
തൊടുപുഴ: ഇതു നിറങ്ങള്‍ വാരിവിതറും ആഘോഷം, സര്‍ഗാനുഭവങ്ങളുടെ മഴവില്‍ക്കാലം, തുല്യനീതിയുടെ, ചേര്‍ത്തുവയ്ക്കലിന്റെ, സമഭാവനയുടെ ഒത്തു ചേരല്‍… എംജി സര്‍വകലാശാലയുടെ കലാപൂരം ദസ്തക്ക് കൊടിയേറിയതു മുതല്‍ പെരുമ്പിള്ളിറ ഗ്രാമം ആവേശത്തിലാണ്. രാവു പകലാക്കി മത്സരങ്ങള്‍ പൊടിപൊടിക്കുന്നു. രാവു പകലാക്കി പൊളി വൈബുമായി യങ്‌സ്‌റ്റേഴ്‌സ് കലോത്സവം നടക്കുന്ന അല്‍ അസ്ഹര്‍ ഗ്രൂപ്പിന്റെ ക്യാമ്പസില്‍ പാറി നടക്കുന്നു. എണ്ണക്കൂടുതല്‍ കൊണ്ടു ചില മത്സരങ്ങള്‍ പുലരും വരെ നീളുന്നു.

പത്തു പേര്‍ വീതമുളള €സ്റ്ററുകളിലായിയ 80-90 മത്സരാര്‍ഥികള്‍ ഒരു ഇനത്തില്‍ മാത്രം മത്സരിക്കാനുണ്ട്. മത്സരങ്ങള്‍ മണിക്കൂറുകളോളം നീളുന്ന ട്രെന്‍ഡാണ് ഇത്തവണയും തുടരുന്നത്. ഇതിനിടയില്‍ സൗഹൃദങ്ങളുടെ കൂട്ടങ്ങളും പ്രോത്സാഹനങ്ങളുടെ ആരവങ്ങളും എല്ലാം ഇടകലര്‍ന്നുയരും. പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ എല്ലാ വേദികളിലും പകല്‍ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ മാത്രം നിറയുന്ന കാഴ്ചകള്‍ക്കു സായാഹ്നങ്ങളില്‍ മാറ്റം വരുന്നു. സദസില്‍ പ്രായഭേദമെന്യേ കലാസ്‌നേഹികള്‍ എത്തുന്നു.
പൊളളുന്ന വെയിലല്ലേ…. വെയിലേറ്റു വാടല്ലേ…..
തൊടുപുഴ: കലോത്സവ വേദികളിലെ പ്രകടനങ്ങള്‍ മാത്രമല്ല മത്സരാര്‍ത്ഥികളെയും കാണികളെയും ഒരേ പോലെ തീ പിടിപ്പിച്ച് അന്തരീക്ഷ താപനില. വേദികളിലെല്ലാം തന്നെ ആവേശം വിതറും മത്സരങ്ങളാണ് നടന്നത്. എല്ലാം കാണാന്‍ എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ അതി വിശാലമായ അല്‍ അസ്ഹര്‍ കാമ്പസിലെ വിവിധ വേദികളിലേക്കുള്ള യാത്ര എല്ലാവരെയും ബുദ്ധിമുട്ടിച്ചു. രാവിലെ 10 മുതല്‍ തന്നെ വെയില്‍ ശക്തമായി തുടങ്ങിയിരുന്നു. ഉച്ചയോടെ വെയിലിന്റെ ചൂടേറ്റ് പലരും തളര്‍ന്നു. ഈ സമയം താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.

മത്സരാര്‍ഥികള്‍ ഗ്രീന്‍ റൂമുകളില്‍ നിന്നും മേക്കപ്പിട്ട് ഇനങ്ങള്‍ക്കൊത്ത വസ്ത്രവും ധരിച്ച് ഒരുങ്ങി പുറത്തിറങ്ങി കുടയും ചൂടിയാണ് വേദികളിലേക്ക് പോയത്. കാണികളുള്‍പ്പെടെ പലരും ദാഹമകറ്റാന്‍ തുടര്‍ച്ചയായി കുടിവെള്ളത്തെ ആശ്രയിച്ചു. കാണികളായെത്തിയ രക്ഷിതാക്കള്‍ ഉള്‍പ്പെടെ മുതിര്‍ന്നവരില്‍ പലരും കുപ്പിവെള്ളവും കയ്യില്‍ കരുതിയാണ് വന്നത്. കാമ്പസിനുള്ളില്‍ വിവിധയിടങ്ങളിലായി സജ്ജീകരിച്ചിരുന്ന ശീതളപാനീയ കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കൂട്ടമായെത്തിയ പലരും എസ്‌ക്രീമും ജ്യൂസുമൊക്കെ വാങ്ങി കാമ്പസിലെ മരത്തണലിലും മറ്റും അഭയം തേടി. വൈകിട്ട് നാലോടെ പെയ്ത മഴ ചൂടില്‍ നിന്നും ആശ്വാസം പകര്‍ന്നു.




