
തൊടുപുഴ: തികച്ചും അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ഒരു വിഭാഗം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചുവിനെതിരായ യു.ഡി.എഫ് അവിശ്വാസം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. എട്ട് ബി.ജെ.പി കൗണ്‍സിലര്‍മാരില്‍ നാല് പേര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചു വോട്ട് ചെയ്തതാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമാകാന്‍ ഇടയാക്കിയത്. ഇന്നലെ രാവിലെ 11.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുത്തത്. 35 അംഗ കൗണ്‍സിലില്‍ അയോഗ്യനായ ഒരാളൊഴിച്ച് 34 അംഗങ്ങളും ഹാജരായിരുന്നു. ആദ്യം യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം യോഗത്തില്‍ അദ്ധ്യക്ഷ വായിച്ചു.

തുടര്‍ന്ന് രണ്ട് മണിക്കൂറിലേറെ വിവിധ കക്ഷി നേതാക്കളും കൗണ്‍സിലര്‍മാരും വിഷയത്തില്‍ ചര്‍ച്ച നടത്തിയ ശേഷം വോട്ടെടുപ്പിലേക്ക് നീങ്ങി. ഈ സമയം ബി.ജെ.പിയുടെ എട്ട് പേരില്‍ മൂന്നംഗങ്ങള്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമുള്ള വിപ്പിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ തീരുമാനം അറിയിച്ച ശേഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പി.ജി. രാജശേഖരന്‍, ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപന്‍ എന്നിവരാണ് വിട്ടു നിന്നത്. ബാക്കിയുള്ള അഞ്ച് പേരില്‍ നാല് പേര്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.എസ്. രാജന്‍, ജിഷാ ബിനു, ജിതേഷ് ഇഞ്ചക്കാട്ട്, കവിതാ വേണു എന്നിവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് യു.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചത്. കൗണ്‍സിലര്‍ ബിന്ദു പത്മകുമാര്‍ കൗണ്‍സില്‍ ഹാളില്‍ തുടര്‍ന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. എല്‍.ഡി.എഫിലെ 12 അംഗങ്ങള്‍ അവിശ്വാസത്തെ എതിര്‍ത്തും യു.ഡി.എഫിലെ 14 അംഗങ്ങള്‍ പിന്തുണച്ചും വോട്ട് ചെയ്തു. ഇതോടെയൊണ് 12 നെതിരെ 18 വോട്ടുകള്‍ക്ക് അവിശ്വാസം പാസായത്.
വിപ്പ് ലംഘിച്ചവരെ ബി.ജെ.പിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
തൊടുപുഴ നഗരസഭയില്‍ ബിജെപി വിപ്പ് ലംഘിച്ച് വോട്ട് ചെയ്ത നാല് കൗണ്‍സിലര്‍മാരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ടി.എസ് രാജന്‍, ജിതേഷ്.സി, ജിഷ ബിനു, കവിത വേണു എന്നിവര്‍ക്കെതിരെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നടപടി.