കട്ടപ്പന: നിയന്ത്രണം വിട്ട ബസ് പുതിയ സ്റ്റാന്‍ഡില്‍ യുവാവിനു നേരെ പാഞ്ഞു കയറി. കുമളി സ്വദേശി വിഷ്ണു പതിരാജാണ് (20) അപകടത്തില്‍പെട്ട്. ഇയാള്‍ തലനാരിഴയ്ക്ക് നിസാര പരുക്കോടെ രക്ഷപെട്ടു. സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് സംഭവം.
പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്ന യുവാവിനു നേര്‍ക്കാണ് ബസ് പാഞ്ഞടുത്തത്. സ്റ്റാന്‍ഡില്‍ നിന്നും പിന്നോട്ടെടുത്ത ബസ് ഗിയര്‍ മാറിവീണ് മുന്നോട്ട് കുതിക്കുകയായിരുന്നു. തുടര്‍ന്ന് ബസ് വിഷ്ണുവിന്റെ മേലേയ്ക്ക് ഇടിച്ചുകയറി. കഴുത്തൊപ്പം ബസ് ഇടിച്ചുകയറിയതോടെ ഇരുന്ന കസേര ഉള്‍പ്പെടെ പിന്നിലേക്ക് വളഞ്ഞു. ഇതോടെ സമീപത്തുള്ളവര്‍ ഓടിക്കൂടി. ബസ് പിന്നിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ഡ്രൈവര്‍ ബസ് പിന്നിലേക്ക് എടുത്തു.
ബസ് പിന്നിലേക്ക് മാറ്റിയതോടെ വിഷ്ണു എഴുന്നേറ്റു നടക്കുന്നത് സി.സി. ടിവി ദൃശ്യത്തില്‍ കാണാം. വിഷ്ണുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. കാലിന്റെ മുട്ടിനാണ് വിഷ്ണുവിന് പരുക്കുണ്ടായത്. കുമളി- മൂന്നാര്‍ ഓടുന്ന ദിയ ബസാണ് അപകടമുണ്ടാക്കിയത്.
ബസിന്റെ പ്ലാസ്റ്റിക് ബമ്പറാണ് വിഷ്ണുവിന് രക്ഷയായത്. ഇരുമ്പ് പോലുള്ള കാഠിന്യമേറിയ വസ്തു അല്ലാത്തതിനാല്‍ ഇടിയുടെ ആഘാതം കുറയ്ക്കാന്‍ സഹായിച്ചു. ഇരുന്ന കസേര പിന്നോട്ടു വളഞ്ഞതും രക്ഷയായി. ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ അടിത്തറ പൊക്കമുള്ളതായതിനാല്‍ ബസിന്റെ ടയര്‍ തറയിലേക്ക് കയറി നിന്നത് വാഹനത്തിന്റെ ഭാരം യുവാവിന്റെ ശരീരത്തിലേയ്ക്ക് എത്താതെ സഹായിച്ചു.


