തൊടുപുഴ: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ പേവിഷ ചികിത്സയ്ക്ക് വിധേയമായവരുടെ എണ്ണം 2,525. ഒരു മാസം ശരാശരി 630 പേര്‍ക്കാണ് പേവിഷ ബാധയ്ക്ക് കാരണമായേക്കാവുന്ന മൃഗങ്ങളുടെ ആക്രമണം ഏല്‍ക്കേണ്ടി വന്നതായാണ് കണക്കുകള്‍. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയവരുടെ എണ്ണമാണിത്. സ്വകാര്യ ആശുപത്രികളിലെയും ജില്ലയ്ക്കു പുറത്തുള്ള ആശുപത്രികളിലെയും എണ്ണം കൂടി കണക്കാക്കിയാല്‍ സംഖ്യ ഇരട്ടിയായേക്കും. ഈ വര്‍ഷം പേവിഷ ബാധയേറ്റുള്ള മരണം ഒന്നും ഇതുവരെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.

എല്ലാം സജ്ജമെന്ന് ആരോഗ്യവകുപ്പധികൃതര്‍

ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആന്റി റാബീസ് വാക്‌സിന്‍ ലഭ്യമാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. എല്ലാ ജില്ലാ, താലൂക്ക് ആശുപത്രികളിലും ഇമ്യൂണോ ഗ്ലോബുലിന്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഡോക്ടര്‍ നിര്‍ദേശിക്കുന്ന ഇടവേളകളില്‍ കൃത്യമായി വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ ഫലം കിട്ടുകയുള്ളൂവെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

പേ സംശയിക്കുന്നതോ അല്ലാത്തതോ ആയ നായ മുറിവു പറ്റാത്ത രീതിയില്‍ തൊടുകയോ നക്കുകയോ ചെയ്യുകയാണെങ്കില്‍ വാക്‌സിനേഷന്‍ ആവശ്യമില്ല. കടിയേറ്റാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച്  കുറഞ്ഞത് 15 മിനിറ്റ് കഴുകണം. നായ തൊലിപ്പുറത്ത് മാന്തുകയോ രക്തസ്രാവം വരാത്ത തരത്തില്‍ കടിക്കുകയോ ചെയ്താല്‍ പ്രതിരോധ വാക്‌സീന്‍ എടുക്കണം. ആഴത്തില്‍ കടിക്കുക, ഒന്നിലധികം ഭാഗങ്ങളില്‍ കടിക്കുക, തൊലി പോയ ഇടത്ത് നക്കുക തുടങ്ങിയവ ഏറെ അപകടമാണ്. ഇത്തരം സാഹചര്യങ്ങളില്‍ എത്രയും പെട്ടെന്നു പ്രതിരോധ വാക്‌സീന്‍ ആരംഭിക്കണം. പുറമേ ആന്റി റാബീസ് ഇമ്യൂണോ ഗ്ലോബുലിനും എടുക്കണം. ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിക്കില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ എടുക്കാം. ആന്റിബോഡി നിര്‍മിക്കുന്നത് തടയുമെന്നതിനാല്‍ ഒരു കാരണവശാലും വാക്‌സീന്‍ എടുക്കുന്ന കാലയളവില്‍ മദ്യപിക്കരുത്. പനി, മുറിവ് ഉണങ്ങാതിരിക്കുക തുടങ്ങിയ അവസ്ഥകളില്‍ ഡോക്ടറുടെ സഹായം തേടണം.

