‍.ഹരി അഭിപ്രായപ്പെട്ടതോടെ ചര്‍ച്ച അലങ്കോലപ്പെട്ടു. അഫ്സലിന് പിന്തുണയുമായി പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോകുകയും ചെയ്തു. എല്‍.ഡി.എഫിന്റെ നിലപാടിനു വിരുദ്ധമായാണ് സി.പി.ഐ അംഗം പ്രവര്‍ത്തിച്ചതെന്ന വിമര്‍ശനവുമായി ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചു പിന്നീട് രംഗത്തെത്തി. കൗണ്‍സിലില്‍ നില്‍പ്പ് സമരം നടത്തിയ സി.പി.ഐ കൗണ്‍സിലരുടെ നടപടി സി.പി.എം നേതൃത്വവും ഗൗരവത്തോടെയാണ് കാണുന്നത്. നവംബര്‍ 11ന് ചേര്‍ന്ന കൗണ്‍സിലില്‍ വാര്‍ഷിക പദ്ധതി ഭേദഗതിയില്‍ ചെയര്‍പേഴ്സണ്‍ ഇടപെട്ട് ചില പദ്ധതികള്‍ മാറ്റുകയും മറ്റ് ചിലത് ഉള്‍പ്പെടുത്തുകയും ചെയ്തത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സി.പി.എം അംഗം ആര്‍.ഹരി ഉള്‍പ്പെടെയാണ് അന്ന് ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചുവിനെതിരെ പ്രതികരിച്ചത്. ഇതിനിടെ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കുന്ന ഘട്ടത്തില്‍ ചെയര്‍പേഴ്സണ്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മുന്നണിയില്‍ നിന്നു പോലും ചെയര്‍പേഴ്സണ് മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന് കൗണ്‍സില്‍ യോഗത്തില്‍ സി.പി.ഐ അംഗങ്ങളായ മുഹമ്മദ് അഫ്സലും ജോസ് മഠത്തിലും സി.പി.എം അംഗം ആര്‍.ഹരിയും പ്രതിപക്ഷ അംഗങ്ങളുടെ നിലപാടിനൊപ്പമാണ് നിന്നത്. എല്‍.ഡി.എഫ്, മുസ്ലീം ലീഗ് അംഗങ്ങള്‍ കാഴ്ചക്കാരുടെ റോളിലായിരുന്നു. കേരള കോണ്‍ഗ്രസ് അംഗമായ വൈസ് ചെയര്‍പേഴ്സണ്‍ ജെസി ആന്റണിയും ഈ സമയം നിശബ്ദത പാലിക്കുകയായിരുന്നു. പിന്നീടാണ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്‌കരിച്ചതോടെ റോഡ് അറ്റകുറ്റപ്പണിയ്ക്ക് അനുവദിച്ച 25 ലക്ഷം രൂപയുടെ ഫണ്ട് നഷ്ടമായെന്ന് ധനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൂടിയായ വൈസ് ചെയര്‍പേഴ്സണ്‍ വ്യക്തമാക്കിയത്. നഗരസഭയിലെ തര്‍ക്കം മൂലം 2023-24 വര്‍ഷത്തെ പല പദ്ധതികള്‍ക്കും ഇതു വരെ തുടക്കമിടാന്‍ സാധിച്ചിട്ടില്ല. ഫണ്ട് നഷ്ടമാകുന്നത് നഗരസഭയിലെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിയ്ക്കുന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ ആരോപിച്ചു. ഇതിനിടെ മുനിസിപ്പല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് മുതല്‍ യു.ഡി.എഫില്‍ രൂപപ്പെട്ട കോണ്‍ഗ്രസ് – ലീഗ് തര്‍ക്കത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ്. തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും നഗരസഭയില്‍ രണ്ടു പാര്‍ട്ടികളും രണ്ടു തട്ടിലാണ്. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് വിഷയത്തില്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ച ശേഷം രണ്ടു പാര്‍ട്ടികളും വ്യത്യസ്ത സമരമാണ് നടത്തിയത്. കൗണ്‍സില്‍ യോഗങ്ങളില്‍ ലീഗുമായി ഒരു ധാരണയും വേണ്ടെന്ന മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നിലപാടില്‍ തന്നെ പാര്‍ലമെന്ററി പാര്‍ട്ടിയും ഉറച്ചു നില്‍ക്കുകയാണെന്നാണ് ഇതോടെ വ്യക്തമായത്.
നവമാധ്യത്തിലൂടെ ഏറ്റുമുട്ടി ചെയര്‍പേഴ്‌സണും കൗണ്‍സിലറും
നഗരസഭയിലെ ഭരണ – പ്രതിപക്ഷ മുന്നണികള്‍ക്കുള്ളില്‍ അസ്വാരസ്യം മറ നീക്കി പുറത്ത് വരുന്നത് സോഷ്യല്‍ മീഡിയിലും പ്രതിഫലിച്ചു. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലുണ്ടായ തര്‍ക്കത്തിന് തുടര്‍ച്ചയായാണ് ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചുവിന്റെ പെയ്‌സ്ബുക്ക് പോസ്റ്റ്. കുറിപ്പിന് താഴെ സി.പി.ഐ അംഗം മുഹമ്മദ് അഫ്‌സല്‍ മറുപടി കൂടി എഴുതിയതോടെ തര്‍ക്കം മുറുകി. ഇരുവര്‍ക്കും പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്.


