കട്ടപ്പന: ഒരു പതിറ്റാണ്ടിലേറെയായി ഇടുക്കി പരുന്തുംപാറയില്‍ സര്‍ക്കാര്‍ ഭൂമി അടക്കം കൈയേറി നടത്തിയ അനധികൃത ഭൂമി ഇടപാടുകള്‍ പുറത്തു വന്നതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ ചേരിപ്പോര്. നിലവില്‍ വിവാദമായ ചങ്ങനാശേരി സ്വദേശി സജിത് ജോസഫിന്റേതടക്കം നിരവധി നിര്‍മാണങ്ങളാണ് പരുന്തുംപാറ മേഖലയില്‍ നടന്നു വരുന്നത്. മഞ്ചുല, പീരുമേട് വില്ലേജുകളുടെ പരിധിയില്‍ വരുന്ന ഭൂമിയിലാണ് കഴിഞ്ഞ 10 വര്‍ഷത്തോളമായി വ്യാപകമായ ഭൂമി കൈയേറ്റവും വന്‍കിട നിര്‍മാണങ്ങളും നടന്നു വരുന്നത്.


വില്ലേജ്, പഞ്ചായത്ത്, താലൂക്ക് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരില്‍ ചിലരും ഭരണ- പ്രതിപക്ഷ കക്ഷികളിലെ രാഷ്ര്ടീയക്കാരുമടങ്ങിയ റിയല്‍ എസ്‌റ്റേറ്റ് മാഫിയകളാണ് വര്‍ഷങ്ങളായി ഇവിടെ നടക്കുന്ന ഭൂമി ഇടപാടുകളുടെ പിമ്പില്‍. കൈയ്യേറ്റ വിവാദത്തിനു പിന്നാലെ ഇടുക്കി ജില്ലാ കലക്റ്റര്‍ വി. വിഘ്‌നേശ്വരി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.


ഇതിനിടെ സജിത് ജോസഫിന്റെ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് റിയല്‍ എസ്‌റ്റേറ്റ് മാഫിയകള്‍ തമ്മില്‍ തര്‍ക്കമുടലെടുക്കകയും ഇതിനെ ചൊല്ലിയുള്ള പോര് കൈയേറ്റ വിവരം പുറത്തു വരാന്‍ കാരണമാകുകയും ചെയ്‌തെന്നാണ് വിലയിരുത്തപ്പെടുന്നത്.
മൂന്ന് വര്‍ഷത്തോളമായി നടന്ന നിര്‍മാണത്തിന്റെ വിവരങ്ങള്‍ നിര്‍മാണം പൂര്‍ത്തിയായ ഘട്ടത്തില്‍ മാത്രമാണ് പുറം ലോകം അറിഞ്ഞത്. ഇക്കാലമത്രയും വിവരം പുറത്തു വരാതിരിക്കാന്‍ സംഘം നീക്കം നടത്തിയിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അറിയപ്പെടാതെ കിടന്നിരുന്ന പരുന്തുംപാറ പ്രദേശം വിവിധ പദ്ധതികളില്‍പെടുത്തി വിനോദ സഞ്ചാര കേന്ദ്രമാക്കിയതു മുതല്‍ ഈ മാഫിയകളുടെ ഇടപെടലുകളുണ്ട്. ഇതിനു മുമ്പേ പ്രദേശത്തെ തദ്ദേശീയരില്‍ നിന്നും ലോബികള്‍ ഭൂമി വാങ്ങി തുടങ്ങിയിരുന്നു.


നിലവില്‍ പ്രദേശത്ത് കൃഷിക്കായി പട്ടയം കിട്ടിയ പലര്‍ക്കും ഇപ്പോള്‍ കൈവശത്തിലിരിക്കുന്ന ഭൂമിയുടെ പേരിലല്ല പട്ടയം ലഭിച്ചിരിക്കുന്നത്. രേകഖളില്‍ കൃത്രിമം കാട്ടിയും വ്യാജ രേഖകള്‍ ചമച്ചും ഉദ്യോഗസ്ഥരും രാഷ്ര്ടീയ നേതൃത്വങ്ങളും അറിഞ്ഞു കൊണ്ട് വ്യാജ പട്ടയങ്ങള്‍ ചമച്ചുമാണ് ഭൂമി കൈവശപ്പെടുത്തിയത്.


തുടര്‍ന്ന് ഇത് വന്‍കിടക്കാര്‍ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. ഒരു സര്‍വേ നമ്പരില്‍ മാത്രം നൂറിലേറെ വ്യാജ പട്ടയങ്ങള്‍ ഉണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഉന്നത രാഷ്ര്ടീയ നേതാക്കള്‍ക്ക് വരെ പങ്കുള്ളതിനാല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണം ഏവിടെ വരെ നീളുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ക്കുണ്ട്.
നിലവില്‍ അന്വേഷണം മരവിപ്പിക്കാന്‍ സര്‍ക്കാരില്‍ വലിയ സമ്മര്‍ദമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കൈയേറ്റ ഭൂമിയിലെ സമരങ്ങള്‍ അനുനയിപ്പിക്കാനും ഉന്നത കേന്ദ്രങ്ങളില്‍ നിന്നും ഇടപെടലുകളുണ്ട്. വിവാദങ്ങള്‍ ഒഴിഞ്ഞാല്‍ മാധ്യമ ശ്രദ്ധ മാറുമെന്നും അന്വേഷണം മരവിപ്പിക്കാമെന്നുമാണ് ഇപ്പോഴും ഈ സംഘം കണക്കുകൂട്ടുന്നത്. അതേസമയം ഇന്നലെയും പ്രത്യേക സംഘം പ്രദേശത്ത് സര്‍വേ നടപടികള്‍ തുടര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here