തൊടുപുഴ: ജില്ലാ ആശുപത്രിയിലെത്തുന്ന വൃക്ക രോഗികള്‍ക്ക് ആശ്വാസം. ജനുവരി രണ്ട് മുതല്‍ കൂടുതലാളുകള്‍ക്ക് ഡയാലിസിസ് സേവനം ലഭ്യമാക്കി തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ ഇതുവരെ ഒരു ഷ്ഫിറ്റില്‍ 30 രോഗികള്‍ക്കായിരുന്നു ഡയാലിസിസ് സേവനം ലഭ്യമാക്കിയിരുന്നത്. ജനുവരി ഒന്ന് മുതല്‍ ഇത് രണ്ട് ഷിഫ്റ്റായിട്ട് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ 30 രോഗികള്‍ക്ക് കൂടി ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യാനാകും. 2013 ഓഗസ്റ്റ് മാസത്തിലാണ് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. പതിമൂന്നര വര്‍ഷത്തിനിടെ ഏകദേശം 35000 ഡയാലിസിസ് പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. 16 ഡയാലിസിസ് മെഷീനുകളാണ് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലുള്ളത്. ഇതില്‍ 12 മെഷീനുകള്‍ ഗവണ്‍മെന്റില്‍ നിന്നും നാല് മെഷീനുകള്‍ റോട്ടറി ക്ലബ്ബില്‍ നിന്നും ലഭിച്ചതാണ്. ലോ റേഞ്ചിലെ പ്രധാന ആശുപത്രിയായതിനാല്‍ ആയിരക്കണക്കിനാളുകളാണ് തൊടുപുഴയിലെ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഇവിടെയെത്തുന്ന വൃക്ക രോഗികളുടെ എണ്ണവും അനവധിയാണ്. പല സാങ്കേതിക കാരണങ്ങളാല്‍ ഇടയ്ക്കിടെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. ഡയാലിസിസ് മെഷീനുകളുടെ തകരാര്‍ മുതല്‍ നെഫ്രോളജിസ്റ്റ് ഇല്ലാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് പലപ്പോഴും പ്രവര്‍ത്തനം തടസപ്പെട്ടിരുന്നത്. ഇതിനാണിപ്പോള്‍ പരിഹാരമായിരിക്കുന്നത്. നിലവില്‍ 30 രോഗികളാണ് ഡയാലിസിസിന് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പുറമേ 30 പേര്‍ക്കും കൂടി ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ പറഞ്ഞു. ഡയാലിസിസ് ആവശ്യമുള്ള രോഗികള്‍ ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള ഓഫീസിലെത്തി അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here