മൂന്നാർ : ഉദ്യോഗസ്ഥർ മര്യാദയ്ക്ക് അല്ലെങ്കിൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ദേവികുളം എംഎൽഎ എ രാജ ദേവികുളം സ്പെഷ്യൽ തഹസിൽദാർ സി വി ഗായത്രിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്ത്. കഴിഞ്ഞമാസമാണ് എംഎൽഎ ഇത്തരത്തിൽ തഹസിൽദാരെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.

ദേവികുളം മണ്ഡലത്തിൽ പ്രത്യേകിച്ച് മൂന്നാർ മേഖലയിൽ സർക്കാർ ഭൂമിയും പുറമ്പോക്ക് ഭൂമിയും കയ്യേറിയുള്ള നിർമാണങ്ങൾ തകൃതിയായി നടക്കുകയാണ്. ഇതിന് തടയിടുന്നതിന് വേണ്ടിയാണ് മൂന്നാർ സ്പെഷ്യൽ തഹസിൽദാർ അടങ്ങുന്ന സംഘം ഭൂ സംരക്ഷണം സേനയെ അടക്കം രംഗത്തിറക്കി അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കുന്നത്. എന്നാൽ അനുകൃതം എന്ന് കണ്ടെത്തുന്ന നിർമ്മാണങ്ങൾ സ്റ്റോപ്പ് മെമോ നൽകിയിട്ടും അവധി ദിവസങ്ങളിൽ നിർമ്മാണം നടത്തുന്നതാണ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്. ഇതിലാണ് ദേവികുളം സ്പെഷ്യൽ തഹസിൽദാർ സി വി ഗായത്രി കർശന നിലപാട് സ്വീകരിച്ചത്. ഈ കാരണം തന്നെയാണ് എംഎൽഎ ചൊടിപ്പിച്ചതും.

പൂർണ്ണ രേഖ ഉള്ളതെന്ന് തനിക്ക് ബോധ്യപ്പെട്ടതും നിയമാനുസൃതം ഉള്ളതിനും മാത്രമേ അനുമതി നൽകൂ എന്ന് തഹസിൽദാർ പറയുമ്പോൾ അത്തരത്തിൽ നിയമങ്ങൾ നോക്കിയാൽ ഇവിടെ കെട്ടിടങ്ങൾ ഉയരില്ല എന്നാണ് എംഎൽഎയുടെ മറുപടി. മര്യാദയ്ക്ക് അല്ലെങ്കിൽ ഇതിനിറങ്ങുന്ന ജീവനക്കാരുടെ കയ്യും കാലും തല്ലിയൊടിക്കും എന്നും എംഎൽഎ ഭീഷണിപ്പെടുത്തി. നടരാജൻ അടക്കമുള്ള ജീവനക്കാരനോട് മര്യാദയ്ക്ക് ഇരിക്കണം എന്നും എംഎൽഎ പേരെടുത്ത് പറയുന്നു.

അതേസമയം മുൻ തഹസിൽദാർ ചുമതലയിൽ ഇരിക്കെ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് വീണ്ടും നിർമ്മാണം നടത്തിയത് പുതിയ തഹസിൽദാർ തടഞ്ഞതാണ് ഇപ്പോൾ ഉണ്ടായ വിഷയം എന്നാണ് പറയുന്നത്. എന്നാൽ ജനുവരി മാസം ആദ്യം നടന്ന ഫോൺ സംഭാഷണം അന്നുതന്നെ സ്പെഷ്യൽ തഹസിൽദാർ ജീവനക്കാരുടെ പെടുത്തുന്നതിനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നെങ്കിലും ഇപ്പോഴാണ് ഇത് പുറത്തുവരുന്നത്. ദേവികുളം സ്പെഷ്യൽ തഹസിൽദാർ ഓഫീസിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നവരാണെന്നും അവരുടെ പേരു വിവരങ്ങൾ അറിയിച്ചാൽ പുറത്താക്കുമോ എന്നും എംഎൽഎ ചോദിക്കുന്നുണ്ട്. തനിക്ക് പുറത്താക്കാൻ അനുമതി ഇല്ലെന്നും വിഷയങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ആയി സമർപ്പിക്കാം എന്നും തഹസിൽദാർ മറുപടി നൽകി. എന്നാൽ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി പരാതി ഉന്നയിക്കുമ്പോഴും വിജിലൻസിനോ പോലീസിനോ പരാതിപ്പെടാനോ പേരുകൾ വെളിപ്പെടുത്താനോ എംഎൽഎ തയ്യാറായിട്ടില്ല.

. വിഷയത്തിൽ വകുപ്പ് തലത്തിൽ ആലോചിച്ചതിന് ശേഷം പരാതിയുമായി മുന്നോട്ടുപോകാനാണ് തഹസിൽദാരുടെ തീരുമാനം. അതേസമയം മേഖലയിൽ ഭൂപ്രശ്നങ്ങളിൽ സങ്കീർണത വരുത്തുന്നത് ഉദ്യോഗസ്ഥരാണെന്നും പലരും കൈക്കൂലിക്കാരാണെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ പറഞ്ഞതെന്നുമാണ് എംഎൽഎ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here