തൊടുപുഴ: നഗരസഭ ചെയര്‍പേഴ്‌സനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ നല്‍കിയിട്ടുള്ള അവിശ്വാസപ്രമേയം 19ന് ചര്‍ച്ചയ്ക്ക് എടുക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചക്കായി 11.30ന്് മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം ചേരുമെന്ന് അരിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ തദ്ദേശസ്വയംഭരണ വകുപ്പ് ഇടുക്കി ജോയിന്റ് ഡയറക്ടര്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സനെതിരെ യു.ഡി.എഫിലെ 14 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇതേ തുടര്‍ന്നാണ് ജോയിന്റ് ഡയറക്ടര്‍ കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ സബീന ബിജുവിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം നിരാശാജനകമാണെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ നഗരസഭ ഏറെ പിന്നോക്കം പോകുന്ന അവസ്ഥയിലാണെന്നുമാണ് യു.ഡി.എഫ് അംഗങ്ങളുടെ ആരോപണം. 2024-25 വര്‍ഷത്തെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല, നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകള്‍ നന്നാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല, ആരാധനാലയങ്ങളില്‍ പ്രധാന ആഘോഷങ്ങള്‍ നടക്കുമ്പോള്‍ നഗരം ഇരുട്ടില്‍ ആക്കി എന്നിങ്ങനെയുള്ള വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസപ്രമേയം പാസാകാന്‍ 18 അംഗങ്ങളുടെ പിന്തുണ വേണം. ബിജെപി കൂടി പിന്തുണച്ചാല്‍ മാത്രമേ അവിശ്വാസപ്രമേയം അംഗീകരിക്കപ്പെടുകയുള്ളൂ.

പ്രതീക്ഷയില്‍ യു.ഡി.എഫ്

തൊടുപുഴ: നഗരസഭയില്‍ ഭരണത്തിലെത്താനുള്ള നീക്കങ്ങള്‍ രണ്ടു തവണ പാളിപ്പോയതിനാല്‍ ഇത്തവണ എന്തു വില കൊടുത്തും ചെയര്‍പേഴ്സണ്‍ സബീന ബിഞ്ചുവിനെതിരെ അവിശ്വാസം വിജയിപ്പിച്ച് ഭരണം പിടിക്കാനുള്ള  ശ്രമത്തില്‍ യു.ഡി.എഫ് നേതൃത്വം. കഴിഞ്ഞ തവണ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ഭരണം ഉറപ്പിച്ച യു.ഡി.എഫിനെ അവസാന നിമിഷത്തില്‍ അട്ടിമറിച്ച മുസ്ലീം ലീഗ് ഇത്തവണ ഒന്നിച്ചു നില്‍ക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ മുസ്ലീം ലീഗ് ഇത്തവണ ഒപ്പം നില്‍ക്കുമെന്നും ചെയര്‍പേഴ്സണെതിരെ അതൃപ്തിയുള്ള എല്‍.ഡി.എഫ്, ബിജെപി അംഗങ്ങളും അവിശ്വാസത്തെ അനുകൂലിക്കുമെന്നാണ് യു.ഡി.എഫ് ഘടക കക്ഷികളായ കോണ്‍ഗ്രസും, കേരള കോണ്‍ഗ്രസും കരുതുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഭരണത്തിലെത്താമെന്ന യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് തിരിച്ചടിയേറ്റു. ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച സനീഷ് ജോര്‍ജിനെയും മുസ്ലീം ലീഗ് സ്വതന്ത്ര  ജെസി ജോണിയെയും ഒപ്പം ചേര്‍ത്ത് എല്‍.ഡി.എഫ് ഭരണം പിടിച്ചെടുത്തു. സനീഷ് ജോര്‍ജ് ചെയര്‍മാനാകുകയും ചെയ്തു. പിന്നീട് ജെസി ജോണിയെ ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് സനീഷ് ജോര്‍ജ് കൈക്കൂലിക്കേസില്‍ ആരോപണ വിധേയനായതോടെ സ്ഥാനത്തു നിന്നും രാജി വയ്ക്കേണ്ടി വന്നു. എല്‍.ഡി.എഫ് തന്നെ ചെയര്‍മാനെതിരെ അവിശ്വാസം കൊണ്ടു വന്നെങ്കിലും ഇതു ചര്‍ച്ചയ്ക്കെടുക്കുന്നതിനു മുമ്പ് രാജി വയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് വന്ന ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ  തര്‍ക്കം മൂലം അരികെയെത്തിയ പദവി കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടു. ചെയര്‍മാന്‍ പദവി വീതം വയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ മുസ്ലീം ലീഗ് അംഗങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്ക് വോട്ടു ചെയ്തതോടെ സബീന ബിഞ്ചു ചെയര്‍പേഴ്സണാകുകയായിരുന്നു.

