തൊടുപുഴ: തുടര്‍ച്ചയായി ഉല്‍പ്പാദനവും വിതരണവും ഇരട്ടിയാക്കി സംസ്ഥാന സര്‍ക്കാരിന്റെ കുപ്പിവെള്ള കമ്പനിയായ ഹില്ലി അക്വ. 11.4 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിയുടെ വിറ്റുവരവ്. തൊടുപുഴ മലങ്കര, തിരുവനന്തപുരം അരുവിക്കര എന്നിവിടങ്ങളിലെ പ്ലാന്റുകളിലാണ് ഉല്‍പ്പാദനം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.75 കോടി ആയിരുന്ന വിറ്റുവരവാണ് ഇക്കുറി 30 ശതമാനത്തോളം വര്‍ധനവ് നേടിയതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം വരെ ഒന്ന്, രണ്ട്, അര ലിറ്റര്‍ കുപ്പികളായിരുന്നെങ്കില്‍ ഈ വര്‍ഷം 20, അഞ്ച് ലിറ്റര്‍ ജാറുകളിലും ഉല്‍പ്പാദനമുണ്ടായിരുന്നു.

മികച്ച പ്രകടനവുമായി സുജലം പദ്ധതി

റേഷന്‍ കടകള്‍ വഴി 10 രൂപയ്ക്ക് കുപ്പിവെള്ളം നല്‍കുന്ന സുജലം പദ്ധതി കമ്പനിയുടെ വിറ്റുവരവ് വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതല്‍. എന്നാല്‍ ചില ജില്ലകളില്‍ ഡീലര്‍മാരെ കിട്ടാത്ത സാഹചര്യവുമുണ്ട്. പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുള്ള റെയില്‍വേ സ്റ്റേഷനുകളിലേക്കും ഹില്ലി അക്വ എത്തുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കാക്കനാട്, വിയ്യൂര്‍, ചീമേനി തുടങ്ങിയ ജയിലുകളിലും ഹില്ലി അക്വയുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥലങ്ങളിലേക്കും ഹില്ലി അക്വ വെള്ളമെത്തുന്നത് മലങ്കരയില്‍ നിന്നാണ്. അണക്കെട്ടില്‍ നിന്ന് വെള്ളം ശേഖരിച്ച് മനുഷ്യസ്പര്‍ശം ഏല്‍ക്കാതെ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിച്ചാണ് വിപണിയിലെത്തുന്നത്. ജലസേചന വകുപ്പിന് കീഴിലുള്ള കമ്പനി മറ്റ് കുപ്പിവെള്ളങ്ങളേക്കാള്‍ അഞ്ചുരൂപ കുറച്ച് 15 രൂപയ്ക്കാണ് വില്‍പ്പന. തൊടുപുഴയില്‍ 52,800ഉം അരുവിക്കരയില്‍ 36,000ഉം ലിറ്ററാണ് പ്രതിദിന ഉല്‍പാദനം.

കോഴിക്കോടും ആലുവയിലും

കോഴിക്കോടും ആലുവയിലും ഹില്ലി അക്വ പ്ലാന്റുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ആലുവയില്‍ ഇറിഗേഷന്‍ വകുപ്പ് ഓഫീസിനോട് ചേര്‍ന്നാകും പ്ലാന്റ്. ഇതിനുള്ള ടെന്‍ഡര്‍ നടപടികളായി. അഞ്ച് മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ. കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ നേരത്തെ സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും ചെലവ് ഏറുമെന്നതിനാല്‍ മറ്റൊരിടം കണ്ടെത്തേണ്ടതുണ്ട്. കുറ്റ്യാടി അണക്കെട്ടില്‍ നിന്നാകും വെള്ളമെടുക്കുക. തൊടുപുഴയില്‍ ഒരു ലൈനില്‍ ആയിരുന്ന ഉല്‍പ്പാദനം രണ്ടാക്കും. അരുവിക്കരയിലും ഉല്‍പ്പാദനം ഇരട്ടിയാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹില്ലി അക്വ കുപ്പിവെള്ളം വിദേശത്തേക്ക് കയറ്റിയയ്ക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ് ശേഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here