
തൊടുപുഴ: വിളവെടുപ്പിന്റേയും സമൃദ്ധിയുടേയും കാര്‍ഷികോത്സവമായ വിഷു ഇന്ന് ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. ഇതിനായി വിഷുക്കണിയൊരുക്കിയും പപ്പടവും പഴവും പായസവുമുള്‍പ്പെടെ സദ്യവട്ടത്തിനുള്ള തയ്യാറെടുപ്പും പൂര്‍ത്തിയാക്കി കമ്പിത്തിരിയും പൂത്തിരിയും വിഷു കോടിയായി പുതുവസ്ത്രങ്ങളുമൊക്കെ വാങ്ങി മലയോര ജനതയും തയ്യാറെടുത്തിരുന്നു. തൊടികളിലും പാതയോരത്തും കൊന്നപ്പൂക്കള്‍ വിരിയിച്ച് വിഷുവിനെ വരവേല്‍ക്കാന്‍ പ്രകൃതി നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. വിഷുക്കണി ഒരുക്കുന്നതിലെ പ്രധാന ഇനമാണ് കൊന്നപ്പൂക്കള്‍. ഇതിനു പുറമെ ഐശ്വര്യദായക വസ്തുക്കളാണ് കണികാണാനായി ഓട്ടുരുളിയില്‍ വയ്ക്കുന്നത്. കൃഷ്ണ വിഗ്രഹവും കണി വെള്ളരിയും കൊന്നപ്പൂക്കളും നവധാന്യങ്ങളും ഒരുക്കും. ഉരുളിയില്‍ ചക്ക, മാമ്പഴം, വാല്‍ക്കണ്ണാടി തുടങ്ങി പലതരം സാധനങ്ങള്‍ ഒരുക്കുന്നവരുണ്ട്. എല്ലാ കാര്‍ഷിക വിഭവങ്ങളുമൊരുക്കി നിലവിളക്കിന്റെ പ്രഭയില്‍ കണി കാണുമ്പോള്‍ വരാന്‍ പോകുന്ന ഒരു വര്‍ഷത്തെ ഐശ്വര്യമാണു ഫലമെന്നാണു വിശ്വാസം. ഐശ്വര്യത്തിന്റെ പ്രതീകമായ കൈനീട്ടം കൈമാറലും പ്രധാന ചടങ്ങാണ്.
സദ്യവട്ടം മുതല്‍ പടക്കങ്ങള്‍ വാങ്ങാന്‍വരെ തിരക്ക്
വിഷുവിന്റെ മുന്നൊരുക്കളുടെ ഭാഗമായി ഇന്നലെ രാവിലെ മുതല്‍ തന്നെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പുലര്‍ച്ചെ കണ്‍ നിറയെ കണി കാണുന്നതിനായുള്ള വിഷുക്കണിയൊരുക്കാനും പപ്പടവും പഴവും പായസവുമുള്‍പ്പെടെയുള്ള സദ്യവട്ടം തയാറാക്കാനും ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കുടുംബസമേതമാണ് ജനങ്ങള്‍ ടൗണുകളിലെത്തിയത്. വിഷുക്കോടിയെടുക്കുന്നതിനും മറ്റുമായി തുണിക്കടകളിലും വലിയ തോതില്‍ തിരക്കനുഭവപ്പെട്ടു. പഴങ്ങളുടെയും പച്ചക്കറിയുടെയും പടക്കങ്ങളുടെയും താത്കാലിക കടകളും ടൗണുകളില്‍ സജീവമായിരുന്നു. കണിക്കൊന്ന പൂക്കള്‍ വില്‍പനയ്ക്ക് എത്തിച്ച് കച്ചവടക്കാരും നഗരത്തില്‍ സജീവ സാന്നിധ്യമായി. കൊന്നപ്പൂ ഒരു പിടിയ്ക്ക് 50 രൂപ വരെയായിരുന്നു വില. യുവാക്കളും കുട്ടികളുമായിരുന്നു പ്രധാനമായും കൊന്നപ്പൂക്കളുടെ വില്‍പ്പനക്കാര്‍. പല പാതയോരങ്ങളിലും കൊന്നപ്പൂക്കള്‍ വില്‍ക്കുന്ന കുട്ടികളെയും യുവാക്കളെയും കാണാമായിരുന്നു. ചെറുതും വലുതുമായ നിരവധി താത്ക്കാലിക പടക്ക കടകളാണ് നഗരത്തിന്റെ മുക്കിലും മൂലയിലും നിരന്നത്. ശബ്ദം കൂടുതലുള്ള പടക്കം പൊട്ടിയ്ക്കുന്നതിന് നിയന്ത്രണമുള്ളതുകൊണ്ട് വര്‍ണാഭമായ ചൈനീസ് പടക്കങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നത്. വിഷുദിനമായ ഇന്നും പടക്ക വിപണി സജീവമായിരിക്കും. അതേ സമയം പൊട്ടിത്തെറിക്കും വിധത്തിലുള്ള പടക്കങ്ങള്‍ക്ക് നിരോധനമുണ്ടെന്ന് കാട്ടി തൊടുപുഴ നഗരത്തിലെ ചിലയിടങ്ങളില്‍ നിന്നും പോലീസെത്തി പടക്കങ്ങള്‍ പിടിച്ചെടുത്തു. ഇത് കച്ചവടക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനുമിടയാക്കി.

വിലക്കയറ്റം ബാധിച്ചില്ല
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വിലക്കയറ്റം കാര്യമായി ബാധിച്ചില്ലായെന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമായി. വിഷു പ്രമാണിച്ച് കണി വെള്ളരിയ്ക്ക് നേരിയ തോതില്‍ വില കൂട്ടിയാണ് കട്ടവടക്കാര്‍ വില്‍പ്പന നടത്തിയത്. എന്നാല്‍ മറ്റ് പച്ചക്കറി ഉത്പ്പന്നങ്ങള്‍ക്ക് കാര്യമായ വില വര്‍ധനയുണ്ടായില്ല. എങ്കിലും വിഷുക്കച്ചവടം ഇത്തവണ കാര്യമായി ലഭിച്ചില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു. എല്ലാ വ്യാപാരാ മേഖലയിലും ഇതു പ്രകടമായിരുന്നു. വിഷു വിപണി ലക്ഷ്യമിട്ടെത്തിയ ഉപഭോക്താക്കളുടെ തിരക്കുണ്ടായിരുന്നെങ്കിലും പതിവ് ഗതാഗത സ്തംഭനം പ്രധാന ടൗണുകളിലുണ്ടായില്ല. ഇന്നലെ ഞായറാഴ്ച ആയതിനാല്‍ പൊതുവെ നഗരത്തില്‍ കാര്യമായ തോതില്‍ വാഹനത്തിരക്ക് അനുഭവപ്പെട്ടില്ല. തൊടുപുഴയിലും കട്ടപ്പനയിലും വൈകുന്നേരത്തോടെ ചെറിയ തോതില്‍ ഗതാഗത സ്തംഭനമുണ്ടായി. തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രധാന ടൗണുകളിലെല്ലാം പോലീസിനെ വിന്യസിച്ചിരുന്നു.