കണക്കിലും കണക്ക് കൂട്ടലിലുമാണ് എല്ലാം

നേരത്തെ 35 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫ് 15, യു.ഡി.എഫ് 12, ബി.ജെ.പി എട്ട് എന്നിങ്ങനെയായിരുന്നു നഗരസഭയിലെ കക്ഷിനില. എല്‍.ഡി.എഫിനെ പിന്തുണച്ചിരുന്ന 11-ാംവാര്‍ഡ് കൗണ്‍സില്‍ മാത്യു ജോസഫിനെയും ഒമ്പതാം വാര്‍ഡ് കൗണ്‍സിലറും മുന്‍ വൈസ് ചെയര്‍പേഴ്സനുമായിരുന്ന ജെസി ജോണിയെയും ഹൈക്കോടതി അയോഗ്യയാക്കിയിരുന്നു. ഇതോടെ രണ്ടു സീറ്റുകള്‍ കുറഞ്ഞ് എല്‍.ഡി.എഫ് 13 എന്ന നിലയിലെത്തി. എല്‍.ഡി.എഫ് പിന്തുണയോടെ ചെയര്‍മാനായ സനീഷ് ജോര്‍ജ് കൈക്കൂലിക്കേസില്‍ അകപ്പെട്ട് രാജിവയ്ക്കുകയും സ്വതന്ത്രനായെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ എല്‍.ഡി.എഫ് അംഗങ്ങള്‍ 12 ആയി. അതേസമയം ജെസി ജോണി അയോഗ്യയാക്കിയതിനെ തുടര്‍ന്ന് ഒമ്പതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുകയും ചെയ്തതോടെ യു.ഡി.എഫിന്റെ അംഗബലം 13 ആയി ഉയര്‍ന്നു. കഴിഞ്ഞ തവണ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലടക്കം യു.ഡി.എഫിനൊപ്പമായിരുന്നു സനീഷ് ജോര്‍ജ്. ഇത്തവണ അവിശ്വാസപ്രമേയത്തെ സനീഷ് ജോര്‍ജും പിന്തുണക്കുമെന്നാണ് സൂചന. ഇങ്ങനെ വന്നാല്‍ യു.ഡി.എഫിന്റെ അംഗബലം 14 ആയി ഉയരും.  കഴിഞ്ഞ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്ത സി.പി.എം സ്വതന്ത്രയുടെയും കഴിഞ്ഞ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫുമായി അകന്ന് നില്‍ക്കുന്ന രണ്ട് സ്വതന്ത്രന്മാരുടെയും പിന്തുണ യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം വഴിവിളക്കിനെ ചൊല്ലി  ബി.ജെ.പി നേതാക്കളും ചെയര്‍പേഴ്സണും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നു. അതിനാല്‍ ചില ബി.ജെ.പി അംഗങ്ങളും അവിശ്വാസത്തെ പിന്തുണയ്ക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. ഇത്തവണ കൂടി ഭരണം നേടിയെടുക്കാനായില്ലെങ്കില്‍ അത് നഗരസഭയിലെ യു.ഡി.എഫ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായും മാറും.

LEAVE A REPLY

Please enter your comment!
Please enter your name here