നിയമം കര്‍ക്കശം

സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് കുട്ടികള്‍ക്കുള്‍പ്പെടെ ജീവന്‍ നഷ്ടപ്പെടുമ്പോഴും തെരുവു നായകളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയാണ്. ഇത് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും നിലവില്‍ ഇടുക്കി ജില്ലയിലില്ല. നഗരമധ്യത്തില്‍ പോലും പകലും രാത്രിയുമെന്നില്ലാതെ നായ്ക്കൂട്ടം വിലസുന്നത് പതിവു കാഴ്ചയാണ്. ജില്ലയില്‍ 3268 തെരുവുനായകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണക്കില്‍ പെടാത്ത നായകളും കണ്ടേക്കാം. സ്ഥിതി ഇതായിരിക്കുമ്പോഴും തെരുവ് നായ്ക്കളെ കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. അംഗഭംഗം വരുത്തുക, വിഷം വയ്ക്കുക, മൃതപ്രായരാക്കുക എന്നിവയെല്ലാം കുറ്റമാണ്. വിവിധ വകുപ്പുകള്‍ പ്രകാരം പരമാവധി 5 വര്‍ഷം വരെ തടവോ, പിഴയോ രണ്ടും കൂടിയോ ലഭിക്കും. 1960 ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമ പ്രകാരവും ശിക്ഷാ നടപടികള്‍ സ്വീകരിക്കാം. സ്വയരക്ഷയ്ക്കു വേണ്ടി ആക്രമിക്കാന്‍ വന്ന നായയെ കൊന്നുവെന്നതിനു തെളിവുണ്ടെങ്കില്‍ മാത്രം ശിക്ഷാ നടപടികളില്‍ ഇളവു നേടാം.

നഷ്ടപരിഹാരം

തെരുവുനായ്ക്കളുടെ ആക്രമണം മൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി സുപ്രീം കോടതി നിര്‍ദേശ പ്രകാരം ജസ്റ്റിസ് സിരിജഗന്‍ അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചെങ്കിലും നിലവില്‍ പ്രവര്‍ത്തനം തീര്‍ത്തും മന്ദഗതിയിലാണ്. തെരുവുനായ ആക്രമണത്തിന് ഇരയായ വ്യക്തി എല്ലാ കാര്യങ്ങളും വ്യക്തമായി വെള്ളക്കടലാസില്‍ എഴുതി അപേക്ഷ സമര്‍പ്പിക്കണം. ചികിത്സ നടത്തിയ ആശുപത്രിയിലെ ബില്ലുകള്‍, ഒപി ടിക്കറ്റ്, മരുന്നുകളുടെ ബില്‍, വാഹനത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ ചെലവായ സംഖ്യയുടെ ബില്‍ തുടങ്ങിയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. സമിതി നിര്‍ദേശിക്കുന്ന നഷ്ടപരിഹാര തുക പരാതിക്കാരന്‍ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമാണു നല്‍കുന്നത്. പരാതി നല്‍കി തീര്‍പ്പാകാന്‍ കാത്തിരിക്കുന്ന ഒട്ടേറെപ്പേര്‍ ഉണ്ടെന്നുള്ളതാണ് വസ്തുത. പരാതി അയക്കേണ്ട വിലാസം: ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി, കൊച്ചി കോര്‍പറേഷന്‍ ബില്‍ഡിങ്, പരമാര റോഡ്, കൊച്ചി.

ഷെല്‍ട്ടര്‍ നിര്‍മ്മാണം പ്രഖ്യാപനത്തിലൊതുങ്ങി

തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിര്‍മിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ജലരേഖയായി. ജില്ലാ ആസ്ഥാനത്ത് ജില്ലാ പഞ്ചായത്ത് നിര്‍മിക്കുന്ന എ.ബി.സി സെന്ററിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയായത് മാത്രമാണ് ഈ വിഷയത്തില്‍ ജില്ലയില്‍ ആകെയുണ്ടായ നടപടി. പ്രധാന വിനോദസഞ്ചാര മേഖലകളായ മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, പള്ളിവാസല്‍, ദേവികുളം, കുമളി പഞ്ചായത്തുകളില്‍ തെരുവുനായ്ക്കളുടെ ശല്യം അതിരൂക്ഷമായി തുടരുകയാണ്. ജനവാസ മേഖലകളായ മൂന്നാര്‍, ദേവികുളം പഞ്ചായത്തുകളിലെ വിവിധ നഗറുകള്‍, നല്ലതണ്ണി സ്‌കൂള്‍, മൂന്നാര്‍ ടൗണ്‍, പഴയ മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ് ശല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മറയൂര്‍ ടൗണ്‍ മുതല്‍ കാന്തല്ലൂര്‍ വരെയും ഗ്രാമങ്ങളിലും അലഞ്ഞു തിരിയുന്നത് നൂറുകണക്കിന് നായകളാണ്. ഇവയുടെ ആക്രമണത്തില്‍ ഒട്ടേറെ ആളുകള്‍ക്കും വളര്‍ത്ത് മൃഗങ്ങള്‍ക്കും പരിക്കേറ്റിട്ടുമുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here