തൊടുപുഴ: ഒട്ടേറെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള തൊടുപുഴ നഗരസഭയില്‍, ഇത്തവണ എല്‍.ഡി.എഫ് ചെയര്‍പെഴ്‌സണെ യു.ഡി.എഫ് അവിശ്വാസത്തിലൂടെ പുറത്താക്കിയത് ഒരു വിഭാഗം ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെയാണ്. ബി.ജെ.പിയിലെ നാല് അംഗങ്ങള്‍ വിപ്പ് ലംഘിച്ച് യു.ഡി.എഫിനൊപ്പം വോട്ടു ചെയ്തതോടെയാണ് ചെയര്‍പേഴ്‌സണനെതിരായ അവിശ്വാസ പ്രമേയം 12നെതിരെ 18 വോട്ടുകള്‍ക്ക് പാസായത്. നഗരസഭയില്‍ ഭരണത്തിലെത്താനുള്ള നീക്കങ്ങള്‍ രണ്ടു തവണ പാളിപ്പോയതിനാല്‍ ഇത്തവണ എന്തു വില കൊടുത്തും ചെയര്‍പേഴ്‌സണ്‍ സബീന ബിഞ്ചുവിനെതിരേയുള്ള അവിശ്വാസം വിജയിപ്പിച്ച് എടുക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു യു.ഡി.എഫ് നേതൃത്വം. സി.പി.എം പ്രതിനിധിയായിരുന്നു സബീന ബിഞ്ചു. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പോടെ, ഏറെ നാളായി തൊടുപുഴ ബി.ജെ.പിയിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തുടരുന്ന ഭിന്നത യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ മറനീക്കി പുറത്ത് വരികയും ചെയ്തു. നാലര വര്‍ഷമായി തുടരുന്ന എല്‍.ഡി.എഫ് ഭരണത്തിന് താത്കാലിക വിരാമമായി. ഇനി നടക്കുന്ന ചെയമാന്‍ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ പോലെ പടലപ്പിണക്കങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ യു.ഡി.എഫിന് ഭരണം പിടിക്കാം. ഇനി ഒമ്പത് മാസത്തില്‍ താഴെ കാലാവധി മാത്രമാണ് അടുത്ത തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത്.

തുടക്കം മുതല്‍ ആകാംഷ

ഇന്നലെ രാവിലെ 11.30ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 35 അംഗ കൗണ്‍സിലില്‍ അയോഗ്യനായ ഒരാളൊഴിച്ച് 34 അംഗങ്ങളും ഹാജരായിരുന്നു. 18 അംഗങ്ങളുടെ വോട്ടാണ് അവിശ്വാസം പാസാക്കാന്‍ വേണ്ടിയിരുന്നത്. യു.ഡി.എഫിന് 14 അംഗങ്ങളുടെ പിന്തുണ മാത്രമാണുള്ളത്. ഇതോടെ ബി.ജെ.പി അംഗങ്ങള്‍ അവിശ്വാസത്തെ പിന്തുണയ്ക്കുമോയെന്നതായിരുന്നു ഏവരുടേയും ആകാംക്ഷ. അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കാനായിരുന്നു ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് എട്ട് പേര്‍ക്കും പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍ വിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ചില കൗണ്‍സിലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍ അഭിപ്രായമുണ്ടായിരുന്നു. പ്രാദേശികമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചെങ്കിലും അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.എസ്. രാജനും കവിതാ വേണുവും വിപ്പ് സ്വീകരിച്ചില്ല. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ വിപ്പ് പതിപ്പിച്ചതായി ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതറിഞ്ഞതോടെ യു.ഡി.എഫില്‍ പ്രതീക്ഷ വര്‍ദ്ധിച്ചു. എങ്കിലും യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുമോയെന്ന ആശങ്ക അന്തരീക്ഷത്തില്‍ നില നില്‍ക്കുന്നുണ്ടായിരുന്നു.

ബി.ജെ.പിയുടെ വോക്കൗട്ടും പിന്തുണയും

യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയം അദ്ധ്യക്ഷയായ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസ് കൗണ്‍സില്‍ യോഗത്തില്‍ വായിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ രണ്ട്  മണിക്കൂറിലേറെ വിവിധ കക്ഷി നേതാക്കളും ഏതാനും കൗണ്‍സിലര്‍മാരും സംസാരിച്ചു. ഇതിനിടെ ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ടി.എസ്. രാജന്‍ ചെയര്‍പേഴ്‌സന്റെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് യു.ഡി.എഫ് ക്യാമ്പിന് ഉണര്‍വായി. ഇതോടെ തങ്ങളുടെ പാര്‍ട്ടി നിര്‍ദ്ദേശവും വിപ്പും അനുനുസരിച്ച് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ് ബി.ജെ.പി കൗണ്‍സിലര്‍ പി.ജി. രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നംഗങ്ങള്‍ പുറത്തേക്കിറങ്ങി. പി.ജി. രാജശേഖരന് പിന്നാലെ ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപന്‍ എന്നിവരാണ് വിട്ടു നിന്നത്. ബാക്കിയുള്ള അഞ്ച് പേരില്‍ നാല് പേര്‍ അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്തു. ബി.ജെ.പി  പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.എസ്. രാജന്‍, ജിഷ ബിനു, ജിതേഷ് ഇഞ്ചക്കാട്ട്, കവിത വേണു എന്നിവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് യു.ഡി.എഫ് അവിശ്വാസത്തെ പിന്തുണച്ചത്. കൗണ്‍സിലര്‍ ബിന്ദു പത്മകുമാര്‍ കൗണ്‍സില്‍ ഹാളില്‍  തുടര്‍ന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. എല്‍.ഡി.എഫിലെ 12 അംഗങ്ങള്‍ അവിശ്വാസത്തെ എതിര്‍ത്തും യു.ഡി.എഫിലെ 14 അംഗങ്ങള്‍ പിന്തുണച്ചും വോട്ട് ചെയ്തു. ഇതോടെ 12 നെതിരെ 18 വോട്ടുകള്‍ക്ക് അവിശ്വാസം പാസായി. ഇതോടെ യു.ഡി.എഫ് ക്യാമ്പില്‍ ആഹ്ലാദം ഉയര്‍ന്നു.

അവസാനിച്ചത് നാലര വര്‍ഷത്തെ ഭരണം

2020ലെ തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത 35 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫ്- 13, യു.ഡി.എഫ്- 14, ബി.ജെ.പി- എട്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. അന്ന് നടന്ന വന്‍ അട്ടിമറിയിലൂടെ കോണ്‍ഗ്രസ് വിമതനെ ചെയര്‍പേഴ്‌സണും ലീഗില്‍ നിന്ന് കൂറുമാറിയെത്തിയ വനിതാ അംഗത്തെ വൈസ് ചെയര്‍പേഴ്‌സനുമാക്കി എല്‍.ഡി.എഫ് നഗരസഭാ ഭരണം പിടിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നഗരസഭാ അദ്ധ്യക്ഷനായ സനീഷ് ജോര്‍ജ്ജ് കൈക്കൂലിക്കേസില്‍ പ്രതിയായതോടെ രാജിവച്ചു. പിന്നീട് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ പടലപ്പിണക്കം കാരണം ലീഗ് എല്‍.ഡി.എഫിന് വോട്ട് ചെയ്തതോടെയാണ് ഏഴ് മാസം മുമ്പ് സി.പി.എമ്മിലെ സബീന ബിഞ്ചു ചെയര്‍പേഴ്‌സനാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here