
മൂന്നാർ : മൂന്നാറിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് തെരുവ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റു.
ഞായറാഴ്ച പകൽ 11 മണിയോടുകൂടിയാണ് മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളിലും ഭീതി പടർത്തി തെരുവുനായ ആക്രമണം ഉണ്ടായത്. മൂന്നാർ സന്ദർശനത്തിനെത്തിയ തമിഴ്നാട് സ്വദേശികൾ, എറണാകുളം സ്വദേശികൾ, മൂന്നാറിലെ വ്യാപാരികൾ, പ്രദേശവാസികൾ എന്നിവർക്കാണ് കടിയേറ്റത്.
പരിക്കേറ്റവർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മൂന്നാർ സ്വദേശി ശക്തിവേൽ (42), ദേവികുളം സ്വദേശികളായ സെൽവമാതാ (51), ബാബു (34), സിന്ധു (51), പ്രിയ ജോബി (45), ചെന്നൈ സ്വദേശി ത്യാഗരാജൻ (36), ബൈസൺ വാലി സ്വദേശി സ്കറിയ (68), അർച്ചന (13), പാലക്കാട് സ്വദേശി വിനീത് (46), പറവൂർ സ്വദേശിനി അഞ്ചു (32), പെരിയവാര സ്വദേശി കറുപ്പ് സ്വാമി (36), ചങ്ങനാശ്ശേരി സ്വദേശി റൈഹാൻ ഷമീർ (17) എന്നിവരാണ് പരിക്കുകളോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
മൂന്നാർ ടൗണിലും പരിസരപ്രദേശങ്ങളായ പെരിയാവാര സ്റ്റാൻഡ്, മൂന്നാർ കോളനി, രാജമല ഉൾപ്പെടെ തെരുവുനായ ആക്രമണം നടന്നതായി പരിക്കേറ്റവർ പറയുന്നു.

മൂന്നാർ ടൗണിൽ ഉൾപ്പെടെ തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതി ഉയർന്നിട്ട് നാളുകൾ ആണെങ്കിലും ഇതേപ്പറ്റി നടപടി സ്വീകരിക്കാൻ പഞ്ചായത്ത് അധികൃതരോ മറ്റു തയ്യാറായിട്ടില്ല. മൂന്നാറിലെ മാലിന്യ സംസ്കരണ രീതികൾ ശരിയല്ലാത്തതാണ് തെരുവുനായ ശല്യത്തിന് പ്രധാന കാരണം എന്ന് പ്രദേശവാസികൾ പറയുന്നു.
അതേസമയം നായയുടെ കടിയേറ്റ ശേഷം ചികിത്സയ്ക്കായി 30 കിലോമീറ്റർ സഞ്ചരിച്ച് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തേണ്ടി വന്നത് ദുരിതമാണെന്ന് സഞ്ചാരികൾ പറയുന്നു. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ അടിയന്തര ചികിത്സകൾ നൽകാൻ പോലും നല്ലൊരു ആശുപത്രിയില്ലാത്തത് പരിഹരിക്കാൻ സർക്കാരും ആരോഗ്യവകുപ്പും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.


