
കൊച്ചി : സന്ധ്യയോട് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം: ‘ഇപ്പോൾ എങ്ങനെ ഉണ്ട്?’. നീറുന്ന മുറിവുകൾ സമ്മാനിച്ച മണ്ണിടിച്ചിലിന്റെ വേദനയെ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലിൽ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: ‘നടന്നു തുടങ്ങി’. പിന്നെ മമ്മൂട്ടി സന്ധ്യയുടെ കൈപിടിച്ചു.മമ്മൂട്ടി പറഞ്ഞു: ‘ഇനി വീടിന്റേയും സ്ഥലത്തിന്റേയും കാര്യമല്ലേ..അതും നടക്കും…ഉറപ്പ്..’ സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം.കഴിഞ്ഞവർഷം ഒക്ടോബർ 25ന് അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ് കാൽ നഷ്ടപ്പെട്ട സന്ധ്യയ്ക്ക് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ ഏർപ്പാടാക്കിയതും കൃത്രിമക്കാൽ വെക്കുന്നതിന് വേണ്ട സഹായം ചെയ്തതും മമ്മൂട്ടി ആയിരുന്നു. ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20ലക്ഷം രൂപയോളമാണ് വേണ്ടിവന്നത്. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയർ ആൻഡ് ഷെയറും രാജഗിരി ആശുപത്രിയും ചേർന്ന് പൂർണമായും സൗജന്യമായാണ് സന്ധ്യയ്ക്ക് ചികിത്സയും കൃത്രിമക്കാലും നല്കിയത്.കൃത്രിമക്കാൽ വെച്ചതിന് ശേഷം ആദ്യമായി ഡോക്ടറെ കാണാൻ രാജഗിരിയിൽ എത്തിയതായിരുന്നു സന്ധ്യ. മമ്മൂട്ടിയെ നേരിൽ കണ്ട് നന്ദി പറയണമെന്ന സന്ധ്യയുടെ ആഗ്രഹം രാജഗിരി ആശുപത്രി അധികൃതരാണ് കെയർ ആൻഡ് ഷെയർ ഭാരവാഹികളെ അറിയിച്ചത്. ഷൂട്ടിങ് ആവശ്യത്തിന് കൊച്ചിയിൽ ആയിരുന്ന മമ്മൂട്ടി തിരക്കുകൾ മാറ്റിവെച്ച് സന്ധ്യയെ കാണാനെത്തി. സാരിയും, ചെടിയും സമ്മാനിച്ചാണ് സന്ധ്യയെ യാത്രയാക്കിയത്. മണ്ണിടിച്ചിൽ സർവ്വവും നഷ്ടമായ സന്ധ്യക്ക് സ്ഥലവും വീടും നല്കുന്നതിനുള്ള നടപടികൾ ഉടൻ ഉണ്ടാവുമെന്നും ഉറപ്പുനല്കി. രാജഗിരി ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.ജിജി കുരുട്ടുകുളം, ഹെൽത്ത് കെയർ വൈസ് പ്രസിഡന്റ് ജോസ് പോൾ, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർമാരായ ജോർജ് സെബാസ്റ്റ്യൻ, റോബർട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരൻ സന്ദീപ് എന്നിവരും ആശുപത്രിയിൽ എത്തി.




